ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമം: പ്ലാറ്റ്‌ഫോമിൽ നിന്ന് ട്രാക്കിലേക്ക് വീണ യാത്രക്കാരന്റെ കാൽ അറ്റുപോയി

AI പ്രതീകാത്മക ചിത്രം / Gemini
ഒറ്റപ്പാലം: റെയിൽവേ സ്റ്റേഷനിൽ ഓടിത്തുടങ്ങിയ തീവണ്ടിയിൽ വലിഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ കാൽതെറ്റി വീണ് യാത്രക്കാരന് അപകടം. ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലൂടെ ട്രാക്കിലേക്ക് വീണ യാത്രക്കാരന്റെ വലതുകാൽ പൂർണ്ണമായും അറ്റുപോയി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഈസ്റ്റ് ഒറ്റപ്പാലം പൂളക്കുണ്ട് പുളിക്കൽ സ്വദേശി സിദ്ദിഖിന്റെ (52) വലതുകാൽ അറ്റുപോയി. ഇടതുകാലിനും മാരകമായി പരിക്കേറ്റിട്ടുണ്ട്.
വ്യാഴാഴ്ച വൈകിട്ടോടെ ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിലായിരുന്നു നടുക്കുന്ന സംഭവം. സ്റ്റേഷനിൽ നിന്ന് സിഗ്നൽ ലഭിച്ചതിനെത്തുടർന്ന് നീങ്ങിത്തുടങ്ങിയ ട്രെയിനിലേക്ക് സിദ്ദിഖ് ഓടിക്കയറാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ പിടിവിട്ട് പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയിലെ വിടവിലൂടെ ട്രാക്കിലേക്ക് വീഴുകയായിരുന്നു. ചക്രങ്ങൾ കയറിയിറങ്ങി വലതുകാൽ മുട്ടിന് താഴെവെച്ച് പൂർണ്ണമായും വേർപെട്ടു.
അപകടം നടന്നയുടൻ പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന യാത്രക്കാരും റെയിൽവേ സുരക്ഷാ വിഭാഗവും ചേർന്ന് ഇയാളെ പ്ലാറ്റ്‌ഫോമിലേക്ക് വലിച്ച് കയറ്റിയതിനാലാണ് ജീവൻ രക്ഷിക്കാനായത്. എന്നാൽ, ചോര വാർന്നൊഴുകുന്ന അവസ്ഥയിലായിരുന്ന, ഇയാളുടെ അറ്റുപോയ കാൽഭാഗം കണ്ടെത്താൻ വൈകി.
തുടർന്ന് ആർ പി എഫും റെയിൽവേ ജീവനക്കാരും ട്രാക്കിൽ നടത്തിയ ദീർഘനേരത്തെ തിരച്ചിലിനൊടുവിലാണ് മുറിഞ്ഞുപോയ കാൽഭാഗം കണ്ടെടുത്തത്. പ്രാഥമിക വിവരങ്ങൾ ലഭ്യമാകാതിരുന്നതിനാൽ ആദ്യം ഇയാളെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പൂളക്കുണ്ട് സ്വദേശിയാണെന്ന് വ്യക്തമായത്.










0 comments