മുൻ സൈനിക ഉദ്യോഗസ്ഥന്റെ മരണം കൊലപാതകം; ക്രൂരകൃത്യത്തിന് പിന്നിൽ ഭാര്യയും കാമുകനും, ലക്ഷ്യം കോടികളുടെ ഇൻഷുറൻസ് തുക

സന്ദീപ് കലഗൗഡ മഞ്ചർഗിയും ഭാര്യ മഞ്ചർഗിയും, കാമുകൻ ഡോംബർ
ബംഗളൂരു: മുൻ സൈനിക ഉദ്യോഗസ്ഥന്റെ മരണം കൊലപാതകമെന്ന് പൊലീസിന്റെ കണ്ടെത്തൽ. ബൈക്ക് അപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് സന്ദീപ് കലഗൗഡ മഞ്ചർഗി മരണപ്പെട്ടത്. ചികിത്സയിലിരിക്കെ സന്ദീപിന്റെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് പറയുന്നു. കർണാടകയിലെ ബെലഗാവി ജില്ലയിലാണ് സംഭവം. തുടക്കത്തിൽ യാതൊരു അസ്വഭാവികതയും ഉണ്ടായിരുന്നില്ല. ആശുപത്രി ലാബ് ജീവനക്കാരുമായി ചേർന്ന് ഇവർ സന്ദീപ് കലഗൗഡ മഞ്ചർഗിക്ക് ഹൃദയാഘാതം വരുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
സന്ദീപും ഡോംബർ എന്ന യുവാവുമായി ഒരുമിച്ച് ഹോട്ടൽ സംരംഭം നടത്തിയിരുന്നു. ഈ കാലയളവിലാണ് സന്ദീപിന്റെ ഭാര്യ സുമ മഞ്ചർഗിയുമായി ഡോംബർ ബന്ധം സ്ഥാപിക്കുന്നത്. സന്ദീപിന്റെ പേരിൽ മൂന്ന് വ്യത്യസ്ത കമ്പനികളിൽ ഏകദേശം രണ്ടു കോടി രൂപയുടെ ഇൻഷുറൻസ് പോളിസികൾ എടുത്തിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. റോഡപകടത്തിൽ മരിക്കുന്ന സാഹചര്യത്തിലാണ് ഇത് ലഭ്യമാകുക. ഈ തുകയായിരുന്നു ഭാര്യയുടെയും കാമുകന്റെയും ലക്ഷ്യം. സുമയും ഡോംബറും ചേർന്ന് മരുന്നിലൂടെ വിഷം നൽകുകയും ഉറക്കഗുളികകൾ നൽകുകയും ചെയ്തതായി പറയപ്പെടുന്നു.
സംഭവത്തിൽ ഒമ്പത്പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മാർച്ച് 13-നാണ് സന്ദീപിന് ബൈക്ക് അപകടമുണ്ടായത്. തുടർന്ന് ഹുക്കേരി സർക്കാർ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചു. പിന്നീട് ഭാര്യ സുമ മുൻകൈ എടുത്ത് അദ്ദേഹത്തെ ഘട്ടപ്രഭയിലെ ജെ ജി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മാർച്ച് 15-നാണ് സന്ദീപ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. പോസ്റ്റ്മോർട്ടം പരിശോധനയ്ക്കായി സന്ദീപിന്റെ മൃതദേഹം ബിഐഎംഎസ് ആശുപത്രിയിലേക്ക് അയച്ചു, പ്രാഥമിക ഫോറൻസിക് റിപ്പോർട്ടുകൾ പ്രകാരം മരണം ഹൃദയാഘാതം മൂലമാണെന്നും സ്ഥിരീകരിച്ചു. എന്നാൽ അപകടത്തിൽ കാര്യമായ പരിക്കുകൾ ഇല്ലാതെ ആരോഗ്യവാനായിരിക്കുമ്പോൾ മരണത്തിന് കീഴടങ്ങിയത് സംശയമുളവാക്കി. തുടർന്നുള്ള അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുൾ അഴിഞ്ഞത്. കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.









0 comments