ad
Deshabhimani

കോൺഗ്രസ് - ബിജെപി അന്തർധാര മറച്ചുവെക്കാൻ വ്യാജപ്രചാരണം; എൽഡിഎഫ് ഇത്തവണ സെഞ്ചുറി തികയ്ക്കും: എം എ ബേബി

MA Baby.jpg
വെബ് ഡെസ്ക്

Published on Apr 04, 2026, 01:34 PM | 1 min read

കോട്ടയം: സംസ്ഥാനത്ത് കോൺഗ്രസും ബിജെപിയും തമ്മിലുള്ള രഹസ്യ ധാരണകൾ മറച്ചുവെക്കാനാണ് എൽഡിഎഫിനെതിരെ ബിജെപി ബന്ധം ആരോപിക്കുന്നതെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. ന്യൂനപക്ഷങ്ങളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ ഇടതുപക്ഷം എക്കാലവും ഉറച്ചുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.


കോട്ടയത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് നൂറിലധികം സീറ്റുകൾ നേടി കരുത്ത് തെളിയിക്കും. കഴിഞ്ഞ തവണ സെഞ്ചുറി അടിച്ചില്ല എന്ന സങ്കടം ഈ തിരഞ്ഞെടുപ്പോടെ തീരുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഉദാരവത്കരണ-ആഗോളവത്കരണ നയങ്ങളിലും ഇലക്ടറൽ ബോണ്ട് വഴി പണം വാങ്ങുന്നതിലും കോൺഗ്രസും ബിജെപിയും ഒരേ തൂവൽപക്ഷികളാണ്.


മുസ്ലിം ലീഗിനെ ഭരണതലപ്പത്തേക്ക് എത്തിക്കാൻ മുൻകൈ എടുത്തത് ഇഎംഎസ് ആയിരുന്നു. ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായി എന്നും നിലകൊണ്ടത് ഇടതുപക്ഷമാണെന്നും ബേബി ചൂണ്ടിക്കാട്ടി. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് കോൺഗ്രസിനെതിരെ രൂക്ഷമായ വിമർശനമാണ് എം എ ബേബി ഉയർത്തിയത്. സ്വർണ്ണക്കൊള്ളയിലെ പ്രധാന പ്രതികൾ സോണിയ ഗാന്ധിയെ സന്ദർശിച്ചതിൽ വലിയ ദുരൂഹതയുണ്ട്.


അതീവ സുരക്ഷയുള്ള ഇടങ്ങളിൽ പ്രതികൾ ഒന്നിലധികം തവണ എത്തിയത് കോൺഗ്രസ് നേതൃത്വം വിശദീകരിക്കണം. സഭ നിർത്തിവെച്ച് ഈ വിഷയം ചർച്ച ചെയ്യാൻ എൽഡിഎഫ് തയ്യാറായെങ്കിലും പ്രതിപക്ഷം അതിൽ നിന്ന് ഒളിച്ചോടുകയായിരുന്നു. തെറ്റ് ചെയ്തവരെ സംരക്ഷിക്കുന്ന നിലപാട് സിപിഐ എമ്മിനില്ലെന്നും വീഴ്ച വരുത്തിയവർക്കെതിരെ പാർട്ടി കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


എസ്ഡിപിഐയുമായി തിരഞ്ഞെടുപ്പ് ധാരണയുള്ളത് കോൺഗ്രസിനാണെന്ന് ബേബി ആരോപിച്ചു. കാസർകോട് എസ്ഡിപിഐ സ്ഥാനാർത്ഥിയെ പിൻവലിപ്പിച്ചത് യുഡിഎഫ് ഇടപെട്ടാണ്. എന്നാൽ മാധ്യമങ്ങൾ സിപിഐ എമ്മിനെ മാത്രം ഓഡിറ്റ് ചെയ്യാനാണ് ശ്രമിക്കുന്നത്. എൽഡിഎഫ് ആരോടും വോട്ട് അഭ്യർത്ഥിച്ചിട്ടില്ലെന്നും വർഗീയ സംഘടനകളുമായി ചർച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


പേരാമ്പ്രയിലെ അനൗൺസ്‌മെന്റ് വിവാദത്തിൽ തെറ്റുപറ്റിയെങ്കിൽ തിരുത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സ്ഥാനാർത്ഥിയുടെ അറിവോടെയല്ല അത് സംഭവിച്ചതെന്നും ഫാത്തിമ തഹ്‌ലിയക്കെതിരായ പരാതി നിയമപരമായി മുന്നോട്ടുപോകട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home