Deshabhimani

ഒമ്പതുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 70 വർഷം കഠിനതടവ്

JAIN POCSO
വെബ് ഡെസ്ക്

Published on Nov 21, 2026, 03:17 PM | 1 min read

വർക്കല: ഒമ്പതുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 70 വർഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും. ഒറ്റൂർ വില്ലേജിലെ ഞെക്കാട് ശ്രീനാരായണപുരം ജെ എസ് മന്ദിരത്തിൽ ജയന്റെ മകൻ ജയിനെയാണ് (28) വർക്കല അതിവേഗ പോക്സോ കോടതി ജഡ്ജി സിനി എസ് ആർ ശിക്ഷിച്ചത്.


കല്ലമ്പലം പൊലീസ് സ്റ്റേഷൻ പരിധിയിൽ കുട്ടി യുകെജിയിൽ പഠിക്കുന്ന കാലം മുതൽ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് കേസ്.


പോക്സോ നിയമത്തിലെ ആറാം വകുപ്പ് പ്രകാരം 50 വർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും 12-ാം വകുപ്പ് പ്രകാരം മൂന്നുവർഷം കഠിനതടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. ഐപിസി 377-ാം വകുപ്പ് പ്രകാരം പത്തുവർഷം കഠിനതടവും 50,000 രൂപ പിഴയും 450-ാം വകുപ്പ് പ്രകാരം ഏഴുവർഷം കഠിനതടവും 25,000 രൂപ പിഴയും വിധിച്ചു.


പിഴ അടച്ചില്ലെങ്കിൽ അധിക തടവ് അനുഭവിക്കണം. പിഴത്തുകയിൽനിന്ന് ഒരുലക്ഷം രൂപ അതിജീവിതനായ കുട്ടിക്ക് നഷ്ടപരിഹാരമായി നൽകാനും കോടതി ഉത്തരവിട്ടു. കൂടുതൽ നഷ്ടപരിഹാരം അനുവദിക്കുന്നതിന് തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്കും നിർദേശം നൽകി.


കല്ലമ്പലം എസ്ഐമാരായിരുന്ന വി സി വിനോദ്കുമാർ, എം രാജേഷ് എന്നിവർ രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർമാരായിരുന്ന അനൂപ് ആർ ചന്ദ്രൻ, ഐ ഫറോസ് എന്നിവർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു.


പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി ഹേമചന്ദ്രൻ നായർ ഹാജരായി. സിപിഒ പ്രിയ ജി വി പ്രോസിക്യൂഷനെ സഹായിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home