ad
Deshabhimani

print edition മാധവ്‌ ഗാഡ്‌ഗിൽ ; ഹൃദയത്തെ പിന്തുടർന്ന 
ശാസ്‌ത്രജ്ഞൻ

madhav gadgil
വെബ് ഡെസ്ക്

Published on Jan 09, 2026, 02:30 AM | 2 min read


കൊച്ചി

കേംബ്രിജിൽ പഠിച്ച അച്ഛനിൽനിന്നാണ്‌ മാധവ്‌ ഗാഡ്‌ഗിലിന്‌ അക്കാദമിക മേഖലയിൽ താൽപ്പര്യമുണർന്നത്‌. സ്‌കൂൾ പ്രിൻസിപ്പലിന്റെ അനുവാദമില്ലാതെ കൂർഗിൽ ഒരു മാസം താമസിച്ചുള്ള ഗവേഷണത്തിന്‌ അയച്ചത്‌ അച്ഛനാണ്‌. അയൽക്കാരിയായിരുന്ന സാമൂഹിക ശാസ്‌ത്രജ്ഞ ഇരാവതി കാർവയ്‌ക്കൊപ്പം ഒന്പതാംവയസ്സിലായിരുന്നു ആദ്യ ഫീൽഡ്‌വർക്ക്‌. സ്ഥലം സന്ദർശിച്ച്‌ പഠിക്കേണ്ട ജോലിയോട്‌ ആഭിമുഖ്യം ഉണ്ടാക്കിയത്‌ അവരാണ്‌. അച്ഛന്റെ വലിയ ലൈബ്രറി പ്രധാന പാഠശാലയായി. ജാതിയുടെ ഭാഗമായുണ്ടായിരുന്ന പല ആചാരങ്ങളും ലംഘിച്ച അച്ഛന്റെ ധീരതയും മാധവിനെ സ്വാധീനിച്ചിട്ടുണ്ട്‌.


​പുണെയിലെ വീട്ടിലെത്തിയ റഷ്യൻ സാമ്പത്തികശാസ്‌ത്രജ്ഞൻ വസീലി ലിയോൺറ്റീഫ്‌ ഭാവിയെക്കുറിച്ച്‌ ചോദിച്ചപ്പോൾ "എനിക്ക്‌ ജീവശാസ്‌ത്രജ്ഞനാകണം' എന്നായിരുന്നു പന്ത്രണ്ടുകാരന്റെ ഉറച്ച മറുപടി. ഡോക്‌ടറോ എൻജിനിയറോ ആകാൻ സാമർഥ്യവും സാഹചര്യവുമുണ്ടായിരുന്ന വിദ്യാർഥി അത്രകണ്ട്‌ "ഗുണം' ഇല്ലാത്ത ജീവശാസ്‌ത്രത്തിലേക്ക്‌ പോകുന്നത്‌ അധ്യാപകർക്കുപോലും അത്ഭുതമായിരുന്നു. മാധവിന്റെ തീരുമാനങ്ങൾക്ക്‌ അച്ഛൻ പൂർണപിന്തുണ നൽകി. പക്ഷിനിരീക്ഷണത്തിലേക്ക്‌ എത്തിച്ചതും അച്ഛനാണ്‌. പുണെയിലെ ഫെർഗൂസൻ കോളേജിൽനിന്ന്‌ ജീവശാസ്‌ത്രത്തിൽ ബിരുദം (1963) നേടിയശേഷം ബോംബെ സർവകലാശാലയിൽനിന്ന്‌ ജന്തുശാസ്‌ത്രത്തിലായിരുന്നു ബിരുദാനന്തര ബിരുദം (1965). ശേഷം 1969 ൽ ഹാർവഡ് സർവകലാശാലയിൽനിന്നാണ്‌ പിഎച്ച്‌ഡി. തുടർന്ന്‌ രണ്ടു വർഷം അവിടെത്തന്നെ ലക്‌ചറർ. ​


കംപ്യൂട്ടർ ഉപയോഗിച്ച ആദ്യ തലമുറ ജൈവശാസ്‌ത്രജ്ഞരിൽ ഒരാളായ ഗാഡ്‌ഗിൽ ഇതിനിടെ കംപ്യൂട്ടിങ്ങിൽ ഐബിഎം ഫെലോഷിപ്പും നേടി. 1971 ൽ ഇന്ത്യയിൽ തിരിച്ചെത്തി അഗാർക്കർ റിസർച്ച്‌ ഇൻസ്‌റ്റിറ്റ്യൂട്ടിൽ സൈന്റിഫിക്‌ ഓഫീസറായി. 1973 ലാണ്‌ ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിൽ (ഐഐഎസ്‌സി) ജോലിയിൽ പ്രവേശിക്കുന്നത്‌. 1986 മുതൽ 1990 വരെ പ്രധാനമന്ത്രിയുടെ ശാസ്‌ത്ര ഉപദേശക ക‍ൗൺസിലിൽ അംഗം. നീലഗിരിയെ ജൈവമണ്ഡല സംവരണ മേഖലയാക്കി പ്രഖ്യാപിക്കാനുള്ള പ്രവർത്തനങ്ങളിൽ മുന്നണിയിൽ പ്രവർത്തിച്ചത്‌ ഇക്കാലത്താണ്‌. 31 വർഷം നീണ്ട സേവനത്തിനുശേഷം 2004 ൽ ഐഐഎസ്‌സിയിൽനിന്ന്‌ ചെയർമാനായാണ്‌ വിരമിച്ചത്‌. അവിടെ സെന്റർ ഫോർ ഇക്കോളജിക്കൽ സയൻസസും, സെന്റർ ഫോർ തിയററ്റിക്കൽ സ്‌റ്റഡീസും സ്ഥാപിച്ചത്‌ ഗാഡ്‌ഗിലാണ്‌. 1998 മുതൽ 2002 വരെ ഐക്യരാഷ്‌ട്ര സംഘടനയുടെ സയൻസ്‌ ആൻഡ്‌ ടെക്‌നോളജി അഡ്‌വൈസറി പാനൽ ഓഫ്‌ ഗ്ലോബൽ എൻവയോൺമെന്റ്‌ ഫെസിലിറ്റിയുടെ ചെയർമാനായും പ്രവർത്തിച്ചു.​


2010 ൽ പശ്‌ചിമഘട്ടത്തിലെ പരിസ്ഥിതിയെക്കുറിച്ച്‌ പഠിക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ച വിദഗ്‌ധസമിതിയുടെ അധ്യക്ഷനായി. ഗാഡ്‌ഗിൽ കമ്മിറ്റി എന്നറിയപ്പെട്ട സംഘം അടുത്തവർഷം റിപ്പോർട്ട്‌ സമർപ്പിച്ചു. പശ്ചിമഘട്ടത്തിലെ 129,037 ചതുരശ്ര കി. മീ. വിസ്‌തൃതിയുടെ മുക്കാൽഭാഗവും പരിസ്ഥിതിലോലമായി പ്രഖ്യാപിക്കണമെന്ന റിപ്പോർട്ട് കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ഏറെ വിവാദമായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home