'കിടക്ക പങ്കിടാൻ തയ്യാറായില്ലെങ്കിൽ റീപ്ലേസ് ചെയ്യും'; സഞ്ചിത ഉഗാലെയുടെ മരണത്തിനു പിന്നാലെ കാസ്റ്റിങ് കൗച്ച് ആശങ്കകളുയർത്തി നടി ആഞ്ചൽ ഖുറാന

സഞ്ചിത ഉഗാലെ, ആഞ്ചൽ ഖുറാന
മുംബൈ: ടെലിവിഷൻ താരം സഞ്ചിത ഉഗാലെയുടെ മരണത്തെ തുടർന്ന് മുംബൈ സിനിമാ-സീരിയൽ രംഗത്തെ ചൂഷണങ്ങൾക്കെതിരെയും കാസ്റ്റിംഗ് കൗച്ചിനെതിരെയും പ്രതികരണവുമായി നടി ആഞ്ചൽ ഖുറാന. 'കുങ്കും ഭാഗ്യ', 'വാഗ്ലെ കി ദുനിയ' തുടങ്ങിയ പ്രശസ്ത പരമ്പരകളിലൂടെ ശ്രദ്ധേയയായ സഞ്ചിത ഉഗാലെയെ ഞായറാഴ്ച വൈകുന്നേരം ഏഴ് മണിയോടെ നല്ലസോപാരയിലെ സ്വന്തം വീട്ടിലാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാ കുറിപ്പുകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. മരണത്തിൽ ദുരൂഹതയൊന്നും സംശയിക്കുന്നില്ലെന്ന് സഞ്ചിതയുടെ പിതാവ് വ്യക്തമാക്കിയെങ്കിലും, സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ഓൾ ഇന്ത്യ സിനി എന്റർടൈൻമെന്റ് വർക്കേഴ്സ് അസോസിയേഷൻ (AICWA) മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സഞ്ചിതയുടെ വിയോഗത്തിന് പിന്നാലെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് റോഡീസ് 8 വിജയി കൂടിയായ ആഞ്ചൽ ഖുറാന ഇൻഡസ്ട്രിയിലെ യാഥാർഥ്യങ്ങൾ തുറന്നുപറഞ്ഞത്. താൻ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ "ഇത് ചാനലുകളെയും പ്രൊഡ്യൂസർമാരെയും പ്രകോപിപ്പിച്ചേക്കാം, പക്ഷേ എന്താണോ യാഥാർത്ഥ്യം അതാണ് ഞാൻ പറയുന്നത്" എന്ന് ആഞ്ചൽ കുറിച്ചു.
"ഞാൻ ഇവിടെ ക്യാമറയ്ക്ക് മുന്നിൽ ചിരിച്ചു കൊണ്ട് നിൽക്കുന്നുണ്ടാകാം, പക്ഷേ എന്റെ ഉള്ളിൽ ഒരു കൊടുങ്കാറ്റുണ്ട്. ഓരോ ദിവസവും ഞങ്ങൾ ഉണരുന്നത് അടുത്ത ഓഡിഷന് വേണ്ടിയും, ഒരു ലൈൻ ഡയലോഗിന് വേണ്ടിയും, ഞങ്ങളുടെ സ്വപ്നങ്ങളിലേക്കുള്ള ഒരു ഷോട്ടിന് വേണ്ടിയുമൊക്കെയാണ്. എന്നാൽ ഇതിന് പിന്നിൽ ആരും കാണാതെ പോകുന്ന ഒന്നാണ് കടുത്ത മാനസികവും ശാരീരികവുമായ തളർച്ച. ഇൻഡസ്ട്രിയിൽ നിലനിൽക്കാനുള്ള സമ്മർദ്ദവും, എവിടെയെങ്കിലും വെച്ച് ആളുകൾ നമ്മളെ മറന്നുപോകുമോ എന്ന ഭയവും ഞങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. അടച്ചിട്ട മുറികൾക്കുള്ളിൽ ഞങ്ങൾ എങ്ങനെയാണ് തകർന്നുപോകുന്നതെന്ന് ആരും കാണുന്നില്ല," എന്ന് ആഞ്ചൽ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ വ്യക്തമാക്കി.
വീഡിയോയിലൂടെ സിനിമ-സീരിയൽ രംഗത്തെ നിർമാതാക്കളുടെ സ്വാർത്ഥതയെയും കാസ്റ്റിംഗ് കൗച്ചിനെയും ആഞ്ചൽ തുറന്നുകാട്ടി. "മറ്റൊരു നടിയും കൂടി ആത്മഹത്യ ചെയ്തിരിക്കുന്നു. മുപ്പത് വയസ്സുള്ള സഞ്ചിത ഉഗാലെ. ചാനലുകൾക്ക് ടിആർപിയാണ് വേണ്ടത്, പ്രൊഡ്യൂസർമാർക്ക് ബജറ്റ് ലാഭിക്കണം, പ്രേക്ഷകർക്ക് എന്റർടൈൻമെന്റും വേണം. എന്നാൽ ഇതിനൊക്കെ പിന്നിൽ ഒരു നടൻ അല്ലെങ്കിൽ നടി അനുഭവിക്കുന്ന മാനസികാവസ്ഥ എന്താണെന്ന് എപ്പോഴെങ്കിലും ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? റോളുകളിൽ നിന്ന് മാറ്റിനിർത്തുക എന്നത് ഇവിടെ വളരെ എളുപ്പത്തില്‍ നടക്കുന്ന കാര്യമാണ്. നിങ്ങൾ ആരുടെയെങ്കിലും കൂടെ കിടക്ക പങ്കിടാൻ തയ്യാറായില്ലെങ്കിൽ നിങ്ങളെ റീപ്ലേസ് ചെയ്യും.
