ഇരുവഴിഞ്ഞിപ്പുഴയിൽ ഒഴുക്കിൽപെട്ട ടൂറിസ്റ്റ് ഗൈഡിന്റെ മൃതദേഹം കണ്ടെത്തി; അപകടം വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തുന്നതിനിടെ

ഷിബിലിയുടെ മൃതദേഹം സ്കൂബ ടീം പുറത്തെടു ത്തപ്പോൾ (ഇടത്), ഷിബിലി (വലത്)

സ്വന്തം ലേഖകൻ
Published on Jun 29, 2026, 06:36 PM | 1 min read
മുക്കം: ഇരുവഴിഞ്ഞിപ്പുഴയിൽ ആനക്കാംപൊയിൽ പതങ്കയം കാലമ്പാറ തൂക്കുപാലത്തിന് സമീപം മലവെള്ളപ്പാച്ചിലിൽപ്പെട്ട് കാണാതായ ടൂറിസ്റ്റ് ഗൈഡിന്റെ മൃതദേഹം കണ്ടെത്തി. മലപ്പുറം കുഴിമണ്ണ മുണ്ടംപറമ്പ് സ്വദേശി ഷിബിലി (25)യുടെ മൃതദേഹമാണ് മൂന്നാം ദിവസത്തെ തിരച്ചിലിൽ തിങ്കൾ രാവിലെ ഒമ്പതോടെ കണ്ടെടുത്തത്. ശനിയാഴ്ചയായിരുന്നു അപകടം.
അഗ്നിശമനസേനയുടെ സ്കൂബ ടീമിന്റെയും സിവിൽ ഡിഫൻസ് അംഗങ്ങളുടെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ നടന്ന തിരച്ചിലിൽ യുവാവ് ഒഴുക്കിൽപ്പെട്ടതിൻ്റെ 600 മീറ്റർ താഴെയായി സിയാൽ ജലവൈദ്യുത പദ്ധതിയുടെ ചെക്ക് ഡാമിന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടത്.
കർണാടകയിൽനിന്ന് എത്തിയ 11 അംഗ വിനോദസഞ്ചാരസംഘത്തിൻ്റെ ടൂറിസ്റ്റ് ഗൈഡ് ആയിരുന്നു ഷിബിലി. സംഘം പുഴയിൽ ഇറങ്ങിയതിനിടെ പെട്ടെന്ന് ഉണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട രണ്ട് വിനോദസഞ്ചാരികള രക്ഷിക്കുന്നതിനായി ഷിബിലി ശ്രമിക്കുകയായിരുന്നു. ഒഴുക്കിൽപ്പെട്ട ഷിബിലിയെ കാണാതായി. ശനി മുതൽ യുവാവിനായി പുഴയിൽ തിരച്ചിൽ തുടങ്ങിയെങ്കിലും ഇടയ്ക്കിടെ പെയ്ത ശക്തമായ മഴ കാരണം രക്ഷാപ്രവർത്തനം തടസ്സപ്പെട്ടു.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.











0 comments