'ഗെറ്റോ കിഡ്സ്' ഇനി വേറെ ലെവൽ; ഷക്കീറ വിളിച്ചു, കുട്ടി ഡാൻസേഴ്സ് അമേരിക്കയിലേക്ക്
ഫുട്ബോൾ ലോകകപ്പ് ഫൈനലിന്റെ ഹാഫ് ടൈം ഷോയിൽ പങ്കെടുക്കാൻ ഉഗാണ്ടയിലെ കുറച്ച് കുട്ടി നർത്തകർ തയാറെടുക്കുകയാണ്. പോപ് ഗായിക ഷക്കീറയ്ക്കൊപ്പമാണ് കുട്ടിക്കൂട്ടം ലോകകപ്പ് വേദിയിലെത്തുക. ജൂലൈ 19ന് ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പ് ഫൈനലിന്റെ ഹാഫ്‌ടൈം ഷോയിൽ തന്നോടൊപ്പം പങ്കെടുക്കാൻ ഉഗാണ്ടൻ നൃത്ത സംഘമായ 'ഗെറ്റോ കിഡ്‌സിനെ' (Ghetto Kids) ഷക്കീറയാണ് ക്ഷണിച്ചത്.
ലോകകപ്പ് ടൂർണമെന്റിന്റെ ചരിത്രത്തിലെ ആദ്യത്തെ സൂപ്പർ ബൗൾ ശൈലിയിലുള്ള (Super Bowl-style) ഹാഫ് ടൈം ഷോയാണ് നടക്കാൻ ഒരുങ്ങുന്നത്. നൈജീരിയൻ ഗായകൻ ബർണ ബോയ്‌ക്കൊപ്പം ഷക്കീറ റെക്കോർഡുചെയ്‌ത 2026 ലോകകപ്പിന്റെ ഔദ്യോഗിക തീം സോങ്ങായ 'ഡായ് ഡായ്' (Dai Dai) എന്ന ഗാനത്തിന് ഗെറ്റോ കിഡ്‌സ് ചെയ്ത നൃത്ത വീഡിയോ കണ്ടാണ് ഷക്കീറ ഇവരെ തെരഞ്ഞെടുത്തത്. ഈ ഗാനത്തിൽ ഷക്കീറയ്ക്കൊപ്പം കുട്ടികൾ ചുവടുവച്ച വീഡിയോ വലിയ ശ്രദ്ധ നേടിയിരുന്നു.
ഉഗാണ്ടയുടെ തലസ്ഥാനമായ കമ്പാലയിലെ കാറ്റ്വെ എന്ന ടൗൺഷിപ്പിലെ തെരുവുകളിൽ നൃത്തം ചെയ്താണ് ഈ കുട്ടി ഡാൻസ് ഗ്രൂപ്പിന്റെ തുടക്കം. 2013ൽ രൂപീകൃതമായ ഈ ഗ്രൂപ്പിൽ നിലവിൽ ഏകദേശം 60 അംഗങ്ങളുണ്ട്. ഗ്രൂപ്പിലെ ഭൂരിഭാഗം പേരും അനാഥരും, കടുത്ത ദാരിദ്ര്യം അനുഭവിച്ചിരുന്നവരും, തെരുവിൽ വളർന്നവരുമാണ്. പരസ്പരം ഒരു കുടുംബം പോലെയാണ് ഇവർ കഴിയുന്നത്.
മൊറോക്കോയിലെ കോൺഫെഡറേഷൻ ഓഫ് ആഫ്രിക്കൻ ഫുട്‌ബോൾ അവാർഡുകൾ, 'ബ്രിട്ടൻസ് ഗോട്ട് ടാലന്റ്' ടിവി ഷോ, 2022ലെ ഖത്തർ ലോകകപ്പ് എന്നിവയിൽ ഇവർ ഇതിനകം പ്രകടനം നടത്തിയിട്ടുണ്ട്. ഈ കുട്ടിക്കൂട്ടത്തിന്റെ വരുമാന മാർഗ്ഗം കൂടിയാണ് നൃത്തം. പ്രകടനങ്ങളിൽ നിന്ന് ലഭിക്കുന്ന തുക ഇവരുടെ സ്കൂൾ ഫീസ്, വസ്ത്രം, ചികിത്സ, ദൈനംദിന ചെലവുകൾ എന്നിവയ്ക്കാണ് ഉപയോഗിക്കുന്നത്.
ഉഗാണ്ടയിലും അയൽരാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലും എബോള ഭീതിയുയുള്ളതിനാൽ യുഎസിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണങ്ങൾ ഉണ്ടായേക്കുമെന്ന ഭീതിയുണ്ട്. എങ്കിലും പ്രത്യാശയോടെയാണ് ഷക്കീറയുടെ ക്ഷണത്തെ ഗ്രൂപ്പ് കാണുന്നത്.
ലോകകപ്പ് സംഗീതവുമായി ഏറ്റവും കൂടുതൽ ബന്ധമുള്ള കലാകാരിയാണ് ഷക്കീറ. 2010-ൽ ദക്ഷിണാഫ്രിക്കൻ ബാൻഡായ ഫ്രഷ്‌ലിഗ്രൗണ്ടിനൊപ്പം അവർ പാടിയ 'വക വക' (Waka Waka) ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഗാനങ്ങളിൽ ഒന്നാണ്. ഇപ്പോൾ 16 വർഷങ്ങൾക്ക് ശേഷം പുറത്തിറക്കിയ 'ഡായ് ഡായ്' ലോകകപ്പിന്റെ താളത്തിനൊപ്പം ആരാധകർ നെഞ്ചേറ്റിക്കഴിഞ്ഞു.










0 comments