print edition നവ ഫാസിസ്റ്റ് ആക്രമണങ്ങൾ പ്രതിരോധിക്കണം: എം എ ബേബി

അടിയന്തരാവസ്ഥയ്ക്കെതിരെ തിരുവനന്തപുരത്ത് നടത്തിയ പ്രതിഷേധപ്രകടനത്തിന്റെ 51---–ാം വാർഷിക ദിനാചരണം സിപിഐ എം ജനറൽ സെക്രട്ടറി എംഎ ബേബി ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം: രാജ്യം അപ്രഖ്യാപിത അടിയന്തരാവസ്ഥയിലാണെന്നും നവ ഫാസിസ്‌റ്റ് പ്രവണതകളും ആക്രമണങ്ങളും വ്യാപിക്കുകയാണെന്നും സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. മാധ്യമപ്രവർത്തകൻ ആർ രാജഗോപാലിന്റെ വോട്ടവകാശം തീവ്ര വോട്ടർപ്പട്ടിക പുനഃപരിശോധനയിൽ വെട്ടി. പാസ്‌പോർട്ടും നിഷേധിച്ചു.
പൗരത്വമില്ലാത്ത സ്ഥിതി. എസ്‌ഐആറിൽ തന്റെയും ഭാര്യ ബെറ്റിയുടെയും പേരുകളും വെട്ടിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. അധികൃതർക്ക് മുന്നിൽ നേരിട്ട് ഹാജരായാണ് വോട്ടവകാശം പുനഃസ്ഥാപിച്ചത്.
അടിയന്തരാവസ്ഥയ്‌ക്കെതിരെ രാജ്യത്താദ്യമായി 1975 ജൂലൈ ഒന്നിന് തിരുവനന്തപുരത്ത് നടത്തിയ പ്രതിഷേധ പ്രകടനത്തിന്റെ 51-–ാം വാർഷികത്തിൽ എസ്‌എഫ്‌ഐ സംഘടിപ്പിച്ച ‘നിർഭയത്വ ദിനം’ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യൂണിവേഴ്‌സിറ്റി കോളേജിൽ നടന്ന പരിപാടിയിൽ എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്റ് വിജയ് വിമൽ അധ്യക്ഷനായി. അന്ന് പ്രകടനത്തിൽ പങ്കെടുത്ത എം വിജയകുമാർ, ജെ പ്രസാദ്, വി മാധവൻ പിള്ള, എം ജലാലുദീൻ, ജി രാജഗോപാൽ, എം ശിവാനന്ദൻ എന്നിവർ ജയിൽ അനുഭവങ്ങൾ പങ്കുവച്ചു.
അടിയന്തരാവസ്ഥയെക്കുറിച്ച് ജയറാണി എഴുതിയ പുസ്‌തകത്തിന്റെ കവർ ബേബി പ്രകാശിപ്പിച്ചു. അടിയന്തരാവസ്ഥയിൽ 21 ദിവസം തടവിലാക്കപ്പെട്ട ദരിദ്ര ഗ്രാമീണരുടെ കുടുംബങ്ങളിൽനിന്നുള്ള 19 സ്‌കൂൾ കുട്ടികളുടെ അനുഭവകഥ പറയുന്ന ‘ഒഴിയാതെ’ ഡോക്യുമെന്ററിയുടെ സംവിധായകൻ ഫറൂക്ക് അബ്ദുൾ റഹ്‌മാനും സംസാരിച്ചു. എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്, സെക്രട്ടറി പി എസ് സഞ്ജീവ്, അർജുൻ, വിജീഷ്, റയാൻ ദേവിക, ജയറാണി, മീനാക്ഷി, അമിത തുടങ്ങിയവർ സംസാരിച്ചു.











0 comments