print edition തൊഴിലുറപ്പ് അട്ടിമറിക്കെതിരെ പ്രതിഷേധമിരമ്പി

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ തൊഴിലുറപ്പ് തൊഴിലാളികൾ തിരുവനന്തപുരത്ത് ലോക്ഭവനിലേക്ക് നടത്തിയ മാർച്ച് . ഫോട്ടോ: എ ആർ അരുൺ രാജ്
തിരുവനന്തപുരം : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്രസർക്കാരിനെതിരെ സംഘടിപ്പിച്ച ഉജ്വല തൊഴിലാളി മാർച്ച് സംസ്ഥാനത്ത് വലിയ ജനകീയ മുന്നേറ്റമായി. തങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടാനുള്ള കേന്ദ്രസർക്കാർ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് ലോക്ഭവനിലേക്കും തൃശൂർ ഒഴിച്ചുള്ള ജില്ലകളിൽ കേന്ദ്രസർക്കാർ ഓഫീസുകളിലേക്കും നടത്തിയ പ്രതിഷേധ മാർച്ചുകളിൽ തൊഴിലാളി പ്രതിഷേധമിരമ്പി.
എൻആർഇജി വർക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തിൽ ലക്ഷക്കണക്കിന് തൊഴിലാളികൾ അണിനിരന്ന സമരം കേന്ദ്രസർക്കാരിനെതിരെയുള്ള താക്കീതായി. ലോക്‌ഭവൻ മാർച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനംചെയ്‌തു.
കാർഷികമേഖലയെ പൂർണമായും ഒഴിവാക്കിയതും പദ്ധതി നടത്തിപ്പിലെ ഭാരം സംസ്ഥാനങ്ങളെ ഏർപ്പിച്ചതും തൊഴിലുറപ്പിനെ അവതാളത്തിലാക്കാൻ ലക്ഷ്യമിട്ടാണ്. കോടിക്കണക്കിന് തൊഴിലാളികളുടെ ജീവിതമാർഗം തകർക്കുന്ന നടപടി പിൻവലിക്കണമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ ആവശ്യപ്പെട്ടു.
തൊഴിലുറപ്പ് നിയമം ഭേദഗതി ചെയ്‌തുള്ള ‘വിബിജി ആർഎഎംജി’ തട്ടിപ്പാണെന്ന് തൊഴിലാളികൾ തിരിച്ചറിയുന്നുണ്ടെന്നും കേന്ദ്രസർക്കാരിനെതിരായ പോരാട്ടത്തിൽ മറ്റ് തൊഴിലാളി, പുരോഗമന പ്രസ്ഥാനങ്ങളും മുന്നോട്ടുവരണമെന്നും അവർ പറഞ്ഞു.
സിപിഐ എം ജില്ലാസെക്രട്ടറി വി ജോയി, എൻആർഇജി വർക്കേഴ്‌സ് യൂണിയൻ സംസ്ഥാന സെക്രട്ടറി എസ് രാജേന്ദ്രൻ, ട്രഷറർ സി കെ ഹരീന്ദ്രൻ എംഎൽഎ, ജില്ലാപ്രസിഡന്റ് ഷൈലജാ ബീഗം, ജില്ലാസെക്രട്ടറി എസ് അജയകുമാർ, ട്രഷറർ മടവൂർ അനിൽ എന്നിവരും സംസാരിച്ചു.
കാസർകോട്ട് മാർച്ച് സിപിഐ എം സംസ്ഥാനസെക്രട്ടറിയറ്റ് അംഗം എം വി ജയരാജനും കണ്ണൂരിൽ കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജനും പത്തനംതിട്ടയിൽ കേന്ദ്രകമ്മിറ്റി അംഗം ടി എം തോമസ് ഐസക്കും ഉദ്‌ഘാടനം ചെയ്‌തു.










0 comments