തടിയൂരാനുള്ള ഫിറോസിന്റെ ശ്രമം 
പാളി; പ്രതിക്കൂട്ടിലായത്‌ യുഡിഎഫ്‌

അപ്പീൽ പോയത്‌ എജി പറഞ്ഞിട്ട്‌ ; ജലീൽ ഇടപെട്ടല്ല , ഫിറോസിന്റെ വാദം പൊളിഞ്ഞു

p k firoz
വെബ് ഡെസ്ക്

Published on Sep 18, 2025, 01:46 AM | 3 min read


മലപ്പുറം

മലയാള സർവകലാശാലയ്‌ക്ക്‌ ഭൂമി ഏറ്റെടുക്കാനുള്ള യുഡിഎഫ്‌ സർക്കാരിന്റെ തീരുമാനത്തെ എതിർത്ത്‌ സ്വകാര്യവ്യക്തികൾ നൽകിയ ഹർജിക്കെതിരെ അപ്പീൽ പോകാൻ സർവകലാശാല തീരുമാനിച്ചത്‌ അഡ്വക്കറ്റ് ജനറലിന്റെയും സർവകലാശാല സ്റ്റാൻഡിങ് കൗൺസിലിന്റെയും ഉപദേശപ്രകാരം. കെ ടി ജലീൽ നേരിട്ട്‌ ഇടപെട്ടാണ്‌ അപ്പീൽ പോയതെന്ന യൂത്ത്‌ ലീഗ്‌ ജനറൽ സെക്രട്ടറി പി കെ ഫിറോസിന്റെ വാദം പൊളിക്കുന്ന രേഖകൾ പുറത്തുവന്നു.


ആതവനാട് വില്ലേജിലെ 100 ഏക്കർ ഏറ്റെടുക്കാനാണ്‌ യുഡിഎഫ്‌ സർക്കാർ തീരുമാനിച്ചത്‌. പ്രാദേശിക പ്രതിഷേധത്തെ തുടർന്ന്‌ സർവേ നടന്നില്ല. പിന്നീട്‌, തുഞ്ചൻ പറമ്പിന് സമീപം ഏറ്റിരിക്കടവിലെ 10 ഏക്കർ കണ്ടെത്തി. ഉടമകളുമായി സമ്മതപത്രം ഒപ്പിടുന്നതിന്റെ തലേദിവസം ഭൂമി ശിഹാബ് തങ്ങൾ ട്രസ്റ്റിന് കൈമാറി. സ്ഥലം എംഎൽഎയുടെ നേതൃത്വത്തിൽ ലീഗ്‌ നേതാക്കൾ ഇടപെട്ടായിരുന്നു അട്ടിമറി. ഇ‍ൗ ഭൂമി അതിവേഗം തരംമാറ്റി. അവിടെ ശിഹാബ് തങ്ങൾ സ്‌മാരക സഹകരണ ആശുപത്രി സ്ഥാപിച്ചു.


