കടുവയ്ക്ക് പിറകെ നടന്നത് 53 ദിവസം, പൂർത്തിയാക്കിയത് ഏറ്റവും ദൈർഘ്യമേറിയ ദൗത്യം

മെയ് 15 നാണ് തോട്ടം തൊഴിലാളിയായ ചോക്കോട് കല്ലാമൂല പാലത്തിങ്ങൽ ഗഫൂര്‍ അലിയെ കടുവപിടിച്ചത്. പ്രദേശവാസികളെ മുഴുവൻ ഭീതിയിലാഴ്ത്തിയ ദാരുണ സംഭവം. അതിന് ശേഷം 53 ദിവസം നീണ്ട ദൗത്യത്തിന് ഒടുവിലാണ് ഞായറാഴ്ച കടുവ കുടുങ്ങിയത്. ഇതിനിടെ കടുവയെ പിടികൂടാൻ വെച്ച കൂട്ടിൽ പുലി കുടുങ്ങിയ സംഭവവും ഉണ്ടായി.
കാളികാവ് അടയ്ക്കാക്കുണ്ടിലെ കടുവാദൗത്യം വനംവകുപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ശ്രമകരവും നീണ്ടതുമായ ഒന്നായി. വയനാട്ടിൽ ഇതിന് മുൻപ് 44 ദിവസം നീണ്ട ഒരു ദൗത്യത്തിലൂടെ കടുവയെ കൂട്ടിലടച്ചതാണ് നേരത്തെയുള്ള റെക്കോഡ്.
വയനാട് ആര്‍ആര്‍ടിയിലെ 17 അംഗങ്ങളും നിലമ്പൂര്‍ നോര്‍ത്ത്, സൗത്ത് ഡിവിഷനിലെ ആര്‍ആര്‍ടി അംഗങ്ങളും വനപാലകരും ദൗത്യത്തിന്റെ ഭാഗമായി. 100 ക്യാമറകളും 16 ലൈവ് സ്ട്രീം ക്യാമറകളും ഉപയോഗിച്ചു. മുന്ന് വെറ്ററിനറി ഡോക്ടർമാരും സംഘത്തിന്റെ ഭാഗമായി.
അഞ്ച് കെണികൾ സ്ഥാപിച്ചു. കരുവാരക്കുണ്ട് പഞ്ചായത്തിലെ കേരള എസ്റ്റേറ്റ്, സുല്‍ത്താന എസ്റ്റേറ്റ് പ്രദേശങ്ങളിലായാണ് ആദ്യം പുലിയും പിന്നീട് കടുവയും പിടിയിലായത്.

മുഖാമുഖം നേരിട്ടത് രണ്ട് തവണ
കടുവയുടെ മുന്നിൽ പെട്ടപ്പോൾ മയക്കുവെടി സംഘം ഒപ്പമില്ലാത്തതിനാൽ മരത്തില്‍ക്കയറി രക്ഷപ്പെട്ടതും മറ്റൊരിക്കൽ കടുവ നേർക്ക് വന്നപ്പോൾ റബർ ബുള്ളറ്റ് പ്രയോഗിച്ചതുമായ അനുഭവങ്ങൾ തിരച്ചിൽ സംഘം നേരിട്ടു. അടയ്ക്കാക്കുണ്ട് ക്രസന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും വാടക വീട്ടിലുമായാണ് സംഘം ക്യാമ്പ് ചെയ്തത്.
സുല്‍ത്താന എസ്റ്റേറ്റിലാണ് അവസാനം കടുവ കൂട്ടിലായത്. പ്രായംചെന്ന് അവശനിലയിലായിരുന്നു. അരമണിക്കൂറിലേറെ കടുവ പുറ്റള ആദിവാസി നഗറില്‍ നിന്നു. അവശതമാറ്റിയ ശേഷമാണ് തോട്ടത്തിലേക്കു നടന്ന് കയറിയത്. പത്ത് വയസുള്ള പെൺ കടുവയാണ്.

സഹായത്തിനെത്തിയ ആനയും ഇടഞ്ഞു
മൂന്ന് കുങ്കിയാനകളെ തെരച്ചിലിനായി എത്തിച്ചിരുന്നു. വന്യമൃഗങ്ങളെ മെരുക്കുന്നതില്‍ പരിശീലനം നേടിയ കുഞ്ചു, കോന്നി സുരേന്ദ്രന്‍, സൂര്യന്‍ എന്നീ ആനകളെയാണ് എത്തിച്ചത്. ചെങ്കുത്തായ മലവാരമായതിനാല്‍ പക്ഷെ അവർക്ക് ടീമിന്റെ ഭാഗമായി നീങ്ങാൻ കഴിഞ്ഞില്ല. പിന്നീട് തിരിച്ചുകൊണ്ടുപോവുകയാണ് ഉണ്ടായത്.
ഇതിനിടെ ആനയും ആക്രമണം കാണിച്ചത് വെല്ലുവിളിയായി. ദൗത്യത്തിന് വയനാട് മുത്തങ്ങയില്‍നിന്ന് ആദ്യം എത്തിച്ച കുഞ്ചു എന്ന ആന ആളുകളെ കണ്ട് പ്രകോപിതനായി പാപ്പാനെ എടുത്തെറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ പാപ്പാന്‍ കൊല്ലം കൊട്ടാരക്കര സ്വദേശി ജെ. അഭയകൃഷ്ണൻ (ചന്തു) ആശുപത്രിയിലായി.
കൂട് ഒരുക്കുക, സഞ്ചാര പാത കണ്ടെത്തുക, പിന്തുടരുക എല്ലാം വെല്ലുവിളിയായിരുന്നു. കെണിയില്‍ കെട്ടിയ നാല് ആടുകളും ഒരു മുരിക്കൂട്ടിയും ചത്തു. രണ്ട് ആടുകളെ കടുവയും ഒന്നിനെ പുലിയും കൊന്നു.

53 മൂന്ന് ദിവസങ്ങൾക്ക് ശേഷം ടീം ലക്ഷ്യം കണ്ടു. ഒരു കടുവയുടെ ആവാസമേഖലയാണ് ഒഴിഞ്ഞത്. ഇങ്ങനെയുള്ള വനഭാഗങ്ങളിലേക്ക് പുതിയ കടുവ വന്നുകൂടാറുണ്ട് എന്ന ഭീതി ഇപ്പോഴുമുണ്ട്.
കടുവയ്ക്കായി തുടങ്ങിയ ദൗത്യം പെട്ടെന്ന് അവസാനിപ്പിക്കില്ല. കോമ്പിങ് തുടരുമെന്നാണ് നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ ജി ധനിക് ലാല്‍ പറഞ്ഞിരിക്കുന്നത്.









0 comments