ഇസ്രയേലിലേക്ക് കടക്കുന്നതിനിടെ ജോർദാനിൽ മലയാളി വെടിയേറ്റ് മരിച്ചു

തിരുവനന്തപുരം: സൗദി ജോർദാനിൽ മലയാളി വെടിയേറ്റ് മരിച്ചു. തുമ്പ സ്വദേശി തോമസ് ഗബ്രിയേൽ പെരേരയാണ് മരിച്ചത്. സന്ദർശക വിസയിൽ ജോർദാനിലെത്തിയ തോമസ് ഇസ്രയേലിലേക്ക് കടക്കുന്നതിനിടെയാണ് ജോർദാൻ സൈന്യത്തിന്റെ വെടിയേറ്റത്. തലയ്ക്കു വെടിയേറ്റാണ് മരണം.
തോമസിനൊപ്പം ഇസ്രയേലിലേക്ക് കടക്കാൻ ശ്രമിച്ച മേനംകുളം സ്വദേശി എഡിസൺ നാട്ടിലെത്തി. എഡിസണ് കാലിന് പരുക്കുണ്ട്. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റു രണ്ട് മലയാളികൾ ഇസ്രയേലിൽ ജയിലിൽ ആണെന്നാണ് വിവരം. സംഘം ഇസ്രയേലിലേക്ക് കടക്കുന്നത് തടയാൻ ജോർദാൻ സൈന്യം ശ്രമിച്ചപ്പോൾ ഇവർ പാറക്കെട്ടുകൾക്കിടയിൽ ഒളിക്കുകയും തുടർന്ന് സൈന്യം വെടിവയ്‌പ് നടത്തുകയുമായിരുന്നു. കാലിൽ വെടിയേറ്റ എഡിസണെ ചികിത്സയ്ക്കുശേഷം ജോർദാൻ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കുകയായിരുന്നു.
തോമസ് ഗ്രബ്രിയേലിൻ്റെ മരണം സംബന്ധിച്ച് കുടുംബത്തിന് എംബസിയിൽനിന്നുള്ള ഇമെയിൽ സന്ദേശം അയച്ചിരുന്നെങ്കിലും കുടുംബത്തിന്റെ ശ്രദ്ധയിൽപ്പെട്ടില്ല. തുടർന്ന് പരിക്കേറ്റ എഡിസൺ നാട്ടിലെത്തിയതോടെയാണ് ഗ്രബ്രിയേലിന്റെ മരണവിവരം പുറത്തറിഞ്ഞത്. ഇവർ ടൂറിസ്‌റ്റ് വീസയിലാണ് പോയതെന്നാണ് ഗബ്രിയേലിൻ്റെ കുടുംബം പറയുന്നത്. നാലു പേരടങ്ങുന്ന സംഘമാണ് തുമ്പയിൽ നിന്നും ജോലിക്കായി പോയത്. രണ്ട് പേർ ഇസ്രയേൽ ജയിലിലാണ്.









0 comments