സി മമ്മൂട്ടി എംഎൽഎയാണ്‌ പിന്നീട്‌ മാങ്ങാട്ടിരിയിലെ സ്ഥലം നിർദേശിച്ചത്‌. കലക്ടർ അധ്യക്ഷനായ ജില്ലാ വിലനിർണയ സമിതി 2016 ഫെബ്രുവരി 17ന്‌ യോഗം ചേർന്ന്‌ സെന്റിന് 1,70,000 രൂപ നിശ്ചയിച്ചു. സ്ഥലം അനുയോജ്യമാണെന്ന്‌ കാട്ടി അന്നത്തെ വിസി കെ ജയകുമാർ സർക്കാരിന് വിശദ റിപ്പോർട്ടും സമർപ്പിച്ചു. ഇതെല്ലാം നടന്നത്‌ യുഡിഎഫ്‌ കാലത്താണ്‌. പിന്നീടാണ്‌ ആതവനാട്ടെ ഭൂമി ഏറ്റെടുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ചില ഭൂ ഉടമകൾ ഹൈക്കോടതി സിംഗിൾ ബഞ്ചിനെ സമീപിച്ചത്‌. പരാതിക്കാരുടെ ആവശ്യം കൂടി പരിഗണിക്കണമെന്ന്‌ സിംഗിൾ ബഞ്ച്‌ നിർദേശിച്ചു. ഇത്‌ ചൂണ്ടിക്കാട്ടി അന്നത്തെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി മന്ത്രിക്കയച്ച കത്താണ്‌ കെ ടി ജലീലിനെതിരായ തെളിവായി പി കെ ഫിറോസ്‌ പുറത്തുവിട്ടത്‌. എന്നാൽ, കേസിൽ സർവകലാശാല കക്ഷി ചേരണമെന്ന്‌ അഡ്വക്കറ്റ്‌ ജനറലും സ്‌റ്റാൻഡിങ് ക‍ൗൺസിലും നിർദേശിച്ചു. ഡിവിഷൻ ബഞ്ചിൽ സർവകലാശാല ഹർജി നൽകി. ഭൂമി ഏറ്റെടുക്കാനുള്ള അവകാശം സർവകലാശാലയ്‌ക്കാണെന്നും സ്വകാര്യ വ്യക്തികൾക്ക്‌ ഇടപെടാനാവില്ലെന്നും കോടതി വിധിച്ചു. സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയും തള്ളി. ഫിറോസ്‌ മാധ്യമങ്ങൾക്ക്‌ നൽകിയ കത്തിൽ സിംഗിൾ ബഞ്ച്‌ നിർദേശത്തിനെതിരെ കേസിൽ കക്ഷി ചേർന്ന്‌ അപ്പീൽ പോകാൻ അഡ്വക്കറ്റ്‌ ജനറൽ നിർദേശിച്ചുവെന്ന്‌ പറയുന്നുണ്ട്‌. ഇതുപോലും വായിക്കാതെയാണ്‌ ഫിറോസ്‌ ജലീലിനെതിരെ ഉണ്ടയില്ലാവെടി പൊട്ടിച്ചത്‌.


അഴിമതി ആരോപണം നിയമസഭയിൽ ഉന്നയിക്കാൻ ജലീലിന്റെ വെല്ലുവിളി

മലയാള സർവകലാശാലയ്‌ക്ക്‌ ഭൂമി ഏറ്റെടുത്തതിൽ യൂത്ത്‌ ലീഗ്‌ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്‌ ഉന്നയിച്ച 17.5 കോടിയുടെ അഴിമതി ആരോപണം നിയമസഭയിൽ ഉന്നയിക്കാൻ ലീഗിനെ വെല്ലുവിളിച്ച്‌ കെ ടി ജലീൽ എംഎൽഎ. നിയമസഭാ പാർടി ലീഡർ പി കെ കുഞ്ഞാലിക്കുട്ടിയും തിരൂർ എംഎൽഎ കുറുക്കോളി മൊയ്തീനും നിയമസഭയിൽ ഇത്‌ ഉന്നയിക്കണം. നേർക്കുനേരെ മറുപടി പറയും. ഉശിരുള്ളവർ ലീഗിൽ ഉണ്ടെങ്കിൽ അതാണ് ചെയ്യേണ്ടതെന്നും ജലീൽ ഫേസ്‌ബുക്കിൽ കുറിച്ചു.


