കേരളത്തിന്റെ ആരോഗ്യ രംഗത്തെ അഭിനന്ദിച്ച് മഹാരാഷ്ട്ര ആരോഗ്യമന്ത്രി

Maharashtra Health Minister
വെബ് ഡെസ്ക്

Published on Sep 24, 2025, 02:40 PM | 1 min read

തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യ രംഗത്തെ പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് മഹാരാഷ്ട്ര ആരോഗ്യ മന്ത്രി പ്രകാശ് അഭിത്കർ. സംസ്ഥാനത്തെ ആശുപത്രികൾ സന്ദർശിച്ച ശേഷം ആരോഗ്യ വകുപ്പുമായി നടത്തിയ ചർച്ചയിലാണ് മഹാരാഷ്ട്ര ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം കേരളത്തെ അഭിനന്ദിച്ചത്. കേരളത്തിലെ മാതൃകാപരമായ പദ്ധതികളും ആരോഗ്യ കേന്ദ്രങ്ങളും അടുത്തറിയാനെത്തിയ സംഘം, ആരോഗ്യ മന്ത്രി വീണാ ജോർജുമായി കൂടിക്കാഴ്ച നടത്തി. സ്വീകാര്യമായ മാതൃകകൾ മഹാരാഷ്ട്രയിൽ നടപ്പിലാക്കുന്നതിന് മന്ത്രി എല്ലാ പിന്തുണയും അറിയിച്ചു.


യുഎസിനെക്കാളും കുറഞ്ഞ കേരളത്തിലെ ശിശുമരണ നിരക്ക് തികച്ചും മാതൃകാപരമാണ്. അപൂർവരോഗ ചികിത്സാ രംഗത്ത് കേരളം സ്തുത്യർഹമായ പ്രവർത്തനങ്ങളാണ് നടത്തിയത്. എല്ലാ കിടപ്പ് രോഗികൾക്കും സാന്ത്വന പരിചരണം ഉറപ്പാക്കുന്ന കേരളത്തിന്റെ പ്രവർത്തനം മറ്റ് സംസ്ഥാനങ്ങളും ഏറ്റെടുത്തിട്ടുണ്ട്. ആയുഷ് രംഗത്തെ കേരളത്തിന്റെ മുന്നേറ്റം ശ്രദ്ധേയമാണ്. നീതി ആയോഗ് വിളിച്ചു ചേർത്ത നാലാമത് ചീഫ് സെക്രട്ടറിമാരുടെ സമ്മേളനത്തിൽ കേരളത്തെ നോഡൽ സംസ്ഥാനമായി തെരഞ്ഞെടുത്തിരുന്നു. അതിന്റെയടിസ്ഥാനത്തിൽ കേരളത്തിന്റെ നേതൃത്വത്തിൽ അടുത്തിടെ ദേശീയ ശില്പശാല സംഘടിപ്പിച്ചു. 29 സംസ്ഥാന- കേന്ദ്ര ഭരണ പ്രദേശങ്ങളിലെ പ്രതിനിധികളാണ് കേരള മാതൃക അടുത്തറിയാനെത്തിയത്.


പേരൂർക്കട ജില്ലാ ആശുപത്രി, വേളി കുടുംബാരോഗ്യ കേന്ദ്രം, പൂജപ്പുര പഞ്ചകർമ്മ ആശുപത്രി, വലിയവിള ഗവ. ഹോമിയോപ്പതി ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ എന്നീ ആശുപത്രികളാണ് സംഘം സന്ദർശിച്ചത്. ചെറിയ സ്ഥാപനങ്ങളിൽ പോലും വലിയ വികസനം സാധ്യമാക്കിയതിനെ സംഘം അഭിനന്ദിച്ചു. മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് മന്ത്രിയോടൊപ്പം മഹാരാഷ്ട്ര എൻഎച്ച്എം സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഉൾപ്പെടെയുള്ള സംഘമാണ് ഉണ്ടായിരുന്നത്. കേരള ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, ആരോഗ്യ വകുപ്പിലേയും എൻഎച്ച്എംലേയും ആയുഷ് വകുപ്പിലേയും ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home