'ഇസ്ലാമിക രാഷ്ട്രമെന്ന ചിന്ത തന്നെ അപകടകരം'; ജമാഅത്തെ ഇസ്ലാമിയെ തള്ളി എം കെ മുനീർ

കോഴിക്കോട്: മതരാഷ്ട്രവാദം ഉപേക്ഷിക്കാനാകില്ലെന്ന് ആവർത്തിച്ച് പറയുന്ന ജമാഅത്തെ ഇസ്ലാമിയെ തള്ളി മുതിർന്ന മുസ്ലിംലീഗ് നേതാവ് എം കെ മുനീർ. മതേതര രാജ്യത്ത് ഇസ്ലാമിക രാഷ്ട്രമെന്ന സങ്കൽപം സാധ്യമല്ലെന്നും, അങ്ങനെ ചിന്തിക്കുന്നത് തന്നെ അപകടകരമാണെന്നും മുനീർ പറഞ്ഞു. മതരാഷ്ട്രമെന്ന സങ്കൽപ്പം മുസ്ലിംലീഗിന് ആലോചിക്കാനാകില്ല. അത്തരം ആശയങ്ങളെ ചെറുത്തുതോൽപ്പിക്കേണ്ടതാണെന്നും മുനീർ സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദികളല്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശനും മറ്റ് യുഡിഎഫ് നേതാക്കളും ന്യായീകരിക്കുമ്പോഴാണ് മുനീർ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
സംസ്ഥാന ഷൂറ കൗൺസിൽ അംഗം ശൈഖ് മുഹമ്മദ് കാരകുന്നാണ് ഇസ്ലാമിക് റിപ്പബ്ലിക്കിനെ ജമാഅത്തെ ഇസ്ലാമി തള്ളിപ്പറയില്ലെന്ന് പരസ്യമായി വ്യക്തമാക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പിലും ജമാഅത്തെ ഇസ്ലാമിയുമായി സഖ്യമുണ്ടാക്കുന്ന യുഡിഎഫിന് വലിയ തിരിച്ചടിയാണ് കാരകുന്നിന്റെ വെളിപ്പെടുത്തൽ.
തദ്ദേശ തെരഞ്ഞെടുപ്പിലടക്കം ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയരൂപമായ വെൽഫെയർ പാർടിയുമായി യുഡിഎഫ് സഖ്യമുണ്ടാക്കിയിരുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഈ സഖ്യം ആവർത്തിക്കുമെന്നാണ് കോൺഗ്രസ്- ലീഗ് നേതാക്കൾ അറിയിച്ചത്.










0 comments