ആർഎസ്എസ് പരിപാടിയിൽ വി സിമാർ: ഒടുവിൽ പ്രതികരിച്ച് മുഖ്യമന്ത്രി; ഗൗരവമായി കാണുന്നുവെന്ന് ഫേസ്ബുക്ക് പോസ്റ്റ്

വി ഡി സതീശൻ
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ കേരളത്തിലെ സർവകലാശാലകളിലെ വൈസ് ചാൻസലർമാർ പങ്കെടുത്തതിൽ മൗനംവെടിഞ്ഞ് മുഖ്യമന്ത്രി വി ഡി സതീശൻ. ഗുരുതരമായ സംഭവം ചർച്ചയായി മണിക്കൂറുകൾ പിന്നിട്ടിട്ടും മുഖ്യമന്ത്രി പ്രതികരിക്കാതിരുന്നത് വിവാദമായിരുന്നു. ഞായറാഴ്ച വാർത്താസമ്മേളനം നടത്തി പ്രതിപക്ഷനേതാവ് പിണറായി വിജയനും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെയാണ് സതീശൻ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചത്.
സംഭവം അതീവ ഗൗരവമായി കാണുന്നുവെന്നും ഗുരുതര വീഴ്ചയാണ് വി സിമാർക്ക് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൻ്റെ വിദ്യാഭ്യാസ പാരമ്പര്യത്തിനും വൈസ് ചാൻസലർമാരുടെ അന്തസിനും നിരക്കാത്തതാണത്. ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വി സിമാരും കേരളത്തോട് മാപ്പ് പറയണമെന്നും സതീശൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ പിടിമുറുക്കാൻ ആർഎസ്എസ് ശ്രമിക്കുന്നതിനെ മുഖ്യമന്ത്രിയോ മന്ത്രിമാരോ യുഡിഎഫിലെ കക്ഷികളോ എന്തുകൊണ്ടാണ് എതിർക്കാൻ മടിക്കുന്നതെന്ന് പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ ചോദിച്ചിരുന്നു.
ആർഎസ്‌എസ് തലവൻ മോഹൻ ഭാഗവത് സംഘടിപ്പിച്ച സംവാദത്തിലാണ് അതിഥികളായി കേരള, എംജി, മലയാള സർവകലാശാല വൈസ് ചാൻസലർമാർ പങ്കെടുത്തത്. കേരള സർവകാലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലും എംജി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡി മാവൂത്തും, മലയാള സർവകലാശാല വൈസ് ചാൻസലർ ഡോ. സി ആർ പ്രസാദുമാണ് ആർഎസ്‌എസ് ശതാബ്‌ദിയോടനുബന്ധിച്ച് തിരുവനന്തപുരം കവടിയാറിലെ ഉദയ പാലസ് ഓഡിറ്റോറിയത്തിൽ മോഹൻ ഭാഗവതിന്റെ ‘പ്രഭാഷണ സഭ’യിൽ ചട്ടംലംഘിച്ച് പങ്കെടുത്തത്.
ഒൗദ്യോഗിക വാഹനത്തിലാണ് വി സിമാർ എത്തിയത്. ഗവർണറുടെ ഓഫീസർ ഓൺ സ്‌പെഷൽ ഡ്യൂട്ടി ഹരി എസ് കർത്തയും പങ്കെടുത്തു. ഇന്ത്യ ഹിന്ദുരാഷ്‌ട്രമാണെന്നും എല്ലാവരും ആർഎസ്‌എസിൽ ചേരണമെന്നും മോഹൻ ഭാഗവത് പരിപാടിക്കെത്തിയവരോട് പറഞ്ഞു. മാധ്യമങ്ങളെ ചടങ്ങിൽ വിലക്കിയിരുന്നു.










0 comments