ഇറാനിൽനിന്ന് മലയാളി വിദ്യാർഥി നാട്ടിലെത്തി

ന്യൂഡൽഹി: ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെ ഇറാനിൽനിന്ന് ശനിയാഴ്‌ച ഡൽഹിയിൽ മടങ്ങിയെത്തിയ മലയാളി വിദ്യാർഥി ഫാദില കച്ചക്കാരൻ നാട്ടിലെത്തി. രാത്രിയാണ് മലപ്പുറം മുടിക്കോട് സ്വദേശിയായ ഫാദിലയും പിതാവ് മുഹമ്മദ് കച്ചക്കാരനും നെടുമ്പാശേരിയിലെത്തിയത്. ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇറാനിലെ മഷ്‌ഹദിൽനിന്ന് ഇന്നലെ പകൽ നാലരയ്ക്ക് എത്തിയ വിമാനത്തിലാണ് ഫാദിലയടക്കം 310 പേരെത്തിയത്. തെഹ്‌റാനിലെ ഷാഹിദ് ബെഹെഷ്‌ത്തി സർവകലാശാലയിൽ രണ്ടാം സെമസ്റ്റർ എംബിബിഎസ് വിദ്യാർഥിയാണ് ഫാദില. 2024 സെപ്തംബറിലാണ് ഫാദില ഇവിടെ മെഡിസിൻ പഠനത്തിനായി എത്തിയത്. പിതാവ് മുഹമ്മദ് കച്ചക്കാരൻ സൗദിയിൽ സിവിൽ എൻജിനീയറാണ്. ഫാദിലയെ സ്വീകരിക്കാൻ മുഹമ്മദ് കച്ചക്കാരൻ ഡൽഹി വിമാനത്താവളത്തിൽ എത്തിയിട്ടുണ്ടായിരുന്നു.
സംഘർഷ ബാധിത പ്രദേശങ്ങളിൽ നിന്നും എത്തുന്ന മലയാളികൾക്ക് നാട്ടിലേയ്ക്ക് മടങ്ങുന്നതിനുള്ള സൗകര്യം ഒരുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ നിർദേശത്തിൻ്റെ അടിസ്ഥാനത്തിൽ അഡീഷണൽ റസിഡൻ്റ് കമ്മീഷണർ ചേതൻ കുമാർ മീണയുടെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ചാണ് ഇവാക്വേഷേൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
അഞ്ച് വിമാനങ്ങളിലായി ഇതുവരെ 1117 ഇന്ത്യക്കാരാണ് മടങ്ങിയെത്തിയത്. എത്തിയവരിൽ ഭൂരിഭാഗവും കശ്‌മീർ സ്വദേശികളാണ്. പതിനായിരത്തോളം ഇന്ത്യക്കാരാണ് ഇറാനിലുള്ളത്.
അർമീനിയയിലെ യെരവാനിൽനിന്ന് വ്യാഴാഴ്‌ച ആദ്യ വിമാനത്തിൽ 110 പേർ എത്തിയിരുന്നു. വെള്ളി രാത്രി ഇറാനിലെ മഷ്‌ഹദിൽനിന്ന് രണ്ടാം വിമാനത്തിൽ 290 പേർ എത്തി. ശനി പുലർച്ചെ മൂന്നിന് തുർക്‌മെനിസ്ഥാനിലെ അഷ്‌ഗാബെത്തിൽനിന്ന് മൂന്നാം വിമാനത്തിൽ 117 പേരും എത്തി. പകൽ നാലരയ്‌ക്ക് മഷ്‌ഹദിൽനിന്നുള്ള നാലാം വിമാനത്തിലാണ് മലയാളി വിദ്യാർഥിനി ഉൾപ്പെടെയുള്ളവർ എത്തിയത്. ശനി അർധരാത്രി 290 പേർകൂടി ഡൽഹിയിലെത്തി.
0 comments