ഹൈബ്രിഡ് കഞ്ചാവ് കടത്ത്: മലയാളി വിദ്യാർഥികൾ റിമാൻഡിൽ; 2 പേർക്കുകൂടി പങ്ക്

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളം വഴി ഹൈബ്രിഡ് കഞ്ചാവ് കടത്താൻ ശ്രമിച്ച കേസിൽ പിടിയിലായ മലയാളി വിദ്യാർഥികളെ റിമാൻഡ് ചെയ്തു. മലപ്പുറം സ്വദേശികളായ ഷഹീദ് (23), ഷഹാന (21) എന്നിവരാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ എയർ കസ്റ്റംസിന്റെ പിടിയിലായത്. പൊതുവിപണിയിൽ 12 കോടിയോളം വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവാണ് ഇവരിൽനിന്ന് കണ്ടെത്തിയത്. 10.06 കിലോഗ്രാം കഞ്ചാവ് ഭക്ഷണപ്പൊതികളിൽ ഒളിപ്പിച്ചുവച്ചാണ് കടത്താൻ ശ്രമിച്ചത്. ഇവർക്കൊപ്പം വിദേശത്തേക്ക് പോയ ഒരു പെൺകുട്ടിക്കും ആൺകുട്ടിക്കും കഞ്ചാവ് കടത്തിൽ പങ്കുള്ളതായി കസ്റ്റംസിന് വിവരം ലഭിച്ചു. തായ്‍ലൻഡിലുള്ള ഇവർക്കായി കസ്റ്റംസ് അന്വേഷണം ആരംഭിച്ചു.
ബംഗളൂരുവിൽ പഠിക്കുന്ന 2 പെൺകുട്ടികളും 2 ആൺകുട്ടികളും നിശാക്ലബിൽ വച്ചാണ് പരിചയപ്പെട്ടത്. ഇവർ പിന്നീട് മയക്കുമരുന്ന് മാഫിയയുടെ വലയിൽ കുടുങ്ങുകയായിരുന്നു. ഇതിൽ ഒരു പെൺകുട്ടിക്ക് കഞ്ചാവ് മാഫിയയുമായി നേരത്തെ ബന്ധമുണ്ടായിരുന്നതായാണ് വിവരം. മാഫിയാ സംഘത്തിന്റെ നിർദേശപ്രകാരം 4 പേരും കഴിഞ്ഞമാസം പാസ്‌പോർട്ടെടുത്തു. തുടർന്ന് 4 പേരെയും ടൂർപാക്കേജെന്ന പേരിൽ മയക്കുമരുന്ന് മാഫിയ തായ്‍ലാൻഡിലേക്ക് അയക്കുകയായിരുന്നു. വൻ തുകയും വാഗ്ദാനം ചെയ്തു. 4 പേരും ലഹരിക്ക് അടിമയാണെന്നും ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
വിമാനത്താവളത്തിൽനിന്ന് പുറത്തിറങ്ങുമ്പോൾ ലഗേജ് കൈമാറണമെന്നായിരുന്നു വിവരം. പിന്നീട് തിരുവനന്തപുരത്തുനിന്ന് ബംഗളൂരുവിലേക്കുള്ള ടിക്കറ്റും നൽകുമെന്ന് സംഘം അറിയിച്ചിരുന്നു.
വിമാനങ്ങളിൽ വന്നിറങ്ങുന്ന യാത്രക്കാരെ എയർകസ്റ്റംസ് കാമറകളിലൂടെ നീരീക്ഷിക്കുന്നതിനിടെയാണ് വിമാനത്തിൽനിന്ന് ടെർമിനലിനുള്ളിൽ പ്രവേശിച്ച ഇവരുടെ ചലനങ്ങളിൽ സംശയം തോന്നിയത്. ഇരുവരും ടെർമിനലിൽനിന്ന് പരുങ്ങുന്നത് കസ്റ്റംസ് ഉദ്യോഗസ്ഥർ ശ്രദ്ധിച്ചിരുന്നു. തുടർന്നാണ് ലഗേജ് വിശദമായി പരിശോധിച്ചത്. ബാങ്കോക്കിൽനിന്ന് സിങ്കപ്പൂർ വഴിയുള്ള സ്‌കൂട്ട് എയർലൈൻസിൽ ശനി രാത്രി പത്തരയോടെയാണ് ഇവർ എത്തിയത്.









0 comments