ചമ്പക്കുളം മൂലം ജലോത്സവം: 'രാജപ്രമുഖ'നായി അരോമ

ചമ്പക്കുളം മൂലം ജലോത്സവത്തിൽ അരോമ ബോട്ട് ക്ലബ് ഒന്നാമതായി തുഴഞ്ഞ് കയറുന്നു
ആലപ്പുഴ: കേരളത്തിന്റെ ജലോത്സവ സീസണിന് വർണ്ണാഭമായ തുടക്കം കുറിച്ചുകൊണ്ട് പമ്പയാറ്റിൽ നടന്ന ചമ്പക്കുളം മൂലം ജലോത്സവത്തിൽ അരോമ ബോട്ട് ക്ലബ് രാജപ്രമുഖൻ ട്രോഫി സ്വന്തമാക്കി. ഏഴ് ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 14 കളിവള്ളങ്ങളാണ് ജലോത്സവത്തിൽ മാറ്റുരച്ചത്. ആവേശം അലതല്ലിയ മത്സരത്തിൽ, രഞ്ജിത്ത് സജീവന്റെ ക്യാപ്റ്റൻസിയിലുള്ള അരോമ ഫിനിഷിങ് പോയിന്റിൽ ഒന്നാമതെത്തി. സാബു നാരായണൻ ആശാരിയുടെ മേൽനോട്ടത്തിൽ ഈ വർഷം നിർമ്മിച്ചതാണ് അരോമ ചുണ്ടൻ വള്ളം. മൂന്നാം ട്രാക്കിലൂടെ കുതിച്ച നടുഭാഗം ചുണ്ടൻ രണ്ടാമതും, ഒന്നാം ട്രാക്കിലൂടെ എത്തിയ നടുവിലെ പറമ്പൻ മൂന്നാമതും ഫിനിഷ് ചെയ്തു.

ഉച്ചയ്ക്ക് രണ്ടിന് കലക്‌ടർ ഷാജി വി നായർ പതാക ഉയർത്തിയതോടെ ജലോത്സവത്തിന് തുടക്കമായി. മന്ത്രി പി സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ റെജി ചെറിയാൻ എംഎൽഎ അധ്യക്ഷനായി. 2.30ന് മാസ് ഡ്രില്ലും 2.45ന് ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണു പ്രദീപ് ഫ്ലാഗ് ഓഫ് ചെയ്ത ജലഘോഷയാത്രയും നടന്നു. മൂന്ന് മണിക്ക് ആരംഭിച്ച മത്സരങ്ങൾ ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സോടെയാണ് തുടങ്ങിയത്. തുടർന്ന് ചെറുവള്ളങ്ങളുടെ പ്രദർശന മത്സരങ്ങളും നടന്നു. ഇടവേളയ്ക്ക് ശേഷം ചെറുവള്ളങ്ങളുടെ ഫൈനലും, ചുണ്ടൻ വള്ളങ്ങളുടെ ലൂസേഴ്സ് ഫൈനലും പ്രധാന ഫൈനലും നടന്നു. ചമ്പക്കുളം ചുണ്ടൻ ലൂസേഴ്സ് ഫൈനലിൽ ഒന്നാം സ്ഥാനം നേടി.












0 comments