ഓടുന്ന കാറിന്റെ വാതിലിൽ ഇരുന്ന് ചിത്രീകരണം; ഡ്രൈവർക്കെതിരെ നടപടിയുമായി ദുബായ് പൊലീസ്

ദുബായ് : ഓടിക്കൊണ്ടിരുന്ന കാറിന്റെ വാതിലിൽ സഹയാത്രികയെ ഇരുത്തി ചിത്രങ്ങളെടുക്കാൻ അനുവദിച്ച വനിതാഡ്രൈവർക്കെതിരെ നടപടിയുമായി ദുബായ് പൊലീസ്. സ്വന്തം ജീവനും മറ്റുള്ളവരുടെ സുരക്ഷയും അപകടത്തിലാക്കുന്ന രീതിയിൽ വാഹനം ഓടിച്ചതിന് ഡ്രൈവറെ പൊലീസ് വിളിച്ചുവരുത്തി. ഇവർക്ക് 2000 ദിർഹം പിഴ ചുമത്തുകയും 60 ബ്ലാക്ക് പോയിന്റുകൾ രേഖപ്പെടുത്തുകയുംചെയ്തു.
ഇത്തരം റോഡ് പ്രകടനങ്ങൾ ഗുരുതര അപകടങ്ങൾക്ക് ഇടയാക്കും. യാത്രക്കാരൻ വാഹനത്തിന് പുറത്തേക്ക് ശരീരം നീട്ടുകയോ വാതിലിൽ ഇരിക്കുകയോ ചെയ്യുന്നത് ബാലൻസ് നഷ്ടപ്പെടുത്തും. അപ്രതീക്ഷിത സാഹചര്യങ്ങളിൽ ഡ്രൈവർക്ക് പെട്ടെന്ന് വാഹനം വെട്ടിച്ചുമാറ്റുകയോ ചെയ്യേണ്ട സാഹചര്യവുമുണ്ടാക്കും. ഓടുന്ന വാഹനത്തിൽനിന്ന് ശരീരഭാഗങ്ങൾ പുറത്തേക്ക് നീട്ടുകയോ വാഹനത്തിന്റെ വാതിലിൽ ഇരിക്കുകയോ ചെയ്യുന്നത് ഗുരുതര പരിക്കുകൾക്കും മരണത്തിനുംവരെ കാരണമാകാമെന്നും പൊലീസിലെ ട്രാഫിക് ജനറൽ ഡിപ്പാർട്ട്മെന്റ് ഡയറക്‌ടർ ബ്രിഗേഡിയർ ജുമാ സേലം ബിൻ സുവൈദാൻ വ്യക്തമാക്കി.










0 comments