കുടുംബശ്രീയുടെ സ്വാദ് ഇനി സ്കൂളുകളിലേക്കും; വരുന്നു 'മാ കെയർ'

kudumbashree
വെബ് ഡെസ്ക്

Published on Jun 28, 2025, 07:02 PM | 2 min read

തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ സ്കൂളുകളിൽ കുടുംബശ്രീയുടെ "മാ കെയർ' പദ്ധതിയെത്തുന്നു. ഇതിന്റെ ഭാഗമായി വിദ്യാർഥികൾക്ക് ആരോഗ്യകരവും പോഷക സമ്പുഷ്ടമായ ലഘുഭക്ഷണങ്ങൾ, പാനീയങ്ങൾ, സ്കൂൾ സ്റ്റേഷനറി ഐറ്റങ്ങൾ, സാനിട്ടറി നാപ്കിനുകൾ എന്നിവ ലഭ്യമാക്കുന്നതിന് സ്കൂൾ കോമ്പൗണ്ടിൽ തന്നെ കിയോസ്കുകൾ തുറക്കും. കിയോസ്കുകൾ സ്ഥാപിക്കാൻ സ്ഥലം ലഭ്യമല്ലെങ്കിൽ ഉപയോഗിക്കാതെ കിടക്കുന്ന ക്ലാസ് മുറികൾ ഇതിനായി ഉപയോഗിക്കും.


ഇതോടെ വിദ്യാർഥികളും, അധ്യാപകരും ഉൾപ്പെടെയുള്ളവർക്ക് കിയോസ്കിൽ നിന്നും ഭക്ഷണ പാനീയങ്ങളും മറ്റു സാധനങ്ങളും മിതമായ നിരക്കിൽ വാങ്ങാനാകും. ജൂലൈയിൽ ഹയർ സെക്കണ്ടറി, ഹൈസ്കൂൾ വിഭാഗത്തിനു കീഴിലുള്ള ആയിരം സ്കൂളികളിലെങ്കിലും പദ്ധതി തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റികാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ്. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി എന്നിവരുടെ നേതൃത്വത്തിൽ മെയ് 17-ന് നടന്ന യോഗത്തിലാണ് പദ്ധതി തുടങ്ങാനുള്ള തീരുമാനമായത്.


പദ്ധതി തുടങ്ങുന്നതിനു മുന്നോടിയായി ജില്ലാപഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ അതത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സ്കൂൾ അധികൃതർ, സിഡിഎസ് അധ്യക്ഷ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേരും. സ്കൂളുകളിൽ കിയോസ്കുകൾ സ്ഥാപിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ നടത്തുന്നതുമായി ബന്ധപ്പെട്ട് കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്റർമാർക്ക് നിർദേശവും നൽകി.


കുടുംബശ്രീ വനിതകൾക്ക് വരുമാനം ലഭ്യമാക്കുന്നതോടൊപ്പം ഉപജീവന മേഖലയെ ശക്തിപ്പെടുത്തുന്നതു കൂടി ലക്ഷ്യമിട്ടു കൊണ്ടാണ് "മാ കെയർ' കിയോസ്ക് പദ്ധതി നടപ്പാക്കുക. പദ്ധതി ആരംഭിക്കുന്നതു വഴി ആദ്യഘട്ടത്തിൽ കുറഞ്ഞത് 5000 വനിതകൾക്കെങ്കിലും മികച്ച ഉപജീവന മാർഗം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.


നിലവിൽ കാസർകോട്, കണ്ണൂർ ജില്ലകളിൽ ആരംഭിച്ച പദ്ധതിക്ക് മികച്ച സ്വീക്യാര്യത നേടാനായിട്ടുണ്ട്. ലഘുഭക്ഷണങ്ങളും പാനീയങ്ങളും പഠന സഹായത്തിനാവശ്യമായ സ്റ്റേഷനറികളും ഉൾപ്പെടെ ലഭ്യമാക്കുന്നതു വഴി സ്കൂൾ സമയത്ത് കുട്ടികൾ പുറത്തു പോകുന്നത് ഒഴിവാക്കാനാകുമെന്നും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ സ്കൂൾ കോമ്പൗണ്ടിനുള്ളിൽ തന്നെ ആരോഗ്യകരമായ ലഘുഭക്ഷണ പാനീയങ്ങൾ ലഭിക്കുന്നതിനാൽ സ്കൂളിനു വെളിയിലുളള അനാരോഗ്യകരമായ ഭക്ഷണങ്ങളും ലഹരി പദാർത്ഥങ്ങളും ഉപയോഗിക്കുന്നതിനുള്ള സാഹചര്യങ്ങൾക്ക് തടയിടാനും കഴിയും.


കിയോസ്കുകൾ നടത്താൻ താൽപര്യമുള്ള സംരംഭകരെ സിഡിഎസിന്റെ പിന്തുണയോടെ കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജിതമാണ്. തിരഞ്ഞെടുക്കുന്നവർക്ക് കുടുംബശ്രീയുടെ നേതൃത്വത്തിൽ സംരംഭ മാതൃകയിൽ കിയോസ്ക് നടത്തുന്നതിനാവശ്യമായ പരിശീലനം നൽകും. കുടുംബശ്രീയുടെ വിവിധ പദ്ധതികൾ, കമ്യൂണിറ്റി എന്റർപ്രൈസ് ഫണ്ട്, ലിങ്കേജ് വായ്പ, ത്രിതല പഞ്ചായത്തുകളുടെ പദ്ധതി വിഹിതം എന്നിവ വഴി സംരംഭം ആരംഭിക്കുന്നതിനുള്ള സാമ്പത്തിക സഹായവും ലഭ്യമാക്കും.



deshabhimani section

Related News

View More
0 comments
Sort by

Home