ഇനി ആരോടെങ്കിലും തർക്കിക്കുകയോ നിങ്ങളുടെ ആത്മാഭിമാനം സംരക്ഷിക്കാൻ ശ്രമിക്കുകയോ ചെയ്താൽ അപ്പോഴും നിങ്ങളെ റീപ്ലേസ് ചെയ്യും, അല്ലെങ്കിൽ നിങ്ങളുടെ വർക്കിങ് ഡേയ്സ് വെട്ടിക്കുറയ്ക്കും. ആളുകൾ ആത്മഹത്യ ചെയ്യുന്ന ഈ സാഹചര്യത്തിൽ, അഭിനേതാക്കളോ ഇൻഫ്ലുവൻസർമാരോ എന്താണ് നേരിട്ടുകൊണ്ടിരിക്കുന്നത് എന്ന് ശരിക്കും ആരെങ്കിലും ചിന്തിക്കുന്നുണ്ടോ? ഓരോ ദിവസവും രാവിലെ പുതിയൊരു പ്രതീക്ഷയുമായി ഞങ്ങൾ എഴുന്നേൽക്കുന്നു, ഓഡിഷൻ നൽകുന്നു, പക്ഷേ എല്ലാ ദിവസവും വൈകുന്നേരം കടുത്ത താരതമ്യങ്ങൾക്കും നിരസിക്കലുകൾക്കും ഒടുവിൽ സങ്കടത്തോടെ ഉറങ്ങാൻ പോകുന്നു. 'സ്ട്രോങ്ങ് ആകൂ, സ്ട്രോങ്ങ് ആകൂ' എന്ന് എല്ലാവരും പറയും. എന്നാൽ എത്ര കാലം സ്ട്രോങ്ങ് ആയിരിക്കണമെന്നോ എത്ര തവണ ഇങ്ങനെ സ്ട്രോങ്ങ് ആകണമെന്നോ ആരും പറഞ്ഞുതരില്ല. ഈ ചാനലുകളുടെയും പ്രൊഡ്യൂസർമാരുടെയും കാര്യം വരുമ്പോൾ, അവർ ഏറ്റവും മോശം മനുഷ്യരാണ്, അവർക്ക് സ്വന്തം ലാഭത്തിനും ആനുകൂല്യങ്ങൾക്കുമപ്പുറം മറ്റൊന്നും കാണാൻ കഴിയില്ല." ആഞ്ചൽ വീഡിയോയിൽ പറയുന്നു.
കടുത്ത വിഷാദത്തിലൂടെയും സമ്മർദ്ദത്തിലൂടെയും താനും കടന്നുപോയിട്ടുണ്ടെന്നും, ഇപ്പോൾ ഡൽഹിയിൽ മാതാപിതാക്കളുടെ കൂടെയാണ് കഴിയുന്നതെന്നും ആഞ്ചൽ തുറന്നുപറഞ്ഞു. ജീവിതത്തിൽ എല്ലാം അവസാനിച്ചു എന്ന് തോന്നുമ്പോൾ കരിയർ ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് മടങ്ങാനാണ് ആഞ്ചൽ സഹപ്രവർത്തകരോട് ആവശ്യപ്പെടുന്നത്.
"അതുകൊണ്ട് ഞാൻ നിങ്ങളോടെല്ലാം അഭ്യർത്ഥിക്കുകയാണ്, എപ്പോഴെങ്കിലും ജീവിതം അവസാനിച്ചു എന്നും ഇനി ഒന്നും നടക്കില്ലെന്നും തോന്നിയാൽ, നിങ്ങൾ നേരെ നിങ്ങളുടെ വീട്ടിലേക്ക് പോകൂ. അത് തന്നെയാണ് ഞാൻ ഇപ്പോൾ ചെയ്തതും. ഞാൻ ഇപ്പോൾ ഡൽഹിയിൽ എന്റെ അച്ഛന്റെയും അമ്മയുടെയും കൂടെയാണ്. കാരണം ഞാനും കടുത്ത മാനസിക സമ്മർദ്ദത്തിലും മാനസിക പിരിമുറുക്കത്തിലുമായിരുന്നു. ഒറ്റക്കിരിക്കുമ്പോൾ ഈ ഡിപ്രഷൻ നിങ്ങളെ പൂർണ്ണമായും വിഴുങ്ങിക്കളയും. എന്നെ വിശ്വസിക്കൂ, ആ സമയത്ത് ഒരു പ്രൊഡ്യൂസറോ ചാനലോ നിങ്ങളുടെ സഹായത്തിന് എത്തില്ല. അവർ ഈ ലോകത്തിലെ ഏറ്റവും വലിയ സ്വാർത്ഥന്മാരാണ്. അതുകൊണ്ട് ദയവായി നിങ്ങളുടെ കുടുംബത്തോടൊപ്പം ചേർന്നുനിൽക്കൂ," എന്ന് പറഞ്ഞുകൊണ്ടാണ് ആഞ്ചൽ വീഡിയോ അവസാനിപ്പിച്ചത്.









0 comments