ചിത്രപ്രിയ നേരിട്ടത് ക്രൂരമർദനം; തലയിൽ ഒന്നിലധികം മുറിവുകൾ

ചിത്രപ്രിയ
കാലടി: മലയാറ്റൂരിൽ റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തിയ ഏവിയേഷൻ വിദ്യാർഥിനി ചിത്രപ്രിയ (19) ക്രൂരമർദനം നേരിട്ടതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പ്രാഥമിക വിലയിരുത്തൽ. തലയുടെ പിൻഭാഗത്തുൾപ്പെടെ ഒന്നിലധികം മുറിവുണ്ട്. ശരീരത്ത് മുറിപ്പാടുകളുമുണ്ടായിരുന്നു. ചിത്രപ്രിയയുടെ മരണത്തിൽ സുഹൃത്തായ അലന്റെ (21) അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
കല്ലുപയോഗിച്ച് തലയ്ക്കടിച്ച് ചിത്രപ്രിയയെ കൊലപ്പെടുത്തിയെന്ന് അലൻ പൊലീസിനോട് കുറ്റസമ്മതം നടത്തി. ചിത്രപ്രിയയ്ക്ക് മറ്റൊരാളുമായി അടുത്തബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമായതെന്നും യുവാവ് പൊലീസിന് മൊഴിനൽകിയെന്നാണ് സൂചന.
ബംഗളൂരുവിൽ ഏവിയേഷൻ വിദ്യാർഥിനിയായ മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപറമ്പിൽ വീട്ടിൽ ഷൈജുവിന്റെ മകൾ ചിത്രപ്രിയയെ ശനിയാഴ്ചയാണ് കാണാതായത്. കടയിലേക്ക് പറഞ്ഞാണ് പെൺകുട്ടി വീട്ടിൽനിന്ന് ഇറങ്ങിയത്. മടങ്ങിവരാതായതോടെ കുടുംബം കാലടി പൊലീസിൽ പരാതി നൽകി. പെൺകുട്ടിയുടെ അമ്മ ജോലി ചെയ്യുന്ന കാറ്ററിങ് യൂണിറ്റിലെ ജീവനക്കാരുടെ തിരച്ചിലിനിടെ ചൊവ്വാഴ്ചയാണ് ആളൊഴിഞ്ഞ പറമ്പിൽനിന്ന് മൃതദേഹം കണ്ടെത്തിയത്.
സിസിടിവി കേന്ദ്രീകരിച്ചുനടത്തിയ പരിശോധനയിൽ ചിത്രപ്രിയ സുഹൃത്തായ അലനൊപ്പം ബൈക്കിൽപോകുന്നതായി പൊലീസ് കണ്ടെത്തി. അലനെ തുടർച്ചയായി ചോദ്യംചെയ്തതോടെ അലൻ (21) കുറ്റംസമ്മതിച്ചു. മൃതദേഹം കിടന്നതിന് സമീപത്തായി രക്തക്കറ പുരണ്ട കല്ലും കണ്ടെത്തി.
സിസിടിവിയിൽ മറ്റ് രണ്ട് യുവാക്കളെകൂടി കണ്ടിട്ടുണ്ട്. ഇവരെയും ചോദ്യംചെയ്തേക്കും. മറ്റാർക്കെങ്കിലും കൊലപാതകത്തിൽ പങ്കുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.










0 comments