അമ്മയ്ക്കും മകൾക്കുമെതിരെയുള്ള അധിക്ഷേപം; കേസായപ്പോൾ മാപ്പുപറഞ്ഞ് യുവാവ്

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ അമ്മയ്ക്കും മകൾക്കുമെതിരെ മോശം പരാമർശങ്ങൾ നടത്തിയ യുവാവ് ഒടുവിൽ പൊലീസ് സ്റ്റേഷനിൽ വെച്ച് മാപ്പ് പറഞ്ഞു. സോണിയ എന്ന എക്സ് ഉപയോക്താവ് നൽകിയ സൈബർ പരാതിയെത്തുടർന്ന്, 'dudeitsokay' എന്ന അക്കൗണ്ട് ഉടമയായ അഭിഷേക് കുമാറിനെ ഡൽഹി പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തന്റെ അമ്മയ്‌ക്കൊപ്പം സ്റ്റേഷനിലെത്തിയ യുവാവ്, തന്റെ തെറ്റ് സമ്മതിച്ച് മാപ്പുപറഞ്ഞു.
സോണിയ തന്റെ മകൾക്കൊപ്പമുള്ള ചില ചിത്രങ്ങൾ എക്സിൽ പങ്കുവെച്ചിരുന്നു. ഈ ചിത്രങ്ങൾക്ക് താഴെയാണ് അഭിഷേക് കുമാർ അധിക്ഷേപകരമായ രീതിയിൽ കമന്റുകൾ രേഖപ്പെടുത്തിയത്. ഇതിനെതിരെ സോണിയ നിയമനടപടികളുമായി മുന്നോട്ട് പോവുകയും സൈബർ പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
പരാതിയെത്തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തിയ യുവാവ്, തനിക്കും മകൾക്കും എതിരെ നടത്തിയ പരാമർശങ്ങളിൽ മാപ്പുപറഞ്ഞതായും ഇനി മേലിൽ ഒരു പെൺകുട്ടിക്കെതിരെയും ഇത്തരം കാര്യങ്ങൾ എഴുതുകയോ ലക്ഷ്യമിടുകയോ ഇല്ലെന്ന് ഉറപ്പുനൽകിയതായും സോണിയ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. സ്റ്റേഷനിലെത്തിയ യുവാവിന്റെ അമ്മയുടെ വിഷമവും അവന്റെ ജോലിയെയും കരിയറിനെയും ഇത് ബാധിക്കരുത് എന്ന ചിന്തയും മുൻനിർത്തിയാണ് തൽക്കാലം ഇയാൾക്ക് ഒരു അവസരം കൂടി നൽകാൻ തയ്യാറായതെന്നും അവർ വ്യക്തമാക്കി. എന്നാൽ ഇതേ തെറ്റ് മറ്റാരോടെങ്കിലും ആവർത്തിച്ചാൽ പുതിയ പരാതി നൽകുമെന്നും, അങ്ങനെയുണ്ടായാൽ അടുത്ത തവണ പരാതി പിൻവലിക്കില്ലെന്ന കർശന മുന്നറിയിപ്പും അവർ നൽകിയിട്ടുണ്ട്.
സൈബർ പരാതികൾ നൽകിയാൽ നടപടിയൊന്നും ഉണ്ടാകില്ലെന്ന് പറയുന്നവർക്കുള്ള മറുപടിയാണ് ഈ സംഭവമെന്ന് സോണിയ കുറിച്ചു. സോഷ്യൽ മീഡിയയിൽ പരിധികൾക്കുള്ളിൽ നിന്നുള്ള ആരോഗ്യകരമായ ട്രോളിംഗ് അംഗീകരിക്കാമെങ്കിലും വ്യക്തിഹത്യയും അധിക്ഷേപവും അനുവദിക്കാനാകില്ലെന്നും, ലക്ഷ്യം വെച്ചുള്ള അതിക്രമങ്ങൾ നേരിടേണ്ടി വരുമ്പോൾ എല്ലാ സ്ത്രീകൾക്കും നിയമനടപടിയ സ്വീകരിക്കാൻ അവകാശമുണ്ടെന്നും അവർ ഓർമ്മിപ്പിച്ചു. തനിക്ക് പിന്തുണ നൽകിയ ഡൽഹി പോലീസിനും ഒപ്പം നിന്നവർക്കും അവർ നന്ദി അറിയിച്ചു.
തന്റെ പ്രവർത്തിയിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ട് അഭിഷേക് കുമാറും രംഗത്തെത്തി. "ആ അമ്മയോടും മകളോടും ഞാൻ ആത്മാർത്ഥമായി മാപ്പുചോദിക്കുന്നു. ഞാൻ കാരണം അവർക്കുണ്ടായ മാനസികവിഷമങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും ഞാൻ ഖേദിക്കുന്നു. ഇനി ഒരിക്കലും ഒരു സ്ത്രീയുടെയും അന്തസ്സിനെ ചോദ്യം ചെയ്യുന്ന രീതിയിൽ എന്റെ ഭാഗത്തുനിന്ന് ഒന്നും ഉണ്ടാകില്ലെന്ന് ഉറപ്പുനൽകുന്നു." എന്ന് അഭിഷേക് എക്സിൽ കുറിച്ചു. തനിക്കൊപ്പമുള്ള ഫോളോവേഴ്‌സിനോട് ആ സ്ത്രീക്കെതിരെയോ മറ്റ് സ്ത്രീകൾക്കെതിരെയോ ഇത്തരം സൈബർ ആക്രമണങ്ങൾ നടത്തരുതെന്നും ഇയാൾ അഭ്യർത്ഥിച്ചിട്ടുണ്ട്.










0 comments