ad
Deshabhimani

'അപാരബുദ്ധി തന്നെ, മറ്റ് ആപ്പുകൾ തുറന്നുവെച്ച് ടെലിഗ്രാം പൂട്ടി'; കേന്ദ്ര സർക്കാരിനെതിരെ ട്രോൾമഴ

telegram meme.
വെബ് ഡെസ്ക്

Published on Jun 16, 2026, 02:40 PM | 2 min read

ന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായി കേന്ദ്രസർക്കാർ ടെലിഗ്രാമിന് താൽക്കാലിക വിലക്കേർപ്പെടുത്തിയ വാർത്തയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ചിരിയുണർത്തി ട്രോളന്മാർ. ചോദ്യപ്പേപ്പർ ചോർച്ച തടയാൻ മെസ്സേജിങ് ആപ്പായ ടെലിഗ്രാം പൂട്ടിയ നടപടിയെ പരിഹസിച്ചുകൊണ്ടുള്ള മീമുകളാണ് ഇപ്പോൾ എക്സ് അടക്കമുള്ള പ്ലാറ്റ്‌ഫോമുകളിൽ തരംഗമാകുന്നത്.


വാട്സാപ്പും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും രാജ്യത്ത് യാതൊരു തടസ്സവുമില്ലാതെ പ്രവർത്തിക്കുമ്പോൾ ടെലിഗ്രാം മാത്രം നിരോധിച്ചതുകൊണ്ട് എന്ത് പ്രയോജനമെന്നാണ് ഭൂരിഭാഗം പേരും ചോദിക്കുന്നത്. മുൻവാതിൽ പൂട്ടിയ ശേഷം ബാക്കി ജനലുകളും പിൻവാതിലുമെല്ലാം തുറന്നിട്ടിരിക്കുന്ന അവസ്ഥയാണ് ഇതെന്നാണ് ട്രോളന്മാരുടെ കണ്ടെത്തൽ. ഇതിനിടയിൽ ടെലിഗ്രാം നിരോധിച്ച വിവരം സ്വന്തം ടെലിഗ്രാം ചാനലിലൂടെ തന്നെ അറിഞ്ഞവരും ഈ കൂട്ടത്തിലുണ്ട്.



പല ഉപയോക്താക്കളും രാജ്യത്ത് ടെലിഗ്രാം നിരോധിക്കാൻ പോകുന്നു എന്ന വാർത്ത ആദ്യം വായിച്ചതും അറിഞ്ഞതും ടെലിഗ്രാമിലെ വിവിധ ന്യൂസ് ചാനലുകളിലൂടെ തന്നെയാണ് എന്നതാണ്! "ടെലിഗ്രാം ബാൻ ചെയ്യാൻ പോകുന്ന വിവരം ഞാൻ ടെലിഗ്രാമിൽ ഇരുന്ന് വായിക്കുന്നു" എന്ന അടിക്കുറിപ്പോടെയുള്ള സിനിമ കോമഡി രംഗങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്.


സർക്കാർ ടെലിഗ്രാം നിരോധിച്ചപ്പോൾ, വാട്സാപ്പ് ഇപ്പോഴും സുഗമമായി പ്രവർത്തിക്കുന്നതിൽ ആശ്വസിക്കുന്ന 'ചോദ്യപ്പേപ്പർ ചോർത്തൽ സംഘങ്ങളുടെ' മീം ആണ് മറ്റൊന്ന്.



തട്ടിപ്പ് സംഘങ്ങൾ പരീക്ഷയ്ക്ക് ശേഷം വ്യാജ തെളിവുകൾ ഉണ്ടാക്കാൻ ടെലിഗ്രാമിലെ മെസ്സേജ് എഡിറ്റിംഗ് ഫീച്ചർ ദുരുപയോഗം ചെയ്യുന്നത് തടയാൻ ജൂൺ 30 വരെ ഈ ഫീച്ചറിനും എൻടിഎ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ജൂൺ 21-ലെ നീറ്റ് റീ-ടെസ്റ്റിന്റെ സുരക്ഷിതത്വം മുൻനിർത്തി ഐടി ആക്ട് പ്രകാരമാണ് മന്ത്രാലയം താൽക്കാലിക നടപടികൾ സ്വീകരിച്ചതെങ്കിലും, പരീക്ഷാ ക്രമക്കേടുകൾക്ക് ശാശ്വത പരിഹാരം കാണാതെ ആപ്പുകൾ നിരോധിക്കുന്നതിനെതിരെ കടുത്ത വിമർശനവും പരിഹാസവുമാണ് ഓൺലൈനിൽ ഉയരുന്നത്.


കഴിഞ്ഞ മെയ് 3-ന് നടന്ന നീറ്റ് യുജി പരീക്ഷയുടെ ചോദ്യപ്പേപ്പർ വ്യാപകമായി ചോർന്നതിനെ തുടർന്നാണ് പരീക്ഷ റദ്ദാക്കിയത്. 22 ലക്ഷത്തോളം വിദ്യാർത്ഥികൾ എഴുതിയ പരീക്ഷ റദ്ദാക്കിയതിനെത്തുടർന്ന് കടുത്ത നിരാശയിലായ വിദ്യാർത്ഥികൾ രാജ്യത്ത് പലയിടത്തും ആത്മഹത്യ ചെയ്യുന്ന സാഹചര്യവുമുണ്ടായി. പരീക്ഷാ അഴിമതിയുടെ ഉത്തരവാദിത്തം നിശ്ചയിച്ച് എൻടിഎ പിരിച്ചുവിടണമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഉടനടി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് രാജ്യവ്യാപകമായി കടുത്ത വിദ്യാർത്ഥി പ്രക്ഷോഭങ്ങളും മാർച്ചുകളും ഇപ്പോഴും തുടരുകയാണ്.


പരീക്ഷാ നടത്തിപ്പിലെ സുരക്ഷാ വീഴ്ചകൾ പരിഹരിക്കുന്നതിന് പകരം, ജൂൺ 21-ലെ പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ജൂൺ 22 വരെ ടെലിഗ്രാം ആപ്പ് താൽക്കാലികമായി നിരോധിച്ച കേന്ദ്ര നടപടിയാണ് ഇപ്പോൾ ട്രോളുകൾക്ക് വഴിവെച്ചിരിക്കുന്നത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home