സംവാദങ്ങൾക്ക് വാതിൽ തുറന്ന് ഇ എം എസ് സെമിനാർ
കേരളം ഇ എം എസിന്റെ വികസനസ്വപ്‌നം യാഥാർഥ്യമാക്കുന്നു : എം വി ഗോവിന്ദൻ

കാരത്തൂർ (മലപ്പുറം)
കേരളം ഇ എം എസിന്റെ വികസന സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വികസനമാണ് ഇ എം എസ് മുന്നോട്ടുവച്ച പ്രധാന ആശയം. അതിൽ രാഷ്ട്രീയം നോക്കേണ്ടതില്ലെന്നും എല്ലാവരെയും ചേർത്തുപിടിച്ചു മുന്നോട്ടു പോകണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇ എം എസിന്റെ ലോകം സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം വി ഗോവിന്ദൻ.
ഒന്നാം ഇ എം എസ് സർക്കാർമുതൽ വികസന കാര്യങ്ങളിൽ ഇടതുപക്ഷ ബദൽ ഉയർത്തിയാണ് മുന്നോട്ടുപോയത്. പട്ടിണി പങ്കുവയ്‌ക്കുന്ന സ്ഥലമല്ല കേരളമെന്ന് ഇ എം എസ് പറഞ്ഞു. നവകേരള ത്തിനായി പ്രവർത്തിച്ചു. കുടിയിറക്ക് നിരോധന നിയമവും ഭൂപരിഷ്‌കരണ നിയവും കേരളത്തിന്റെ വികസനത്തിന് ശക്തി പകർന്നു. ദേശീയ സ്വാതന്ത്ര്യത്തിനൊപ്പം ജന്മിത്വം അവസാനിപ്പിക്കൽ മുദ്രാവാക്യമായി ഉയർത്തിയ ഏക സംസ്ഥാനമാണ് കേരളം. ഭൂപരിഷ്‌കരണം നടപ്പാക്കിയപ്പോൾ 36 ലക്ഷം ജനങ്ങളാണ് ഭൂവുടമകളായത്. സാക്ഷരതാ പ്രസ്ഥാനവും ജനകീയാസൂത്രണവും കുടുംബശ്രീ പ്രസ്ഥാനവും സാമൂഹ്യ സുരക്ഷാ പെൻഷനുമെല്ലാം ഇടതുപക്ഷ കാഴ്‌ചപ്പാടിൽ നിന്നുണ്ടായതാണ്.
ഇ എം എസ് നൽകിയ ദിശാബോധത്തിലാണ് നിലവിലുള്ള എൽഡിഎഫ് സർക്കാരും മുന്നോട്ടു പോകുന്നത്. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഉപരോധം മറികടക്കാനാണ് കിഫ്ബിക്ക് രൂപം നൽകിയത്. 90,000 കോടി രൂപയാണ് അടിസ്ഥാന വികസന മേഖലയിൽ കിഫ്ബി വഴി ചെലവഴിച്ചത്. ദേശീയപാത വികസനവും തീരദേശപാതയും മലയോരപാതയും ഗെയിൽ വാതക പൈപ്പ്‌ലൈൻ പദ്ധതിയുമെല്ലാം യാഥാർഥ്യമായി.
വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ ലോകത്തിനു മുന്നിൽ കേരളം വിസ്മയം തീർക്കുകയാണ്. മൂന്നര ലക്ഷം പുതിയ സംരംഭങ്ങൾ ഈ സർക്കാരിന്റെ കാലത്ത് തുടങ്ങി. കൊച്ചി നിക്ഷേപക സംഗമത്തിൽ രണ്ട് ലക്ഷം കോടിയുടെ നിക്ഷേപ വാഗ്ദാനമാണ് ലഭിച്ചത്. ബ്ലൂ ഇക്കോണമി കോൺക്ലേവിൽ 7800 കോടിയുടെയും. എല്ലാ മാസവും 10,000 കോടിയുടെ പുതിയ മൂലധന നിക്ഷേപം ആർജിക്കാൻ ശേഷിയുള്ള സംസ്ഥാനമായെന്നും അദ്ദേഹം പറഞ്ഞു.
സംവാദങ്ങൾക്ക് വാതിൽ തുറന്ന് ഇ എം എസ് സെമിനാർ
സംവാദത്തിന്റെ പുതിയ വാതായനങ്ങൾ തുറന്ന് ഇ എം എസിന്റെ ലോകം ദേശീയ സെമിനാറിന് മലപ്പുറം കാരത്തൂരിൽ പ്രൗഢോജ്വല തുടക്കം. കാലത്തിന് മുന്നേ സഞ്ചരിച്ച മാർക്‌സിസ്റ്റ് ആചാര്യന്റെ ആശയ ലോകങ്ങൾ പങ്കിട്ടും പുതുക്കിപ്പണിതും വൈവിധ്യങ്ങളായ വിഷയങ്ങളിൽ പ്രഭാഷണങ്ങൾ നടന്നു.
സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സെമിനാർ ഉദ്ഘാടനംചെയ്തു. ഇ എം എസ് സ്വപ്‌നം കണ്ട നവകേരള നിർമിതിയിലേക്കുള്ള ചുവടുവയ്‌പ്പിലാണ് കേരളമെന്ന് അദ്ദേഹം പറഞ്ഞു. കെ ടി ജലീൽ എംഎൽഎ അധ്യക്ഷനായി. പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ സംസാരിച്ചു. കാഥികൻ തൃക്കുളം കൃഷ്ണൻകുട്ടിയെ ചടങ്ങിൽ അനുമോദിച്ചു. എം വി ഗോവിന്ദൻ ഉപഹാരം നൽകി. കെ ഇ എൻ ഇ എം എസ് അനുസ്മരണ പ്രഭാഷണം നടത്തി. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം വിജൂ കൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി.
മന്ത്രി വി അബ്ദുറഹിമാൻ, മുതിർന്ന സിപിഐ എം നേതാവ് പാലോളി മുഹമ്മദ് കുട്ടി, ടി കെ ഹംസ, പി പി വാസുദേവൻ, പി ശ്രീരാമകൃഷ്ണൻ, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി നന്ദകുമാർ എംഎൽഎ, ഇ എൻ മോഹൻദാസ്, പി കെ സൈനബ, വി പി സാനു എന്നിവർ പങ്കെടുത്തു. ഇ ജയൻ സ്വാഗതവും കെ വി സുധാകരൻ നന്ദിയും പറഞ്ഞു. വിവിധ വിഷയങ്ങളിൽ പ്രമുഖർ സംവദിച്ചു. ‘വർഗീയത, വലതുപക്ഷവൽക്കരണം' വിഷയത്തിൽ മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ അധ്യക്ഷനായി. ഡോ. കെ എൻ ഗണേശ്, ഡോ. അനിൽ ചേലേമ്പ്ര, ഡോ. എം എ സിദ്ദിഖ് എന്നിവർ വിഷയം അവതരിപ്പിച്ചു. ‘ലോക സാമ്പത്തിക പ്രതിസന്ധിയും ബദലുകളും' വിഷയത്തിൽ ഡോ. രാംകുമാർ, കെ ടി കുഞ്ഞിക്കണ്ണൻ എന്നിവർ വിഷയം അവതരിപ്പിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി കെ സൈനബ അധ്യക്ഷയായി. സെമിനാർ ബുധനാഴ്‌ച സമാപിക്കും.









0 comments