ഇന്ന് ബേപ്പൂർ, വള്ളിക്കുന്ന്, വേങ്ങര, മലപ്പുറം മണ്ഡലങ്ങളിൽ
print edition ഹൃദയഭൂവിൽ ; വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥ പ്രയാണം തുടരുന്നു

എം വി ഗോവിന്ദൻ നയിക്കുന്ന എൽഡിഎഫ് വടക്കൻ മേഖലാ വികസനമുന്നേറ്റ ജാഥയ്-ക്ക് കൊയിലാണ്ടിയിൽ നൽകിയ സ്വീകരണം / ഫോട്ടോ: ജഗത്ലാൽ
എം ജഷീന
Published on Feb 09, 2026, 02:46 AM | 2 min read
കോഴിക്കോട്
മൂരാട് ആറുവരി പാലംകടന്ന് വികസന ജാഥ ചേളന്നൂരിലെ കാർഷിക ഗ്രാമത്തിലേക്ക് കടക്കുകയാണ്. വഴിയിൽ ഏറെനേരമായി കാത്തുനിൽക്കുകയാണ് കുറേ സ്‌ത്രീകൾ. ഒരേവേഷമണിഞ്ഞവരാണ് അധികവും. ‘സ്‌ത്രീസുരക്ഷാ പദ്ധതി നടപ്പാക്കിയവർക്ക് സ്‌ത്രീകളുടെ അഭിവാദ്യം’ എന്നെഴുതിയ ബാനറും കൈയിലുണ്ട്. വനിതാ ശിങ്കാരിമേളത്തിന്റെ അകന്പടിയോടെ അവർക്കിടയിലൂടെ ജാഥാ നായകനെത്തിയപ്പോൾ ഹർഷാരവത്തോടെ അവർ കൈകൾ വീശി.
പോരാട്ടത്തിന്റെയും വികസനത്തിന്റെയും പുതുചരിതംതുന്നി സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥ കോഴിക്കോടിന്റെ മണ്ണിൽ പ്രയാണം തുടരുകയാണ്. രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിയും തുരങ്കപാതയും ഒരുങ്ങുമ്പോൾ എൽഡിഎഫ് സർക്കാരിന്റെ മൂന്നാമൂഴം ജനം ആഗ്രഹിക്കുന്നുവെന്നതിന്റെ സാക്ഷ്യമായി നിറഞ്ഞൊഴുകിയ സ്വീകരണകേന്ദ്രങ്ങൾ. കൊയിലാണ്ടി മണ്ഡലത്തിലായിരുന്നു ആദ്യ സ്വീകരണം. എലത്തൂർ മണ്ഡലത്തിലെ ചേളന്നൂർ എട്ടേരണ്ടിലും കുന്നമംഗലത്തെ പുവ്വാട്ടുപറന്പിലും ജനാരവമായിരുന്നു. കോഴിക്കോട് മുതലക്കുളത്ത് സമാപന യോഗത്തിലെത്തുന്പോൾ അത് ജനസാഗരമായി മാറി.
പി സന്തോഷ് കുമാർ എംപി (മാനേജർ– സിപിഐ ദേശീയ സെക്രട്ടറിയറ്റംഗം), കെ എസ് സലീഖ (സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം), മനയത്ത് ചന്ദ്രൻ (ആർജെഡി സംസ്ഥാന സെക്രട്ടറി), പി പി ദിവാകരൻ (ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി), യു ബാബു ഗോപിനാഥ് (കോൺഗ്രസ് എസ് സംസ്ഥാന സെക്രട്ടറി), കാസിം ഇരിക്കൂർ (ഐഎൻഎൻ സംസ്ഥാന ജനറൽ സെക്രട്ടറി), പി എം സുരേഷ്ബാബു (എൻസിപി സംസ്ഥാന വർക്കിങ് കമ്മിറ്റിയംഗം), എ ജെ ജോസഫ് (ജനാധിപത്യ കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ), മാത്യു കുന്നപ്പള്ളി (കേരള കോൺഗ്രസ് എം ഉന്നതാധികാര സമിതി അംഗം), വടകോട് മോനിച്ചൻ (കേരള കോൺഗ്രസ് ബി സംസ്ഥാന ജനറൽ സെക്രട്ടറി), നൈസ് മാത്യു (കേരള കോൺഗ്രസ്– സ്കറിയ സംസ്ഥാന ജനറൽ സെക്രട്ടറി) എന്നിവരാണ് ജാഥാംഗങ്ങൾ. തിങ്കളാഴ്‌ച ബേപ്പൂർ മണ്ഡലത്തിലെ പര്യടനത്തിനുശേഷം ജാഥ മലപ്പുറം ജില്ലയിൽ പ്രവേശിക്കും.
ആന്റോ ആന്റണി 2 കോടി വാങ്ങിയത് തെരഞ്ഞെടുപ്പ് കമീഷൻ അന്വേഷിക്കണം : എം വി ഗോവിന്ദൻ
ശബരിമല സ്വർണമോഷണക്കേസിൽ അന്വേഷണം നേരിടുന്ന ധനകാര്യസ്ഥാപന ഉടമ എൻ എം രാജുവിൽനിന്ന് കോൺഗ്രസ് നേതാവ് ആന്റോ ആന്റണി എംപി രണ്ടുകോടി രൂപ വാങ്ങിയതിനെക്കുറിച്ച് തെരഞ്ഞെടുപ്പ് കമീഷൻ അന്വേഷിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. രേഖകളില്ലാതെ രണ്ടുകോടി രൂപ ആന്റോയ്‌ക്ക് നൽകിയെന്നും തിരികെ കിട്ടിയത് 20 ലക്ഷംരൂപ മാത്രമാണെന്നുമാണ് രാജു വെളിപ്പെടുത്തിയത്. തുക വാങ്ങിയെന്ന് എംപിയും സമ്മതിച്ചു. തെരഞ്ഞെടുപ്പുകാലത്ത് കിട്ടിയ സഹായം എന്നാണ് പറഞ്ഞത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിക്ക് ചെലവഴിക്കാവുന്ന പരമാവധി തുക 70 ലക്ഷം രൂപയാണ്. രേഖകളില്ലാതെ രണ്ട് കോടി വാങ്ങിയത് തെരഞ്ഞെടുപ്പിൽ നിയമവിരുദ്ധമായി യുഡിഎഫ് പണമൊഴുക്കിയതിന് തെളിവാണ്.
അടൂർ പ്രകാശിനെ ചോദ്യംചെയ്താൽ മുഖ്യമന്ത്രിയെയും ചോദ്യംചെയ്യണമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആവശ്യം ബാലിശമാണ്. പൊലീസിന് സ്വകാര്യസ്ഥാപനം ആംബുലൻസ് കൈമാറുന്ന ചടങ്ങിലാണ് മുഖ്യമന്ത്രി പങ്കെടുത്തത്. എന്നാൽ അടൂർ പ്രകാശുമായി പോറ്റിക്കുള്ള ബന്ധം ഇതല്ലെന്നും അദ്ദേഹം പറഞ്ഞു.











0 comments