print edition സഹോദരീ ഭർത്താവിനെ കൊന്നു: 40 വർഷത്തിനുശേഷം പ്രതി പിടിയിൽ

മോഹനൻ പിള്ളയുടെ ആദ്യകാല ഫോട്ടോ, മോഹനൻ പിള്ള
എഴുകോൺ: സഹോദരി ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിവിൽപ്പോയ പ്രതിയെ 40 വർഷത്തിനുശേഷം പിടിയിൽ. വെളിയം പടിഞ്ഞാറ്റിൻകര കോടിയാട്ട് വീട്ടിൽ മോഹനൻപിള്ളയെ(65) ആണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. സഹോദരി സരസയമ്മയുടെ ഭർത്താവ് ചന്ദ്രശേഖരൻപിള്ളയെയാണ് കൊലപ്പെടുത്തിയത്. 1987 ജനുവരി 11ന് വൈകിട്ട് ആറിനായിരുന്നു സംഭവം.
ചന്ദ്രശേഖരൻപിള്ള സ്ഥിരം മദ്യപിച്ച് വീട്ടിൽ വഴക്കുണ്ടാക്കിയിരുന്നു. സംഭവ ദിവസവും വഴക്കുണ്ടായി. ഇതിനിടയിൽ മോഹനൻപിള്ള കൊടുവാൾ ഉപയോഗിച്ച് ചന്ദ്രശേഖരൻപിള്ളയുടെ കഴുത്തിൽ വെട്ടി. ചന്ദ്രശേഖരൻപിള്ള മരിച്ചെന്ന് ഉറപ്പായ ശേഷം മോഹനൻപിള്ള നാടുവിട്ടു. ആദ്യം വേളാങ്കണ്ണിയിൽ ഒളിവിൽ കഴിഞ്ഞ ഇയാൾ പിന്നീട് കോട്ടയം കല്ലറ കാലയിൽ വീട്ടിൽ രാജൻ എന്ന പേരിൽ താമസിച്ച് തോട്ടം തൊഴിലാളിയായി ജോലിചെയ്തു. അവിടെവച്ച് വിവാഹം കഴിച്ചു. അടുത്തിടെ മോഹനൻപിള്ള അസുഖം ബാധിതനായി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയപ്പോൾ വെളിയം സ്വദേശിയായ ഒരാളെ കണ്ടു. അപ്പോൾ നാട്ടിലെ വിശേഷങ്ങൾ തിരക്കിയിരുന്നു.
വർഷങ്ങൾ കഴിഞ്ഞെങ്കിലും പൊലീസ് അന്വേഷണം നടക്കുന്നുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി പൊലീസ് വെളിയം പടിഞ്ഞാറ്റിൻകരയിലും പരിസരത്തും മോഹനൻപിള്ളയുടെ ബന്ധുക്കളെയും നാട്ടുകാരെയും കണ്ട് വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇതിനിടെ കോട്ടയം മെഡിക്കൽ കോളേജിൽ മോഹനൻപിള്ളയെ കണ്ട് സംസാരിച്ച നാട്ടുകാരനെ പൊലീസ് കണ്ടെത്തി. തുടർന്ന് പൂയപ്പള്ളി പൊലീസ് കോട്ടയം ഭാഗത്തും അന്വേഷണം നടത്തി.
വീടിനടുത്തുള്ള ഒരു കള്ളുഷാപ്പിൽ ജോലി ചെയ്യുകയായിരുന്ന മോഹനൻപിള്ള മദ്യ ലഹരിയിൽ വഴക്കിടുകയും 'കേസ് തനിക്ക് പുത്തരിയല്ല' എന്ന് പറയുകയും ചെയ്തു. ഈ വിവരവും പൊലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടി. രൂപമാറ്റം വന്നതിനാൽ ആദ്യഘട്ടത്തിൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. സഹോദരി സരസമ്മയും മറ്റു ബന്ധുക്കളും നാട്ടുകാരും ഇയാളെ തിരിച്ചറിഞ്ഞു.
പൂയപ്പള്ളി എസ്എച്ച്ഒ പി ഷാജിമോൻ, എസ്ഐമാരായ എം രജനീഷ്, ബാലാജി എസ് കുറുപ്പ്, സിപിഒമാരായ റിജു, വിപിൻ, സജീവ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കൊലപാതകം നടക്കുമ്പോൾ 25 വയസുണ്ടായിരുന്ന മോഹനൻപിള്ളയ്ക്ക് ഇപ്പോൾ 35, 37 വയസ്സ് പ്രായമുള്ള രണ്ട് മക്കളുണ്ട്.











0 comments