സമരമുഖങ്ങളിലെ നിറസാന്നിധ്യം; വി വിനോദിന്റെ വിയോഗത്തിൽ അനുശോചിച്ച് എം വി ഗോവിന്ദൻ

കണ്ണൂർ : സിപിഐ എം മാടായി ഏരിയാ സെക്രട്ടറി വി വിനോദിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബാലസംഘത്തിലൂടെയും എസ്‌എഫ്‌ഐയിലൂടെയും ഡിവൈഎഫ്‌ഐയിലൂടെയും ഉയർന്നുവന്ന്, പാർടി ലോക്കൽ സെക്രട്ടറിയായും പ്രവർത്തിച്ചശേഷം ഏരിയാ സെക്രട്ടറിയായ വ്യക്തിയാണ് വിനോദ് മാടായി. ഉജ്വലവാഗ്‌മിയും മികച്ചസംഘാടകനും സമരമുഖങ്ങളിലെ നിറസാന്നിധ്യവുമായിരുന്നു വിനോദെന്ന് എം വി ഗോവിന്ദൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
1994ൽ ജനുവരി 26ന് രാത്രിയാണ് അച്ഛനമ്മാരുടെ മുന്നിൽവച്ച് സഖാവ് കെ വി സുധീഷിനെ ആർഎസ്എസുകാർ വെട്ടിക്കൊല്ലുന്നത്. തുടർന്ന് നടക്കാനിരുന്ന എസ്‌എഫ്‌ഐ ജില്ലാ സമ്മേളനം പൊലീസ് നിരോധിക്കുകയും പ്രതിനിധികളെ കസ്റ്റഡിയിൽ എടുക്കുകയുകയും ചെയ്തു. തുടർന്ന് കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനിലാണ് സമ്മേളനം ചേർന്നത്. പൊലീസ് കസ്റ്റഡിയിൽ വച്ച് നടന്ന സമ്മേളനത്തിൽ വി വിനോദ് എസ്എഫ്ഐയുടെ കണ്ണൂർ ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
അതേ വർഷമാണ് കേരളത്തിൽ വിദ്യാഭ്യാസ മേഖലയിൽ സ്വാശ്രയ വൽക്കരണത്തിനെതിരെ സമരമുണ്ടായത്. പ്രതിസന്ധി നിറഞ്ഞ ദിനങ്ങൾക്ക് തുടർച്ചയായുണ്ടായ കൂത്തുപറമ്പ് വെടിവയ്‌പ്പിൽ അഞ്ച് സഖാക്കൾ കൊല്ലപ്പെട്ടിട്ടും ഭയന്ന് പിന്മാറാതെ, വിദ്യാർഥി സമൂഹത്തെ ഏറ്റവും മികച്ച രീതിയിൽ മുന്നോട്ടുനയിക്കാൻ വിനോദിന് കഴിഞ്ഞു. ആ കാലത്ത് എസ്‌എഫ്‌ഐ കാട്ടിയ ഉജ്ജ്വലമായ സമരക്കരുത്തിൽ വിനോദിന്റെ നേതൃപാടവം പ്രകടമായിരുന്നു. വിദ്യാർഥി സംഘടനാ കാലയളവിൽ നിരവധി തവണ വിനോദിന് പൊലീസിന്റെ ക്രൂരമായ മർദ്ദനത്തിനിരയാവേണ്ടി വന്നു.
പിന്നീട് ഡിവൈഎഫ്‌ഐ ജില്ലാ നേതൃത്വത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ജില്ലയിലെ യുവാക്കളെ സമരസജ്ജരാക്കാനും സംഘടനാബോധത്തിലേക്ക് നയിക്കാനും, രാഷ്ട്രീയ വിദ്യാഭ്യാസം പകരാനും വിനോദ് നേതൃത്വം നൽകി. സംഘടനയ്ക്ക് സ്വാധീനം കുറഞ്ഞ പ്രദേശങ്ങളിൽ ഉൾപ്പെടെ പാർട്ടിയെ വളർത്തുന്നതിൽ നിർണായകമായ പങ്കുവഹിക്കാൻ വിനോദിന് കഴിഞ്ഞു.
പ്രതിസന്ധി ഘട്ടങ്ങളിൽ പാർടിയെ മുൻപിൽ നിന്ന് നയിക്കുകയും ബഹുജനങ്ങളോടൊപ്പം നിന്ന് പ്രവർത്തിക്കുകയും ചെയ്ത വിനോദ്, മികച്ചൊരു സംഘാടകനും ജനമനസ്സുകളെ കീഴടക്കിയ പ്രാസംഗികനുമായിരുന്നു. മാടായി എന്ന പ്രദേശത്തിനുമപ്പുറം കണ്ണൂർ ജില്ലയിലാകെയും അതിനു പുറത്തും സൗഹൃദവലയങ്ങൾ സ്ഥാപിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. രാഷ്ട്രീയത്തിന് അതീതമായി ഏവരുമായും വ്യക്തിബന്ധം കാത്തുസൂക്ഷിച്ച ജനകീയ നേതാവാണ് വിടവാങ്ങിയത്.
രോഗാവസ്ഥയുടെ മുന്നിൽ തളർന്നിരിക്കാതെ പാർടി പ്രവർത്തനത്തിൽ സജീവമായ വിനോദ് ജീവിതത്തിൽ ഉടനീളം രാഷ്ട്രീയ ഒൗന്നത്യം കാത്തുസൂക്ഷിച്ചു. വിനോദിന്റെ വിയോഗം സിപിഐ എമ്മിനും നാടിനും വലിയ നഷ്ടമാണ്. വിനോദിന്റെ വേർപാടിൽ കുടുംബത്തിന്റേയും പാർട്ടി പ്രവർത്തകരുടെയും നാടിന്റെയാകെയും ദുഃഖത്തിൽ പങ്കുചേരുന്നതായും എം വി ഗോവിന്ദൻ പറഞ്ഞു.










0 comments