വയനാട്ടിൽ വയോധികയെ കൊലപ്പെടുത്തിയ 16കാരൻ അറസ്റ്റിൽ; നിരന്തരം ശല്യക്കാരനെന്ന് പരാതി

കൊല്ലപ്പെട്ട ഫാത്തിമ
കൽപ്പറ്റ: വയനാട്ടിൽ വയോധികയെ കൊലപ്പെടുത്തിയ 16 കാരൻ അറസ്റ്റിൽ. കമ്പളക്കാട് കോട്ടത്തറ വൈപ്പടിയിൽ തനിച്ചു താമസിച്ചു വന്നിരുന്ന കുത്തിനി വീട്ടിൽ ഫാത്തിമയാണ് (85) ദാരുണമായി കൊല്ലപ്പെട്ടത്. മെയ് 24 നാണ് ഫാത്തിമയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഫോട്ടോഗ്രഫറായ കുത്തിനി ഉസ്മാന്റെ മാതാവാണ് ഫാത്തിമ.
പണം നൽകാത്തതിന്റെ പേരിലാണ് കൊലപാതകമെന്നാണ് വിവരം. പണം ലഭിക്കാതെ വന്നതോടെ വയോധികയെ അതിക്രൂരമായി മർദ്ദിക്കുകയും കഴുത്തിൽ വള്ളിചുറ്റി വരിഞ്ഞു മുറുക്കിയാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. മൃതദേഹം വയനാട് ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയതോടെയാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. കഴുത്തിലെ എല്ലുകൾക്കും ഇടതു വാരിയെല്ലുകൾക്കും പൊട്ടലുണ്ടായിരുന്നു. ശരീരത്തിലെ പല ഭാഗങ്ങൾക്കും പരിക്കുകളും ഉണ്ടായിരുന്നു. വിരലടയാള വിദഗ്‌ധർ, ഡോഗ് സ്ക്വാഡ്, പൊലീസിലെ മറ്റു വിഭാഗങ്ങളെല്ലാം ചേർന്ന് നടത്തിയ ശാസ്ത്രീയമായ അന്വേഷണമാണ് 16കാരന്റെ ക്രൂരതയിലേയ്ക്ക് എത്തിച്ചേർന്നത്.
സംഭവത്തിൽ പ്രതിയായ 16 കാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപിൽ ഹാജരാക്കി. മോഷണം, സ്ത്രീകൾക്ക് ബുദ്ധിമുട്ടുണ്ടാക്കൽ, പണം ആവശ്യപ്പെട്ട് പ്രായമായ സ്ത്രീകളെ ഉപദ്രവിക്കുക തുടങ്ങി നിരന്തരം പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നയാളാണ് 16 കാരനെന്നും നിരന്തരം ശല്യക്കാരനാണെന്നും പൊലീസ് പറഞ്ഞു. ഇതിനു മുൻപും 16 കാരനെതിരെ നിരന്തരം പരാതി നൽകിയിട്ടുണ്ടെന്നാണ് വിവരം. 2025 ഫെബ്രുവരിയിലും 2026 ജനുവരിയിലുമായി രണ്ടുതവണ കുട്ടിക്കെതിരേ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുൻപാകെ പൊലീസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.










0 comments