മലയാള സർവകലാശാല ഭൂമിവിവാദം

തടിയൂരാനുള്ള ഫിറോസിന്റെ ശ്രമം 
പാളി; പ്രതിക്കൂട്ടിലായത്‌ യുഡിഎഫ്‌

മലയാള സർവകലാശാലയുമായി ബന്ധപ്പെട്ട ഭൂമി വിവാദം ഉയർത്തി തടിയൂരാനുള്ള യൂത്ത്‌ ലീഗ്‌ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിന്റെ നീക്കം പാളുന്നു. കെ ടി ജലീൽ എംഎൽഎ ഉയർത്തിയ അനധികൃത സ്വത്ത്‌ സമ്പാദനവും ബിനാമി ബിസിനസും സജീവ ചർച്ചയായതോടെയാണ്‌ ഫിറോസ്‌ ഭൂമി വിവാദവുമായി രംഗത്തുവന്നത്‌. എന്നാൽ വലതുപക്ഷ മാധ്യമങ്ങളെ ഉപയോഗിച്ച്‌ പുകമറ സൃഷ്ടിക്കാനുള്ള നീക്കത്തിൽ പ്രതിക്കൂട്ടിലായത്‌ യുഡിഎഫ്‌. യുഡിഎഫ്‌ സർക്കാരിന്റെ കാലത്താണ്‌ സർവകലാശാലയ്‌ക്ക്‌ ഭൂമി കണ്ടെത്തിയതെന്ന്‌ പകൽപോലെ വ്യക്തമാണ്‌. സർക്കാർ ഉത്തരവുകളും വൈസ്‌ ചാൻസലർ കെ ജയകുമാർ സർക്കാരിലേക്കയച്ച കത്തുകളും ഇത്‌ അടിവരയിടുന്നു. എന്നിട്ടും രേഖകൾ എന്ന പേരിൽ ചില കടലാസുകൾ ഉയർത്തി പുകമറ സൃഷ്ടിക്കാനാണ്‌ ഫിറോസിന്റെ ശ്രമം. വസ്‌തുതകൾ നിരത്തി ജലീൽ ഇതിന് മറുപടി പറയുന്നുണ്ടെങ്കിലും യുഡിഎഫ്‌ പത്രമായ മലയാള മനോരമ ഉൾപ്പെടെ ഇതിനെ തമസ്‌കരിക്കുകയാണ്‌. ഫിറോസിനെ വെളുപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ്‌ അവർ.


ജലീൽ ഉയർത്തിയ ആരോപണങ്ങളെല്ലാം ഫിറോസ്‌ ശരിവയ്ക്കുന്നതാണ്‌ ആദ്യം കണ്ടത്‌. ഇതോടെ കടുത്ത പ്രതിരോധത്തിലായ ഫിറോസ്‌ രക്ഷപ്പെടാൻ കണ്ടെത്തിയ വഴിയാണ്‌ ഭൂമി വിവാദം. യുഡിഎഫ്‌ സർക്കാരിൽ ലീഗ്‌ മന്ത്രി ഉന്നത വിദ്യാഭ്യാസ വകുപ്പ്‌ ഭരിച്ച കാലത്ത്‌ എടുത്ത തീരുമാനമാണ്‌ ജലീലിന്റെ തലയിലിടുന്നത്‌. ലീഗ്‌ എംഎൽഎ ആയിരുന്ന സി മമ്മൂട്ടി നിർദേശിച്ച സ്ഥലമാണ്‌ അന്നത്തെ സർക്കാർ ഏറ്റെടുത്തത്‌. അത്‌ ആസ്ഥാനമന്ദിരം പണിയാൻ ഏറ്റവും അനുയോജ്യമാണെന്ന്‌ സർക്കാരിലേക്ക്‌ റിപ്പോർട്ട്‌ അയച്ചത്‌ യുഡിഎഫ്‌ കാലത്തെ വിസി കെ ജയകുമാറാണ്‌. ഭൂഉമടകളുമായി വില നിർണയിച്ചതും ധാരണപത്രം ഒപ്പിട്ടതും യുഡിഎഫ്‌ കാലത്താണ്‌. എന്നിട്ടും ഭൂമി ഇടപാടിൽ ജലീൽ ഇടപെട്ടുവെന്ന അസംബന്ധം എഴുന്നള്ളിക്കുകയാണ്‌ ഫിറോസ്‌.


യുഡിഎഫ്‌ സർക്കാർ നിശ്ചയിച്ച ഭൂമി വില സെന്റിന്‌ 10,000 രൂപ കുറച്ച്‌ ഏറ്റെടുക്കാനാണ്‌ എൽഡിഎഫ്‌ സർക്കാർ തീരുമാനിച്ചത്‌. പണമിടപാടുകളെല്ലാം നടന്നത്‌ യുഡിഎഫ്‌ കാലത്ത്‌ നിശ്ചയിച്ച സ്‌പെഷ്യൽ തഹസിൽദാർ വഴി. നിയമ വ്യവഹാരങ്ങളെല്ലാം നടന്നത്‌ ഉദ്യോഗസ്ഥ തലത്തിലും. വ്യാജ ആരോപണങ്ങൾ ഉന്നയിച്ച്‌ രക്ഷപ്പെടാനാണ്‌ ഫിറോസിന്റെ ശ്രമം.



deshabhimani section

Related News

View More
0 comments
Sort by

Home