ad
Deshabhimani

ആർക്കാണ് ​ഗുരുതര പരിക്ക്? ചികിത്സാരേഖ എവിടെ? ഇ ഡിക്കെതിരായ പ്രതിഷേധ കേസിൽ സർക്കാരിന് കനത്ത തിരിച്ചടി

kerala highcourt
വെബ് ഡെസ്ക്

Published on Jun 29, 2026, 05:25 PM | 1 min read

കൊച്ചി: തിരുവനന്തപുരത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് (ഇ ഡി) ഉദ്യോ​ഗസ്ഥർക്കെതിരെ പ്രതിഷേധിച്ചതിന് സിപിഐ എം പ്രവർത്തകർക്കെതിരെ എടുത്ത കേസിൽ യുഡിഎഫ് സർക്കാരിന് വൻതിരിച്ചടി. ഇ ഡി ഉദ്യോ​ഗസ്ഥ‍ർക്കെതിരെ അരങ്ങേറിയത് സംഘടിത കുറ്റകൃത്യമെന്ന ഡിജിപിയുടെ വാദം ഹൈക്കോടതി തള്ളി. പ്രതിഷേധത്തിൽ ആർക്കാണ് ​ഗുരുതര പരിക്കേറ്റതെന്നും ചികിത്സാരേഖകൾ എവിടെയെന്നും കോടതി ചോദിച്ചു. കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് തിരുവനന്തപുരം സെഷൻസ് കോടതി നൽകിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരും ഇ ഡിയും നൽകിയ ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി.


ചില ആയുധങ്ങൾ കണ്ടെത്തേണ്ടതുണ്ടെന്ന വാദമാണ് ഒൻപതാംപ്രതിയെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ ഉയർത്തിയത്. എന്നാൽ, 27 ദിവസം പ്രതി ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നിട്ടും പൊലീസ് എന്തുചെയ്യുകയായിരുന്നുവെന്ന് കോടതി സർക്കാരിനോട് ആരാഞ്ഞു. ഉപയോ​ഗിക്കാത്ത ആയുധം എങ്ങനെ ഒരു പ്രതിയിൽനിന്ന് കണ്ടെത്താനാകുമെന്നും കോടതി ചോദിച്ചു. പ്രതിക്ക് നോട്ടീസ് അയക്കുമെന്നും, പ്രതിയുടെ വാദം കേൾക്കാതെ ജാമ്യം റദ്ദാക്കുന്നതിൽ തീരുമാനമെടുക്കാനാകില്ലെന്നും ജസ്റ്റിസ് സി എസ് ഡയസ് അധ്യക്ഷനായ സിം​ഗിൾ ബെഞ്ച് വ്യക്തമാക്കി.


ജാമ്യം അനുവദിച്ചത് പ്രോസിക്യൂട്ടർ പ്രതികളുമായി ഒത്തുകളിച്ചതിനാലാണെന്ന സർക്കാർവാദവും കോടതി അം​ഗീകരിച്ചില്ല. ഏതെങ്കിലും പ്രോസിക്യൂട്ടർ പറയുന്നത് കേട്ടല്ല ഒരു ജഡ്ജിയും ഒരു കേസിലും ഉത്തരവിടുന്നതെന്നും, കോടതി ഉത്തരവ് താനും വായിച്ചതാണെന്നും ജസ്റ്റിസ് സി എസ് ഡയസ് പറഞ്ഞു. കേസ് വീണ്ടും ജൂലൈ 13ന് പരിഗണിക്കും


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിൽ ഇ ഡി ഉദ്യോ​ഗ​സ്ഥർ നാടകീയമായി നടത്തിയ റെയ്ഡിനെ തുടർന്നാണ് പ്രതിഷേധം അരങ്ങേറിയത്. ഇതിനെ തുടർന്നാണ് കേസെടുത്തത്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home