വെട്ടിയ മരം ദേഹത്തേക്ക് വീണു; തൊഴിലാളിക്ക് ദാരുണാന്ത്യം

വരന്തരപ്പിള്ളി : ചിമ്മിനി ഡാമിൽ വൈദ്യുതി കമ്പിയിൽ വീണ മരം മുറിച്ചു നീക്കുന്നതിനിടെ മരത്തടി ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. എച്ചിപ്പാറ ചക്കുങ്ങൽ വീട്ടിൽ ഖാദർ (48) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11.15 ഓടെയായിരുന്നു അപകടം. മരം കമ്പിയിൽ വീണ് താഴ്ന്നതോടെ മേശയിൽ കയറി നിന്ന് മുറിച്ചുമാറ്റിയ ശേഷം ഇറങ്ങുന്നതിനിടെ കമ്പിയിൽ കുടുങ്ങി നിന്ന തടി ഖാദറിൻ്റെ തലയിൽ വന്നിടിക്കുകയായിരുന്നു.
ഉടൻതന്നെ സ്ഥലത്തുണ്ടായിരുന്ന വനംവകുപ്പിന്റെ ജീപ്പിൽ ഉദ്യോഗസ്ഥർ ഖാദറിനെ വേലൂപ്പാടത്തെ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടുദിവസം മുൻപുണ്ടായ ശക്തമായ കാറ്റിലാണ് മരം കടപുഴകി വൈദ്യുതി കമ്പിയിൽ വീണത്. ഡാമിലേക്ക് വരുന്ന വിനോദ സഞ്ചാരികളുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഭാഗത്താണ് മരം ഉണ്ടായിരുന്നത്.
ഞായറാഴ്ച മരം വെട്ടുന്നതിനിടെ അപകടത്തില്‍പ്പെട്ട് ആലപ്പുഴ സ്വദേശിയും മരിച്ചിരുന്നു. മരം വെട്ടുന്നതിനിടെ മുറിച്ച മരം പിളർന്ന് ഉള്ളിൽപ്പെട്ടാണ് തൊഴിലാളി മരിച്ചത്. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 18–-ാം വാർഡ് കാട്ടൂർ പള്ളുരുത്തിയിൽ എബ്രഹാമാണ് (സോജൻ – 46) മരിച്ചത്. ഞായർ രാവിലെ പത്തോടെ കാട്ടൂരിൽ കൃഷിഭവന് കിഴക്കുഭാഗത്തായിരുന്നു അപകടം. ഒരു വ്യക്തിയുടെ പുരയിടത്തിൽനിന്ന മരത്തിന്റെ ശിഖരം കഴിഞ്ഞദിവസത്തെ ശക്തമായ കാറ്റിൽ ഒടിഞ്ഞിരുന്നു. ഇത് താഴെ പതിക്കാത്തതിനാൽ മുറിച്ചിടാനാണ് എബ്രഹാം എത്തിയത്. ഒടിഞ്ഞുതൂങ്ങിയ വൃക്ഷശിഖരം മുറിക്കാൻ തടസമായി നിന്ന അക്കേഷ്യയുടെ ശിഖരം മുറിക്കുന്നതിനിടെയായിരുന്നു അപകടം.
25 അടി ഉയരത്തിൽ മരത്തിൽ കുടുങ്ങിയ എബ്രഹാമിനെ അഗ്നി രക്ഷാസേനയെത്തി താഴെയിറക്കി. ഉടനെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംസ്കാരം തിങ്കൾ രാവിലെ 10ന് കാട്ടൂർ പള്ളി സെമിത്തേരിയിൽ. അച്ഛൻ: പരേതനായ ഫസ്ക്കാൾ. അമ്മ: ജോണമ്മ. ഭാര്യ: റോണിയ.









0 comments