ad
Deshabhimani

കേരളം ഭരിക്കുന്നത് യുഡിഎഫ് ആണോ യുജെപി ആണോ?; വി ശിവൻകുട്ടി

V Sivankutty

വി ശിവൻകുട്ടി

വെബ് ഡെസ്ക്

Published on Jun 29, 2026, 06:42 PM | 1 min read

തിരുവനന്തപുരം: കേരളം ഭരിക്കുന്നത് യുഡിഎഫ് ആണോ യുജെപി ആണോ എന്ന ചോദ്യവുമായി വി ശിവൻകുട്ടി. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയെയും ഭവനനിർമ്മാണ പദ്ധതികളെയും സംബന്ധിച്ച് മന്ത്രിമാരായ ഷാജിയും ഷംസുദ്ദീനും നടത്തിയ പ്രസ്താവനകൾ അങ്ങേയറ്റം ഖേദകരവും അപലപനീയവുമാണ്. ആത്മാഭിമാനമുള്ള ഏതൊരു മലയാളിയെയും ഒരുപോലെ വേദനിപ്പിക്കുന്നതാണ് ഈ പരാമർശങ്ങൾ.


കഴിഞ്ഞ പത്തു വർഷത്തിനിടെ അഞ്ചു ലക്ഷം കുടുംബങ്ങൾക്ക് അടച്ചുറപ്പുള്ള വീടുകൾ സമ്മാനിക്കാൻ പിണറായി സർക്കാരിന് സാധിച്ചു. ഒരു ഭരണാധികാരിയുടെയോ പാർട്ടി നേതാവിന്റെയോ ചിത്രം ആ വീടുകളിൽ പതിക്കേണ്ടതില്ലെന്നും, അത് ആ കുടുംബത്തിന്റെ സ്വത്താണെന്നും പ്രഖ്യാപിച്ച സർക്കാരാണത്. ആ വീട്ടുകാർ അവരുടെ പ്രിയപ്പെട്ടവരുടെ ചിത്രങ്ങളാണ് അവിടെ വെച്ചത്. അങ്ങനെയുള്ള വീടുകൾക്കു മുന്നിൽ കേന്ദ്രത്തിന്റെ ലോഗോയോ മോദിയുടെ ചിത്രമോ നിർബന്ധപൂർവ്വം വെക്കണമെന്നു പറയുന്നത് മലയാളിയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യലാണ്. ഔദ്യോഗിക വെബ്സൈറ്റിൽ തന്നെ ലോഗോയില്ലാത്ത വീടുകളുടെ വിവരം ലഭ്യമാണ്. ജനങ്ങളുടെ ആത്മാഭിമാനത്തിന് വിലകൽപ്പിക്കുന്ന സർക്കാർ സ്വീകരിച്ച നിലപാടാണ് അതെന്ന് ഓർമ്മിപ്പിക്കുന്നു.





പിഎം ശ്രീ പദ്ധതിയുടെ കാര്യത്തിലും വലിയ വഞ്ചനയാണ് അരങ്ങേറുന്നത്. ഇടതുപക്ഷം അപകടം തിരിച്ചറിഞ്ഞ് മരവിപ്പിച്ച പദ്ധതി, ലീഗും കോൺഗ്രസും നടപ്പിലാക്കാൻ വെമ്പുന്നു. ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് വെല്ലുവിളിച്ചതുപോലെ, ലീഗിന്റെ മന്ത്രിയെക്കൊണ്ട് തന്നെ ഇതിൽ ഒപ്പുവെപ്പിക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ വെമ്പൽ കൊള്ളുന്നത് എന്തുകൊണ്ടാണ്? ബിജെപിയുമായി എന്തെങ്കിലും 'ഡീൽ' ഒപ്പിച്ചിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.


മദ്യനയത്തെക്കുറിച്ചും ഗൗരവകരമായ നിലപാടെടുക്കാൻ ലീഗ് നേതൃത്വം തയ്യാറായിട്ടില്ല. മദ്യനികുതി കുറച്ച് മദ്യപാനം സാർവത്രികമാക്കാൻ ശ്രമിക്കുന്ന സർക്കാരിനെ നിയന്ത്രിക്കാൻ ചന്ദ്രികയിൽ ലേഖനമെഴുതിയതുകൊണ്ട് കാര്യമില്ല. ലീഗിന്റെ അഞ്ച് മന്ത്രിമാർ രാജിവെക്കുമെന്ന വെല്ലുവിളിയെങ്കിലും ഉയർത്താൻ പാണക്കാട് തങ്ങൾ തയ്യാറാവണം. മോദിയുടെ ചിത്രം വെക്കുന്നതിനും പിഎം ശ്രീ നടപ്പിലാക്കുന്നതിനും 'ഹലാൽ' സർട്ടിഫിക്കറ്റ് നൽകാനാണോ ലീഗിന്റെ പുറപ്പാട്? വി എം സുധീരന്റെ നിലപാടിന്റെ മാതൃക കാണിക്കാനെങ്കിലും ലീഗ് നേതാക്കൾ തയ്യാറാകണമെന്ന് വി ശിവൻകുട്ടി ആവശ്യപ്പെട്ടു. ഇടതുപക്ഷ ഭരണകാലത്ത് എന്തിലും 'മുസ്ലിം വിരുദ്ധത' എന്ന് ആക്രോശിച്ചവർ ഇപ്പോൾ എവിടെ ഒളിച്ചിരിക്കുകയാണെന്ന് ജനങ്ങൾ ചോദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home