ad
Deshabhimani

വികസനമുന്നേറ്റ ജാഥയ്ക്ക്‌ കൽപ്പറ്റയിലെ 
മുണ്ടക്കെെ ട‍ൗൺഷിപ്പിൽ ഹൃദ്യമായ വരവേൽപ്പ്‌

print edition അതിജീവനച്ചുരമിറങ്ങി സ്‌നേഹപ്രവാഹം

jadha

കൽപ്പറ്റയിലെ മുണ്ടക്കെെ ടൗൺഷിപ് സന്ദർശിച്ച 
എൽഡിഎഫ് വടക്കൻ മേഖലാ വികസനമുന്നേറ്റ 
ജാഥാ ക്യാപ്റ്റൻ എം വി ഗോവിന്ദനെയും 
അംഗങ്ങളെയും ദുരന്ത അതിജീവിതർ സ്വീകരിക്കുന്നു / ഫോട്ടോ: ബിനുരാജ്

avatar
അജ്‌നാസ്‌ അഹമ്മദ്‌

Published on Feb 07, 2026, 03:00 AM | 2 min read


കൽപ്പറ്റ

‘ഉരുളിൽ പൊലിഞ്ഞ ജീവിതം തിരിച്ചുതന്നവരാണ്‌. പറഞ്ഞുപറ്റിക്കാതെ വാക്കുപാലിച്ചവരാണ്‌. ഞങ്ങളുടെ ട‍ൗൺഷിപ്പിലേക്ക്‌ അവരെത്തുന്പോൾ സ്വീകരിക്കാൻ എത്താതിരിക്കുന്നതെങ്ങനെ. വയ്യെങ്കിലും വീട്ടിലിരിക്കാനായില്ല’– എൽഡിഎഫ്‌ വടക്കൻ മേഖലാ വികസനമുന്നേറ്റ ജാഥയെ കൽപ്പറ്റയിലെ മുണ്ടക്കെെ ട‍ൗൺഷിപ്പിൽ സ്വീകരിക്കാനെത്തിയ മുണ്ടക്കൈയിലെ അനിൽകുമാറിന്റെ വാക്കുകളിൽ സർക്കാരിനോടുള്ള നിറഞ്ഞ സ്‌നേഹം.


കൽപ്പറ്റ നഗരത്തിലെ സ്വീകരണത്തിനുശേഷം ട‍ൗൺഷിപ്പിലേക്ക്‌ എത്തിയ ജാഥാ ക്യാപ്‌റ്റൻ എം വി ഗോവിന്ദനെയും ജാഥാംഗങ്ങളെയും അനിൽകുമാർ ഉൾപ്പെടെയുള്ള ദുരന്ത അതിജീവിതർ ഉ‍ൗഷ്‌മളമായി സ്വീകരിച്ചു. ഉരുളൊഴുക്കിൽ നട്ടെല്ലിനു പരിക്കേറ്റ അനിൽകുമാറിന്‌ ആഴ്ചകൾക്കു മുമ്പാണ്‌ ശസ്‌ത്രക്രിയ കഴിഞ്ഞത്‌. വീട്ടിൽ വിശ്രമത്തിലായിരുന്നെങ്കിലും ജാഥ എത്തുന്നതറിഞ്ഞ്‌ ട‍ൗൺഷിപ്പിലേക്ക്‌ വന്നു. അമ്മ ലീലാവതിയെയും രണ്ടരവയസുള്ള മകൻ ശ്രീനിഹാലിനെയും ഉരുളെടുത്തു.


anil
ജാഥാ ക്യാപ്റ്റൻ എം വി ഗോവിന്ദൻ അനിൽകുമാറിനോട് സംസാരിക്കുന്നു


ക്രൊയേഷ്യയിൽ ജോലിചെയ്‌തിരുന്ന അനിൽകുമാർ അവധിക്കെത്തി പുതിയ വീട്ടിലേക്ക്‌ മാറാൻ പത്തുദിവസം ബാക്കിയുള്ളപ്പോഴായിരുന്നു ദുരന്തം. ഗുരുതര പരിക്കേറ്റ്‌ ആശുപത്രിയിൽ കിടന്നപ്പോൾ പ്രധാനമന്ത്രി എത്തി സഹായം വാഗ്‌ദാനം ചെയ്‌തിരുന്നു. ഹിന്ദി അറിയുന്നതുകൊണ്ട്‌ പ്രധാനമന്ത്രിയോട്‌ വിശദമായി സംസാരിച്ചു. എന്നാൽ, ഒരു സഹായവും ലഭിച്ചില്ല. പ്രധാനമന്ത്രിയോട്‌ പറഞ്ഞതെല്ലാം പാഴായെന്ന്‌ അനിൽകുമാർ പറയുന്നു.


തിരിച്ചുലഭിക്കാത്ത നഷ്‌ടങ്ങളിലും മനുഷ്യസാധ്യമായതെല്ലാം തിരിച്ചുതരുന്ന സർക്കാരിനോടുള്ള നന്ദി അറിയിച്ചാണ്‌ അവർ ജാഥാംഗങ്ങളെ യാത്രയാക്കിയത്‌. ട‍ൗൺഷിപ്പിലെ പ്രവൃത്തി വിലയിരുത്തിയശേഷമാണ്‌ ജാഥാക്യാപ്‌റ്റൻ മടങ്ങിയത്‌. സിപിഐ എം ജില്ലാ സെക്രട്ടറി കെ റഫീഖ്‌, സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.


വടക്കൻ മേഖലാ ജാഥ വെള്ളിയാഴ്‌ച വയനാട്ടിലെ പര്യടനം പൂർത്തിയാക്കി കോഴിക്കോട്ടെത്തി. ശനിയാഴ്ച പേരാന്പ്ര, നാദാപുരം, കുറ്റ്യാടി എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം വടകരയിൽ സമാപിക്കും.


പി സന്തോഷ്‌കുമാർ (മാനേജർ– സിപിഐ ദേശീയ സെക്രട്ടറിയറ്റംഗം ), കെ എസ് സലീഖ (സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം), മനയത്ത് ചന്ദ്രൻ (ആർജെഡി സംസ്ഥാന സെക്രട്ടറി), പി പി ദിവാകരൻ (ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി), യു ബാബു ഗോപിനാഥ് (കോൺഗ്രസ് എസ് സംസ്ഥാന സെക്രട്ടറി), കാസിം ഇരിക്കൂർ (ഐഎൻഎൻ സംസ്ഥാന ജനറൽ സെക്രട്ടറി), പി എം സുരേഷ്ബാബു (എൻസിപി സംസ്ഥാന വർക്കിങ്‌ കമ്മിറ്റിയംഗം ), എ ജെ ജോസഫ് (ജനാധിപത്യ കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ), മാത്യു കുന്നപ്പള്ളി (കേരള കോൺഗ്രസ് എം ഉന്നതാധികാര സമിതി അംഗം), വടകോട് മോനിച്ചൻ (കേരള കോൺഗ്രസ് ബി സംസ്ഥാന ജനറൽ സെക്രട്ടറി), നൈസ് മാത്യു (കേരള കോൺഗ്രസ്– സ്കറിയ സംസ്ഥാന ജനറൽ സെക്രട്ടറി) എന്നിവരാണ് ജാഥാംഗങ്ങൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home