print edition മാസങ്ങളായി വേതനമില്ല; സ്കൂൾ പാചകത്തൊഴിലാളികൾ ദുരിതത്തിൽ

മലപ്പുറം: അധ്യയനവർഷം ആരംഭിച്ച് മാസങ്ങൾ പിന്നിട്ടിട്ടും വേതനം ലഭിക്കാത്തതിനാൽ സ്‌കൂൾ പാചകത്തൊഴിലാളികൾ പട്ടിണിയിലേക്ക്. കഴിഞ്ഞ നാലു മാസത്തിനിടെ ഏപ്രിൽ, മെയ് മാസങ്ങളിലെ അവധിക്കാല ആശ്വാസധനമായ 4000 രൂപ മാത്രമാണ് ഇവർക്ക് ലഭിച്ചത്. സർക്കാർ മാനദണ്ഡം അനുസരിച്ച് 500 കുട്ടികൾക്ക് ഒരു പാചകത്തൊഴിലാളി വേണം.
ഇത്തരത്തിൽ സംസ്ഥാനത്ത് 13400 ഓളം തൊഴിലാളികളുണ്ട്. പ്രതിദിനം 650 രൂപയാണ് കൂലി. ഇപ്പോൾ കൂടുതൽ വിഭവങ്ങൾ ഒരുക്കേണ്ടതിനാൽ ഇവർക്ക് സഹായികൾ ആവശ്യമായി വരും. സഹായിക്കുള്ള പ്രതിഫലം തൊഴിലാളികൾ സ്വന്തം വേതനത്തിൽനിന്ന് കൊടുക്കേണ്ട സാഹചര്യമാണ്. ഇതോടെ വരുമാനം നേർപകുതിയായി കുറയും.
തൊഴിലാളികളുടെ പ്രശ്‌നങ്ങൾ ശ്രദ്ധയിൽപ്പെടുത്താൻ ജൂലൈ ആദ്യവാരം സ്കൂൾ പാചകത്തൊഴിലാളി യൂണിയൻ (സിഐടിയു) സംസ്ഥാന ജനറൽ സെക്രട്ടി കെ വി ദേവി, പ്രസിഡന്റ് വി പി കുഞ്ഞികൃഷ്‌ണൻ, ട്രഷറർ എൽ ഇന്ദിരദേവി എന്നിവർ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.
ശന്പളകുടിശ്ശിക ഉടൻ ലഭ്യമാക്കുക, സാമൂഹിക സുരക്ഷ ഉറപ്പാക്കുക, 300 കുട്ടികൾക്ക് ഒരു തൊഴിലാളി എന്ന നിലയിൽ അനുപാതം ക്രമീകരിക്കുക, പ്രതിമാസ വേതനം അഞ്ചാം തീയതിക്കുള്ളിൽ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇൗമാസം 18ന് തൊഴിലാളികൾ സംസ്ഥാന വ്യാപകമായി സമരവും സംഘടിപ്പിച്ചിരുന്നു.
സ്‌കൂളിൽനിന്നുള്ള വരുമാനമാണ് ഭൂരിഭാഗം തൊഴിലാളികളുടെയും ഏക വരുമാന മാർഗമെന്നും വേതനം കുടിശ്ശികയാവുന്നത് ജീവിതത്തെ ദുരിതത്തിലാക്കിയെന്നും വേതനം ഉടൻ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും സ്കൂൾ പാചകത്തൊഴിലാളി യൂണിയൻ ഭാരവാഹികൾ ആവശ്യപ്പട്ടു.










0 comments