ad
Deshabhimani

മാസ ശമ്പളം 12,000 രൂപ, ഒരു വർഷത്തിനുള്ളിൽ 25 ലക്ഷത്തിന്റെ വീട്; രാമക്ഷേത്ര കൊള്ളയിലെ സാമ്പിൾ

Ram mandir

ലവ്കുശ് മിശ്ര, നിര്‍മാണത്തില്‍ ഇരിക്കുന്ന വീട് (Photo: India Today)

വെബ് ഡെസ്ക്

Published on Jun 29, 2026, 06:09 PM | 1 min read

ലഖ്നൗ: രാമക്ഷേത്ര ഫണ്ട് തട്ടിപ്പിൽ അറസ്റ്റിലായ പ്രതികളിൽ ഒരാളുടെ സമ്പാദനത്തിന്റെ വിവരങ്ങൾ പുറത്ത്. ക്ഷേത്ര ട്രസ്റ്റിൽ ജോലി ചെയ്തു വന്നിരുന്ന ലവ്കുശ് മിശ്ര എന്നയാളുടെ സ്വത്ത് വിവരങ്ങളാണ് പുറത്ത് വരുന്നത്. മാസം തുച്ഛമായ വരുമാനമുള്ള യുവാവിന് 25 ലക്ഷത്തിന്റെ വീടിന്റെ നിർമാണ പ്രവർത്തികൾ നടക്കുന്നതായാണ് റിപ്പോർട്. കാണിക്കപ്പണവും സംഭാവനകളും എണ്ണുന്ന വിഭാഗത്തിലെ ജീവനക്കാരനായ 27-കാരൻ ലവ്കുശ് മിശ്രയ്ക്ക് മാസം 12000 മുതൽ 15000 രൂപ വരെ മാത്രമായിരുന്നു ശമ്പളം. ക്ഷേത്ര ‌ട്രസ്റ്റിൽ ജോലിക്ക് പ്രവേശിച്ച് നാളുകൾക്കുള്ളിലാണ് ലക്ഷങ്ങളുടെ വീട് പണിയുന്നത്.


ക്ഷേത്രത്തിലെ ക്യാഷ് കൗണ്ടിങ് വിഭാഗം ജീവനക്കാരൻ എന്ന നിലയിലുള്ള ഔദ്യോഗിക വരുമാനവുമായി ഒത്തുപോകാത്ത രീതിയിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചും സമ്പാദ്യങ്ങളെക്കുറിച്ചുമുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് പുതിയ വിവരങ്ങൾ പുറത്ത് വരുന്നത്. രാമക്ഷേത്ര ട്രസ്റ്റിൽ ജോലിയിൽ പ്രവേശിച്ച് ഒരു വർഷം ആകുമ്പോഴേയ്ക്കും മിശ്ര തന്റെ ഭാര്യ സുപ്രിയ മിശ്രയുടെ പേരിൽ ഭൂമി വാങ്ങിയതായാണ് ഇന്ത്യാ ടുഡേ റിപ്പോർട്.


അയോധ്യ-ലഖ്‌നൗ ഹൈവേയ്ക്ക് സമീപം സഹദത്‌ഗഞ്ച്-ബൻബീർപൂർ മേഖലയിലുള്ള സ്ഥലം 8.8 ലക്ഷം രൂപ ആധാരവില കാണിച്ചാണ് വാങ്ങിയത്. ഈ ഭൂമിയുടെയും അവിടെ നിർമാണത്തിലിരിക്കുന്ന വീടിന്റെയും നിലവിലെ വിപണി മൂല്യം ഏകദേശം 25 ലക്ഷം രൂപയോളം വരുമെന്നാണ് വിവരം. വീടിന്റെ ഭൂരിഭാ​ഗം പണികളും ഇതിനോടകം പൂർത്തിയായി കഴിഞ്ഞു. വയറിങ് ജോലികളാണ് നിലവിൽ നടക്കുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് വീടിന്റെ നിർമാണ് ആരംഭിച്ചതെന്ന് പ്രദേശവാസികൾ പറയുന്നു. വീട് നിർമാണത്തിന്റെ തുടക്കത്തിൽ കുടുംബം വരാറുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു.


രണ്ട് ​ദിവസം മുൻപ് വരെ വീട് നിർമാണത്തിനായി തൊഴിലാളികൾ ഉണ്ടായിരുന്നുവെന്നും എന്നാൽ രാമേക്ഷത്ര ഫണ്ട് തട്ടിപ്പ് പുറത്ത് വന്നതിന് ശേഷം ആരും തന്നെ പരിസരത്ത് വന്നിട്ടില്ലെന്നും പ്രദേശവാസികൾ വെളിപ്പെടുത്തി. മിശ്രയും കുടുംബവും സാധാരണക്കാരായ ആളുകളായിരുന്നുവെന്നും മോട്ടോർ സൈക്കിളിലായിരുന്നു യാത്ര ചെയ്തിരുന്നതെന്നും വലിയ സമ്പത്തിന്റെ ലക്ഷണങ്ങളൊന്നും കണ്ടിരുന്നില്ലെന്നും അയൽവാസികളും കൂട്ടിച്ചേർത്തു. അടുത്തിടെ മിശ്രയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ ഏകദേശം 12 ലക്ഷം രൂപ അന്വേഷണസംഘം കണ്ടെടുത്തിരുന്നു. കേസിൽ മിശ്ര ഉൾപ്പടെ 8 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home