print edition തദ്ദേശ തെരഞ്ഞെടുപ്പിലെ മുന്നേറ്റം മൂന്നാം ഉൗഴത്തിന്റെ തുടക്കം : എം വി ഗോവിന്ദൻ

ആലപ്പുഴ
ഇടതുപക്ഷം മൂന്നാമതും അധികാരത്തിലെത്തുന്നത് കേരളത്തെ വീണ്ടും ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താനാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അതിനുള്ള തുടക്കമായിരിക്കും തദ്ദേശ തെരഞ്ഞെടുപ്പിലെ ഇടത് മുന്നേറ്റം. യുഡിഎഫ് മത്സരിക്കുന്നത് നാടിനുവേണ്ടിയല്ല. അവിടെ നേതാക്കൾ മുഖ്യമന്ത്രിയാകാനുള്ള തയ്യാറെടുപ്പിലാണ്. അതിനായി എത് വർഗീയകക്ഷികളുമായും കൂട്ടുകൂടും. ഹിന്ദുരാഷ്ട്രം സൃഷ്ടിക്കാൻ സംഘപരിവാർ ഇതിനെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം മാന്നാറിൽ സംഘടിപ്പിച്ച രാഷ്‌ട്രീയ വിശദീകരണ യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംഘപരിവാറിന്റെ ഹിന്ദുരാഷ്ട്രം ഹിന്ദുക്കൾക്ക് വേണ്ടിയല്ല. കോർപറേറ്റുകൾക്ക് വേണ്ടിയാണ്. അവർക്കെതിരെ നിൽക്കുന്ന സംസ്ഥാനങ്ങളെ കേന്ദ്രസർക്കാരിനെ ഉപയോഗിച്ച് സാമ്പത്തികമായി തകർക്കും. മോദി കേരളത്തോട് കാണിക്കുന്ന സാമ്പത്തിക ഉപരോധശൈലിയാണ് ട്രംപ് അമേരിക്കയിലും നടപ്പിലാക്കുന്നത്. ന്യുയോർക്ക് തെരഞ്ഞെടുപ്പിൽ സൊഹ്‌റാൻ മംദാനിയുടെ ജയം ട്രംപിന്റെ സമീപനത്തിനുള്ള തിരിച്ചടിയാണ്.
തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ബിജെപിയുടെ തകർച്ച മോദിയുടെ കേരളവിരുദ്ധ സമീപനത്തിനും മറുപടിയാകും. രാജ്യത്ത് ഏറ്റവും കുറവ് അതിദരിദ്രരുണ്ടായിരുന്ന സംസ്ഥാനമാണ് കേരളം. അത് പൂർണമായി തുടച്ചുനീക്കുന്ന പ്രവർത്തനമാണ് നാലര വർഷമായി സർക്കാർ നടപ്പിലാക്കിയത്. ഉൾപ്പെടാതെ പോയവരുണ്ടെങ്കിൽ അവരെയും കണ്ടെത്തി അതിദാരിദ്ര്യ മുക്തമാക്കും. എന്നാൽ ഇൗ നേട്ടം അംഗീകരിക്കാൻ യുഡിഎഫിനും ബിജെപിക്കും സാധിക്കില്ല. ചില വലതുപക്ഷ മാധ്യമങ്ങൾ അവരെ പിന്തുണയ്‌ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.









0 comments