മലയാളം സര്‍വകലാശാല ഭൂമി; നഷ്ടപരിഹാരം നിശ്ചയിച്ചത് യുഡിഎഫ് സര്‍ക്കാര്‍

വിനോദ് തലപ്പിള്ളി
Published on Sep 16, 2025, 01:48 AM | 1 min read
തിരൂർ : മലയാളം സര്‍വകലാശാല ആസ്ഥാന മന്ദിരത്തിനായി തിരൂര്‍ വെട്ടം മാങ്ങാട്ടിരിയിലെ ഭൂമി കണ്ടെത്തിയതും വില നിശ്ചയിച്ച് ഉടമകളുമായി സാക്ഷ്യപത്രം ഒപ്പിട്ടതും യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത്. മലപ്പുറം കലക്ടറുടെ ചേംബറില്‍ 2016 ഫെബ്രുവരി 17ന് ചേര്‍ന്ന ജില്ലാ വിലനിര്‍ണയ സമിതി യോഗത്തിലാണ് സെന്റിന് 1.7 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ധാരണയായത്.
നഷ്ടപരിഹാരം തീരുമാനിച്ചുള്ള സാക്ഷ്യപത്രത്തിലും 2016 ഫെബ്രുവരി 22ന് കലക്ടര്‍ ഒപ്പിട്ടു. യോഗ മിനുട്‌സിന്റെയും സാക്ഷ്യപത്രത്തിന്റെയും പകര്‍പ്പ് പുറത്തുവന്നതോടെ പി കെ ഫിറോസിന്റെ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് വ്യക്തമായി. സര്‍വകലാശാലയ്ക്കായി മാങ്ങാട്ടിരിയിലെ 17 ഏക്കറിന് പുറമെ ആതവനാട്ടും അന്നാരയിലും ഭൂമി കണ്ടെത്തിയിരുന്നു. എന്നാൽ മാങ്ങാട്ടിരിയിലെ ഭൂമിയാണ് അനുയോജ്യമെന്ന് വൈസ് ചാൻസലർ കെ ജയകുമാർ സമിതി കണ്ടെത്തി.
2015 ജൂലൈ ഒമ്പതിന് തണ്ണീർത്തട നിയമപ്രകാരം ഭൂമി തരംമാറ്റാൻ അനുമതിയും ലഭിച്ചു. 2016ലെ എൽഡിഎഫ് സർക്കാരിന്റെ തുടക്കകാലത്ത് ലീഗിന്റെ സി മമ്മൂട്ടി എംഎല്‍എ സ്ഥലമേറ്റെടുക്കലുമായി മുന്നോട്ടുപോയിരുന്നു. പിന്നീട് റിയൽ എസ്റ്റേറ്റ് മാഫിയകളുടെയും ഒരുവിഭാഗം ലീഗ് നേതാക്കളുടെയും താൽപ്പര്യപ്രകാരം എംഎല്‍എ ഏറ്റെടുക്കലിനെതിരെ രംഗത്തുവന്നു. യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ച 17.5 ഏക്കറിൽനിന്ന് ഉപയോഗയോഗ്യമല്ലാത്ത ആറ് ഏക്കര്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒഴിവാക്കി.
ബാക്കിയുള്ള 11 ഏക്കർ ഏറ്റെടുക്കാനായി വീണ്ടും ഭൂവുടമകളുമായി ചര്‍ച്ച നടത്തി. യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചതിനെക്കാള്‍ 10,000 രൂപ കുറച്ച് സെന്റിന് 1.6 ലക്ഷം നല്‍കാനാണ് ധാരണയായത്. ഹരിത ട്രിബ്യൂണലും നിര്‍മാണാനുമതി നല്‍കിതോടെ ഭൂമി ഏറ്റെടുക്കുകയായിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചപ്പോള്‍ത്തന്നെ സ്ഥലത്തിന്റെ ഉടമകളെക്കുറിച്ച് ലീഗിന് ധാരണയുണ്ടായിരുന്നു. ഇത് മറച്ചുവച്ചാണ് സിപിഐ എം നേതാക്കളുടെ ബന്ധുക്കളാണ് ഭൂവുടമകളെന്ന് പി കെ ഫിറോസ് പ്രചരിപ്പിക്കുന്നത്.









0 comments