print edition മലയാള ഭാഷാ ബിൽ ; വ്യാജ പ്രചാരണത്തിൽനിന്ന് കർണാടകം പിന്മാറണം: ഐക്യമലയാള പ്രസ്ഥാനം

തിരുവനന്തപുരം
കേരളം കഴിഞ്ഞ ഒക്ടോബറിൽ പാസാക്കി ഗവർണറുടെ അംഗീകാരത്തിനായി സമർപ്പിച്ച മലയാളഭാഷാ ബില്ലിനെതിരെ കർണാടകം സർക്കാർ വിലകുറഞ്ഞ രാഷ്ട്രീയതന്ത്രം മെനയുന്നുവെന്ന് ഐക്യമലയാള പ്രസ്ഥാനം.
കർണാടക അതിർത്തി വികസന അതോറിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ഏഴിന് ഗവർണറെക്കണ്ട് ബില്ല് പാസാക്കരുതെന്ന് നിവേദനം നൽകിയിട്ടുണ്ട്. നിയമനിർമാണം ഭരണഘടനാവിരുദ്ധമാണെന്നും കന്നട ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്നതാണെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഫെയ്‌സ്‌ബുക്ക് പേജിലൂടെയും ആരോപിച്ചു. കേരളത്തിന് ഔദ്യോഗികഭാഷ നിർവചിക്കാൻ അവകാശമുണ്ടെന്നിരിക്കെ അതിന്മേലുള്ള കടന്നുകയറ്റമാണ് കർണാടകം നടത്തുന്നത്.
കേന്ദ്ര ഭാഷാ ന്യൂനപക്ഷ ഡയറക്ടറേറ്റ് കമീഷണറുടെ റിപ്പോർട്ടനുസരിച്ച് കേരളത്തിലെ ജനസംഖ്യയിൽ 1.87 ശതമാനം തമിഴ് മാതൃഭാഷയായുള്ളവരും 0.26 ശതമാനം കന്നട മാതൃഭാഷയായുള്ളവരുമാണ്. പുതിയ ബില്ല് പ്രകാരം മറ്റേതെങ്കിലും മാതൃഭാഷയുള്ളവർക്ക് അവരുടെ മാതൃഭാഷയ്ക്കുപുറമേ മലയാളംകൂടി പഠിക്കാൻ അവസരം നൽകും. ഭാഷാന്യൂനപക്ഷങ്ങൾക്ക് സംസ്ഥാന സർക്കാരുമായുള്ള കത്തിടപാടുകൾ മാതൃഭാഷയിൽ നടത്താം. ദേശീയ പാഠ്യ പദ്ധതിക്കനുസൃതമായി കുട്ടികൾക്ക് ഇഷ്ടമുള്ള മാതൃഭാഷ തെരഞ്ഞെടുക്കാം. ഇതരസംസ്ഥാനങ്ങളിൽനിന്നും വിദേശത്തുനിന്നും കേരളത്തിൽ പഠിക്കുന്ന കുട്ടികൾ 9, 10 ക്ലാസുകളിലും ഹയർ സെക്കൻഡറിതലത്തിലും മലയാളപരീക്ഷ എഴുതണമെന്ന് നിർബന്ധമില്ല. ഇൗ വസ്തുത നിലനിൽക്കേ വ്യാജ ആരോപണങ്ങൾ അഴിച്ചുവിട്ടാണ് കർണാടകം മുന്നോട്ടുപോകുന്നത്.
അതേസമയം കന്നട ഭാഷാ പഠന നിയമത്തിലെ ചില ഭാഗങ്ങളിൽ ഭരണഘടനാവിരുദ്ധതയുണ്ട്. ഭാഷാന്യൂനപക്ഷങ്ങൾ കർണാടകം സർക്കാരിന് കത്തുകളും നിവേദനങ്ങളും നൽകേണ്ടത് കന്നടയിലോ ഇംഗ്ലീഷിലോ ആകണമെന്നാണ് നിർദേശം. കൂടാതെ കന്നട മാതൃഭാഷയല്ലാത്ത വിദ്യാർഥികൾക്ക് അവരുടെ മാതൃഭാഷ മൂന്നാം ഭാഷയായി മാത്രമേ പരിഗണിക്കൂ എന്നും പറയുന്നുണ്ട്. കേരളത്തിനെതിരെയുള്ള വ്യാജപ്രചാരണങ്ങൾ തള്ളിക്കളഞ്ഞ് ഗവർണർ ബില്ല് പാസാക്കണമെന്ന് ഐക്യമലയാള പ്രസ്ഥാനം പ്രസിഡന്റ് എം വി പ്രദീപൻ, സെക്രട്ടറി ഹരിദാസൻ, കൺവീനർ ആർ നന്ദകുമാർ എന്നിവർ ആവശ്യപ്പെട്ടു.










0 comments