ആറളത്ത് വീണ്ടും കാട്ടാനയാക്രമണം: ദമ്പതികൾക്ക് പരിക്ക്

ഇരിട്ടി :ജോലി സ്ഥലത്തേക്ക് സ്കൂട്ടറിൽ പോകുന്നതിനിടെ ആറളം ഫാം പതിമൂന്നാം ബ്ലോക്കിൽ ആദിവാസി ദമ്പതികളെ കാട്ടാന ആക്രമിച്ച് പരിക്കേൽപ്പിച്ചു. പുതുശേരി ഷിജു (36), ഭാര്യ അമ്പിളി (31) എന്നിവർക്കാണ് പരിക്ക്. ഇരുവരെയും പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനി രാവിലെ ഏഴരയോടെ ഫാമിലെ പതിമൂന്നാം ബ്ലോക്കിൽനിന്ന് അണുങ്ങോട്ടെ ജോലി സ്ഥലത്തേക്കുള്ള യാത്രക്കിടെയാണ് കാട്ടാനക്ക് മുന്നിൽപ്പെട്ടത്. കോട്ടപ്പാറ റോഡിൽ കയറ്റത്തിലെ വളവിൽ നിൽക്കുകയായിരുന്നു ആന. ഉടൻ സ്കൂട്ടറിൽനിന്ന് അമ്പിളി ഇറങ്ങി തിരിഞ്ഞോടി. ഷിജു സ്കൂട്ടറിന്റെ മറപറ്റി ഒളിഞ്ഞിരുന്നു.
ആന സ്കൂട്ടർ ചവിട്ടി വീഴ്‌ത്തി അമ്പിളിക്ക് നേരെ പാഞ്ഞടുത്തു. ഷിജു ബഹളവുമുണ്ടാക്കിയതോടെ ആന അമ്പിളിയെ കുറ്റിക്കാട്ടിലേക്ക് തട്ടിയിട്ടു. വീഴ്ചയിൽ അമ്പിളിയുടെ ഇടത് കൈയുടെയും കാലിന്റെയും എല്ലുകൾ പൊട്ടി. താടിയെല്ലിനും വിരലിനും പരിക്കേറ്റു. സ്കൂട്ടർ ദേഹത്തേക്ക് വീണ് ഷിജുവിന്റെ കഴുത്തിനും കാലിനും പരിക്കുണ്ട്. അമ്പിളിയെ ഷിജു താങ്ങിയെടുത്ത് ആദ്യം പേരാവൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചു. പിന്നീടാണ് പരിയാരത്തേക്ക് മാറ്റിയത്. കഴിഞ്ഞ 23ന് കശുവണ്ടി ശേഖരിച്ച് മടങ്ങവെ ആദിവാസി ദമ്പതികളായ വെള്ളി, ലീല എന്നിവരെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു.









0 comments