ശ്രമം തുടങ്ങിയത് നായനാർ സർക്കാർ
വിഴിഞ്ഞം സാധ്യമാക്കിയത് എൽഡിഎഫ് ഇടപെടൽ : എം വി ഗോവിന്ദൻ

തിരുവനന്തപുരം :
എൽഡിഎഫ് സർക്കാരുകളുടെ ഇടപെടലിന്റെ ഫലമായാണ് വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം സാധ്യമായതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. വികസനപദ്ധതികളൊന്നും നടപ്പാക്കാൻ വിടില്ലെന്നാണ് യുഡിഎഫ് പറഞ്ഞുകൊണ്ടിരിക്കുന്നത്. പദ്ധതി അട്ടിമറിക്കാനായിരുന്നു ശ്രമം. പൊലീസ് സ്റ്റേഷൻ ആക്രമിച്ച് കലാപമുണ്ടാക്കാൻ ശ്രമിച്ചു. വിമോചനസമരം തുടങ്ങുന്നു എന്നാണ് യുഡിഎഫ് നേതാക്കൾ പറഞ്ഞത്–- എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വലിയ വികസനസാധ്യത
2028ൽ പൂർണസജ്ജമാകുന്നതോടെ ലോകത്തിലെ പ്രധാന ചരക്കുഗതാഗത കേന്ദ്രമാകും വിഴിഞ്ഞം. ഇത് വലിയ വികസനസാധ്യതകളാണ് തുറക്കുന്നത്. കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ വലിയ മാറ്റംവരും. വിഴിഞ്ഞത്ത് ലോജിസ്റ്റിക്കൽ ടൗൺഷിപ്, കോവളത്ത് ഹെൽത്ത് ടൂറിസം ക്ലബ്, കാട്ടാക്കടയിൽ ഗ്രീൻ ആൻഡ് സ്‌മാർട്ട് ഇൻഡസ്ട്രിയൽ ക്ലബ്, കിളിമാനൂരിലും കല്ലമ്പലത്തും അഗ്രോ ആൻഡ് ഫുഡ് പ്രോസസിങ് ഹബ്, വിഴിഞ്ഞം–-നാവായിക്കുളം വളർച്ചാ ഇടനാഴി എന്നിവ വരും.
ശ്രമം തുടങ്ങിയത് നായനാർ സർക്കാർ
തുറമുഖത്തിനായി ശ്രമം തുടങ്ങിയത് ഇ കെ നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. 2006ൽ വി എസ് സർക്കാർ വന്നതോടെ പദ്ധതിക്ക് ജീവൻവയ്‌പ്പിക്കാനുള്ള ശ്രമം തുടങ്ങി. സർവകക്ഷി യോഗം വിളിച്ചുചേർത്തു. കരാർ വച്ച സൂം കൺസോർഷ്യത്തിന് സുരക്ഷാകാരണം പറഞ്ഞ് കേന്ദ്രസർക്കാർ അനുമതി നൽകിയില്ല. 2008ൽ വീണ്ടും സർവകക്ഷി യോഗം ചേർന്നു. റീടെൻഡറിലേക്ക് കടന്നു. ഗ്ലോബൽ മീറ്റ് നടത്തി. 151 കോടി സർക്കാരിന് തരാൻ തയ്യാറായ ലാൻകോ കൊണ്ടപ്പള്ളി കമ്പനിയുമായി കരാറുണ്ടാക്കി.
അടിസ്ഥാന സൗകര്യം ഒരുക്കാൻ സർക്കാർ 450 കോടി അനുവദിച്ചു. സൂം കൺസോർഷ്യം കോടതിയിൽ പോയതോടെ ലാൻകോ കൊണ്ടപ്പള്ളി പിൻമാറി. ഈ സാഹചര്യത്തിൽ ഇന്റർനാഷണൽ ഫിനാൻസ് കോർപറേഷനെ കൺസൾട്ടന്റായി നിശ്ചയിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ളതും നിർമാണച്ചെലവ് സർക്കാർ കണ്ടെത്തുകയും നടത്തിപ്പിനുവേണ്ടിമാത്രം നാമമാത്ര സ്വകാര്യ പങ്കാളിത്തവുമാണ് വിഭാവനംചെയ്തത്. പദ്ധതിക്കായി ഐഎഫ്‌സി വകയിരുത്തിയ തുകയിൽ 450 കോടി ബജറ്റിലൂടെയും 2500 കോടി എസ്‌ബിടി ലീഡ് പാർട്‌ണറായ ബാങ്ക് കൺസോർഷ്യംവഴിയും സമാഹരിക്കാനാണ് നിശ്ചയിച്ചത്. അടിസ്ഥാനസൗകര്യ വികസനത്തിന് 120 ഏക്കർ ഏറ്റെടുക്കാൻ നടപടിയെടുത്തു.
സംസ്ഥാനതാൽപ്പര്യം അട്ടിമറിച്ചത് യുഡിഎഫ്
യുഡിഎഫ് വന്നതോടെ ധനസമാഹരണ നടപടികൾ അട്ടിമറിച്ചു. സംസ്ഥാന താൽപര്യങ്ങൾക്ക് വിരുദ്ധമായ വ്യവസ്ഥകളോടെ അദാനിയുമായി കരാറുണ്ടാക്കി. കരാറുമായി മുന്നോട്ടുപോകാനാണ് എൽഡിഎഫ് സർക്കാർ തീരുമാനിച്ചത്. വ്യവഹാരങ്ങളിലേക്ക് പോയി പദ്ധതി വൈകിപ്പിക്കരുത് എന്നതിനാലാണിത്. പദ്ധതിയുടെ പിതൃത്വത്തെച്ചൊല്ലി കെ മുരളീധരൻ മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമർശം തികഞ്ഞ തോന്ന്യവാസമാണെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി എം വി ഗോവിന്ദൻ പറഞ്ഞു.









0 comments