മനുഷ്യ–വന്യജീവി സംഘർഷം: മൃഗങ്ങളെ നിരീക്ഷിക്കാൻ എഐ സാങ്കേതികവിദ്യ


സ്വന്തം ലേഖകൻ
Published on Mar 02, 2025, 04:38 AM | 1 min read
തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘർഷം കുറയ്‌ക്കാൻ എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ നിരീക്ഷണം ശക്തമാക്കാനൊരുങ്ങി വനംവകുപ്പ്. വനാതിർത്തിയിൽ വന്യമൃഗങ്ങളുടെ നീക്കം നിരീക്ഷിക്കാൻ ഓരോ ഡിവിഷനിലും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ക്യാമറ, പെരിയാർ കടുവ സംരക്ഷണ ഫൗണ്ടേഷൻ വികസിപ്പിച്ചെടുത്ത നിരീക്ഷണ സംവിധാനം, തെർമൽ ഡ്രോൺ, ക്യാമറ കെണി എന്നിവ ഉപയോഗിക്കും.
അക്രമകാരികളായ വന്യമൃഗങ്ങളെ തിരിച്ചറിയാനുള്ള സംവിധാനം വികസിപ്പിച്ചെടുക്കും. നെറ്റ്‌വർക്ക് കണക്ടിവിറ്റി ഇല്ലാത്ത വനപ്രദേശങ്ങളിൽ വന്യമൃഗ സാന്നിധ്യം കണ്ടെത്താനാണിത്. പ്രാരംഭ നടപടി പെരിയാർ ടൈഗർ കൺസർവഷൻ ഫൗണ്ടേഷൻ ആരംഭിച്ചതായി ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ പറഞ്ഞു. മൂന്നുഘട്ടങ്ങളിലായി പദ്ധതി നടപ്പാക്കും.
ആദ്യഘട്ടം ക്യാമറകളുടെ പരീക്ഷണവും രണ്ടാംഘട്ടം നിർമിത ബുദ്ധി നിരീക്ഷണ സംവിധാനവും നടപ്പാക്കും. മൂന്നാംഘട്ടം വന്യമൃഗ സാന്നിധ്യം തിരിച്ചറിഞ്ഞ് കൺട്രോൾ റൂമിലേക്ക് സന്ദേശം അയക്കുന്ന സംവിധാനം ഒരുക്കും. ഇതിനായി ടാറ്റ കമ്യൂണിക്കേഷൻസിന്റെ സേവനം ഉപയോഗപ്പെടുത്തും. മനുഷ്യ-–-വന്യജീവി സംഘർഷം ലഘൂകരിക്കാൻ, വനംവകുപ്പ് പ്രഖ്യാപിച്ച പത്ത് മിഷനുകളിൽ പ്രധാനമാണ് എഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നിരീക്ഷണമെന്നും പ്രമോദ് ജി കൃഷ്ണൻ പറഞ്ഞു.









0 comments