അതിവേഗത്തിലെത്തിയ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം; ഡ്രൈവർ അറസ്റ്റിൽ

ന്യൂഡൽഹി: ജോലി കഴിഞ്ഞ് സുഹൃത്തിനൊപ്പം വീട്ടിലേക്ക് നടക്കുകയായിരുന്ന 45കാരൻ കാറിടിച്ച് മരിച്ചു. അതിവേഗത്തിലെത്തിയ കാറിടിക്കുകയായിരുന്നു. ഖ്യാല സ്വദേശി ഉദയ് കുമാർ എന്ന ഉദയ് മഹാതോയാണ് മരിച്ചത്. രാജൗരി ഗാർഡനിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു മരിച്ച ഉദയ്. സംഭവത്തിൽ വാഹനമോടിച്ച 25കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ഡൽഹിയിലെ രാജൗരി ഗാർഡനിലാണ് അപകടം.
ശനിയാഴ്ച ജോലി കഴിഞ്ഞ് സുഹൃത്ത് സുഭാഷ് കുമാറിനൊപ്പം റോഡരികിലൂടെ വീട്ടിലേക്ക് നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അതിവേഗത്തിലെത്തിയ സ്കോർപിയോ ഉദയിയെ ഇടിച്ചിട്ടശേഷം നിർത്താതെ പോയെന്നാണ് പൊലീസ് പറയുന്നത്. സുഭാഷ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ഗുരുതരമായി പരിക്കേറ്റ ഉദയിയെ സുഭാഷ് ഗുരു ഗോബിന്ദ് സിങ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആശുപത്രിയിൽനിന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ദൃക്സാക്ഷി നൽകിയ വാഹന നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഡ്രൈവറെ കണ്ടെത്തിയത്. നാരായണ വിഹാർ സ്വദേശി ദേവാൻഷ് കുമാറാണ് അറസ്റ്റിലായത്. അപകടത്തിൽപ്പെട്ട വാഹനവും പൊലീസ് പിടിച്ചെടുത്തു.
പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഉദയിയുടെ ഭാര്യയും രണ്ട് മക്കളും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ ഡ്രൈവർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.











0 comments