കുതിക്കാൻ ഇക്വഡോർ, തടയാൻ ഐവറി

ന്യൂയോർക്ക്: ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങുന്ന കറുത്ത കുതിരകളായ ഇക്വഡോറിന് ആഫ്രിക്കൻ കരുത്തരായ ഐവറി കോസ്‌റ്റിന്റെ വെല്ലുവിളി. തിങ്കൾ പുലർച്ചെ 4.30നാണ് മത്സരം. ലാറ്റിനമേരിക്കൻ യോഗ്യതാ പോരിൽ ചാമ്പ്യൻമാരായ അർജന്റീനയ്‌ക്ക് പിന്നിൽ രണ്ടാമതെത്തിയ ഇക്വഡോർ മികച്ച ഫോമിലാണ്. ബ്രസീലിനെയും ഉറുഗ്വേയെയും പിന്തള്ളിയാണ് കരുത്ത് കാട്ടിയത്.
അഞ്ചാമത്തെ ലോകകപ്പിനിറങ്ങുന്ന ഇക്വഡോർ, തുടർച്ചായായി രണ്ടാം ലോകകപ്പിനാണ് ഇറങ്ങുന്നത്. 2006ൽ പ്രീ ക്വാർട്ടറിൽ എത്തിയതാണ് ശ്രദ്ദേയ പ്രകടനം. യുവത്വവും പരിചയസമ്പത്തും ഒത്തുചേർന്ന സംഘം അവസാന 19 മത്സരങ്ങളിലും തോൽവിയറിഞ്ഞിട്ടില്ല. മധ്യനിരതാരം മൊയ്‌സെസ് കൈസെഡോയാണ് പ്രധാന ആയുധം. പിയെറോ ഹിൻകാപി, വില്ലയൻ പാച്ചോ, കെൻഡ്രി പയെസ് എന്നിവരും പ്രധാനതാരങ്ങളാണ്. പ്രതിരോധമാണ് ടീമിന്റെ ശക്തി. അതിവേഗത്തിൽ നടത്തുന്ന പ്രത്യാക്രമണങ്ങൾ ഇക്വഡോറിനെ അപകടകാരികളാക്കുന്നു.
ശാരീരിക ക്ഷമതയും വേഗവുമാണ് ഐവറി കോസ്റ്റിന്റെ ശക്തി. ദിദിയൻ ദ്രോഗ്ബയുടെയും യായ ട്യൂറെയുടെയും പിന്മുറക്കാരായ അഫ്രിക്കൻ വമ്പന്മാർ, തങ്ങളുടെ നാലാം ലോകകപ്പിനാണ് എത്തുന്നത്. 2014ലാണ് അവസാനമായി ലോകവേദിയിൽ പന്ത് തട്ടിയത്. 2010ലും 14ലും ആദ്യ റൗണ്ടിൽ തന്നെ മടങ്ങി. ഇക്കുറി ആദ്യ റൗണ്ട് കടന്ന് മുന്നേറുകയാണ് പ്രധാനലക്ഷ്യം. ഫ്രാങ്ക് കെസ്സി, ഇവാൻ എൻഡിക്ക തുടങ്ങിയ ലോകോത്തര താരങ്ങൾ അണിനിരക്കുന്ന സംഘം അട്ടിമറിക്ക് കരുത്തുള്ളതാണ്. എമേർസെ ഫായെ ആണ് കോച്ച്.









0 comments