കേന്ദ്ര അവഗണനയെ സ്വന്തംകാലിൽനിന്ന് കേരളം മറികടക്കും: എം വി ഗോവിന്ദൻ

തിരുവനന്തപുരം : കേരളം സ്വന്തംകാലിൽനിന്ന് കേന്ദ്ര അവഗണനയെ മറികടന്ന് മുന്നോട്ടുപോകുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. അതിനുള്ള മാർഗങ്ങൾ അടക്കമാണ് നവകേരളത്തിലേക്കുള്ള പുതുവഴികളിലൂടെ സിപിഐ എം മുന്നോട്ടുവച്ചിട്ടുള്ളതെന്നും ഇ എം എസ് ദിനാചരണത്തിൽ വിളപ്പിൽശാല ഇ എം എസ് അക്കാദമിയിൽ സംഘടിപ്പിച്ച പരിപാടിയിൽ അനുസ്‌മരണ പ്രഭാഷണം നിർവഹിച്ച് അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ കൂടുതൽ സജീവമാക്കാനും ആളോഹരി വരുമാനം വർധിപ്പിക്കാനുമുള്ള ഇടപെടലാണ് നടത്തുന്നത്. കൊച്ചിയിൽ സംഘടിപ്പിച്ച ആഗോള നിക്ഷേപക ഉച്ചകോടിയിൽ 2 ലക്ഷം കോടിയോളം രൂപയുടെ നിക്ഷേപ വാഗ്‌ദാനമാണ് ലഭിച്ചത്. ഇതുവഴി കേരളത്തിൽ വിപുലമായ വ്യവസായിക ശൃംഖല രൂപപ്പെടും. വിഴിഞ്ഞം തുറമുഖവും കൊച്ചി –- ബംഗളൂരു വ്യവസായ ഇടനാഴിയും വലിയ സാധ്യതകളാണ് തുറന്നിടുന്നത്. ലോകത്തിനാവശ്യമുള്ള തൊഴിൽ ശക്തി നൽകാനുള്ള ശേഷിയാണ് കേരളം നേടുന്നത്. സ്വകാര്യ, സഹകരണ, പൊതുമേഖലാ മൂലധനത്തെ കേരളം ഉപയോഗപ്പെടുത്തും.
കേരളം എങ്ങനെയായിരിക്കണമെന്ന് കമ്യൂണിസ്റ്റ് പാർടിക്കും ഇ എം എസ് അടക്കമുള്ള നേതാക്കൾക്കും വ്യക്തമായ ധാരണയുണ്ടായിരുന്നു. ഇ എം എസ് തെളിച്ച വഴിയിലൂടെ മുന്നോട്ടുപോയതാണ് കേരളത്തിന്റെ ഈ നേട്ടങ്ങൾക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം വിജയകുമാർ, കെ എൻ ഗണേശ്, എംഎൽഎമാരായ ഡി കെ മുരളി, ഐ ബി സതീഷ്, ജി സ്റ്റീഫൻ എന്നിവർ സംസാരിച്ചു. കൂടുതൽ ദേശാഭിമാനി വരിക്കാരെ ചേർത്ത വിളപ്പിൽശാല, അരുവിക്കര ലോക്കൽ കമ്മിറ്റികൾക്കുള്ള ഉപഹാരവും എം വി ഗോവിന്ദൻ വിതരണം ചെയ്‌തു.









0 comments