print edition 98–ാം വയസ്സിൽ മഹാഭാരതപര്യടനം; ഡോ. എം ലീലാവതിയുടെ ‘ഭാരതാലോകം’ വായനക്കാരിലേക്ക്


സ്വന്തം ലേഖകൻ
Published on Jul 15, 2026, 12:01 AM | 1 min read
കൊച്ചി: തൊണ്ണൂറ്റിയെട്ടാം വയസ്സിൽ മഹാഭാരതേതിഹാസത്തിലൂടെ മലയാളത്തിന്റെ എഴുത്തമ്മ ഡോ. എം ലീലാവതി നടത്തിയ സഞ്ചാരം ‘ഭാരതാലോകം’ എന്ന പുസ്‌തകമായി വായനക്കാരുടെ കൈകളിലേക്ക്. തൊണ്ണൂറ്റിയൊന്പതാം പിറന്നാൾ ദിനത്തിലേക്ക് ആഴ്‌ചകളുടെ ദൂരം മാത്രം ശേഷിക്കെയാണ് പ്രായാധിക്യത്തിന്റെ അവശതകളൊന്നുമേശാത്ത മനീഷിയിൽ പിറന്ന ടീച്ചറുടെ പുതിയ രചന വായനക്കാരിലേക്ക് എത്തുന്നത്.
ഒന്പതാം വയസ്സിലാണ് ടീച്ചറുടെ ആദ്യ ലേഖനം ബാലമാസികയിൽ പ്രസിദ്ധീകരിച്ചത്. 26ാം വയസ്സിൽ ആദ്യ പുസ്‌തകവും അച്ചടിച്ചിറങ്ങി. ‘ഫ്ലോറൻസ് നൈറ്റിംഗേൽ – അണയാത്ത ദീപം' (ജീവചരിത്രം). സാഹിത്യവിമർശനത്തിലെ ആദ്യ പുസ്തകം 1985-ൽ പുറത്തിറങ്ങിയ ‘കവിതാധ്വനി’ യാണ്. തുടർന്നിങ്ങോട്ട് എഴുതിയ പുസ്‌തകങ്ങളുടെ എണ്ണം ടീച്ചറുടെ കണക്കുപുസ്‌തകത്തിലില്ല. ‘മഹാഭാരതത്തെ അധികരിച്ച് ഒരു പുസ്‌തകമെഴുതിക്കൂടേ’ എന്ന എഴുത്തുകാരൻ എൻ ഇ സുധീറിന്റെ അന്വേഷണമാണ്, ടീച്ചർ പലകുറി സഞ്ചരിച്ച ഭാരതേതിഹാസത്തിലൂടെ വീണ്ടുമൊരു യാത്രയ്‌ക്ക് പ്രേരിപ്പിച്ചത്. രാമായണ മഹാകാവ്യത്തിലെ 24,000 ശ്ലോകങ്ങളുടെ വിവർത്തനം നിർവഹിച്ചിട്ടുള്ള ടീച്ചർ ഭാരതപര്യടനത്തിലൂടെ ഇതിഹാസകാവ്യത്തിന്റെ പുതിയ അർഥതലങ്ങളാണ് അന്വേഷിച്ചത്. നാലുമാസംകൊണ്ട് കാവ്യസഞ്ചാരം പൂർത്തിയാക്കി, ‘അവതാരപ്പിറവികൾ’ എന്ന തലക്കെട്ടിൽ ഭാരതാലോകത്തിന്റെ ആദ്യ അധ്യായം കുറിച്ചു. തുടർന്ന് രണ്ടുമാസംകൊണ്ട് ‘ശ്രീമഹാഭാരത സന്ദേശം’ എന്ന മുപ്പതാം അധ്യായത്തിൽ പുസ്‌തകം പൂർത്തിയാക്കി.
മലയാളത്തിൽ പല വ്യാഖ്യാനങ്ങളും പുനരാഖ്യാനങ്ങളും സംഗ്രഹങ്ങളും വിവർത്തനങ്ങളുമുള്ള മഹാഭാരതത്തെ മിത്ത് അഥവാ മിഥ്യയായാണ് ഭാരതാലോകം നോക്കിക്കാണുന്നതെന്ന് ഗ്രന്ഥപ്രവേശിക. ബംഗളുരുവിലെ പ്രിസം ബുക്‌സ് ആണ് പ്രസാധകർ. വില 450 രൂപ.










0 comments