ad
Deshabhimani

ടെലിഗ്രാം നിരോധനം വിഡ്ഢിത്തം, എൻടിഎയുടെ കഴിവുകേട് മറയ്ക്കാനുള്ള നാടകം: സാർത്ഥക് സിദ്ധാന്ത്

sarthak sidhant

സാർത്ഥക് സിദ്ധാന്ത്

വെബ് ഡെസ്ക്

Published on Jun 16, 2026, 04:38 PM | 2 min read

ന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായി രാജ്യത്ത് ടെലിഗ്രാം ആപ്പ് താൽക്കാലികമായി നിരോധിച്ച കേന്ദ്ര സർക്കാർ നടപടി തികച്ചും വിഡ്ഢിത്തമാണെന്ന് സിബിഎസ്ഇ ഡിജിറ്റൽ മൂല്യനിർണ്ണയത്തിലെ ക്രമക്കേടുകൾ പുറത്തുകൊണ്ടുവന്ന വിദ്യാർഥി സാർത്ഥക് സിദ്ധാന്ത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ പരാജയവും കഴിവുകേടും മറച്ചുവെക്കാനാണ് രാജ്യം മുഴുവൻ ആപ്പ് നിരോധിച്ചതെന്ന് സാർത്ഥക് കുറ്റപ്പെടുത്തി.


സിബിഎസ്ഇയുടെ ഓൺ-സ്ക്രീൻ മാർക്കിംഗ് സിസ്റ്റത്തിലെയും ടെൻഡർ രേഖകളിലെയും ക്രമക്കേടുകൾ ഡിജിറ്റൽ വിശകലനത്തിലൂടെ പുറത്തുകൊണ്ടുവരികയും, ഇത് പാർലമെന്ററി വിദ്യാഭ്യാസ സമിതിക്ക് മുന്നിൽ സമർപ്പിക്കുകയും ചെയ്ത് ശ്രദ്ധേയനായ റാഞ്ചി സ്വദേശിയായ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയാണ് സാർത്ഥക് സിദ്ധാന്ത്.


'എൻടിഎയുടെ കഴിവുകേട് കാരണം രാജ്യം മുഴുവൻ ടെലിഗ്രാം ബ്ലോക്ക് ചെയ്യുന്നത് ഒട്ടും ശരിയായ നടപടിയല്ല. ലക്ഷക്കണക്കിന് അധ്യാപകരും മറ്റ് പ്രൊഫഷണലുകളും വിദ്യാഭ്യാസ ആവശ്യങ്ങൾക്കും റിസോഴ്സുകൾ പങ്കുവെക്കാനും ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമാണിത്. ഇതുകൂടാതെ സുരക്ഷിതമായ ആശയവിനിമയം, മീഡിയ ഉപഭോഗം, ബിസിനസ്സുകൾക്കും സാങ്കേതിക പ്രോജക്റ്റുകൾക്കുമായി ഓട്ടോമേറ്റഡ് ബോട്ടുകൾ നിർമ്മിക്കുന്നതിനുള്ള ടെലിഗ്രാം എപിഐ (Application Programming Interface) ഉപയോഗം എന്നിവയ്ക്കായി വലിയൊരു വിഭാഗം ഈ ആപ്പിനെ ആശ്രയിക്കുന്നുണ്ട്. നിരോധനം ഇവരെയെല്ലാം വലിയ രീതിയിൽ ബാധിക്കും.'- സാർത്ഥക് സിദ്ധാന്ത് പറഞ്ഞു.


ജൂൺ 21-ന് നടക്കാനിരിക്കുന്ന നീറ്റ് യുജി പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ടെലിഗ്രാമിന് താൽക്കാലിക വിലക്കേർപ്പെടുത്തിയ കേന്ദ്ര തീരുമാനത്തെ എൻടിഎ പൂർണ്ണമായി സ്വാഗതം ചെയ്തതിന് പിന്നാലെയാണ് സാർത്ഥകിന്റെ പ്രതികരണം.


കഴിഞ്ഞ മെയ് മാസം നടന്ന യഥാർത്ഥ നീറ്റ് പരീക്ഷയുടെ ചോദ്യപ്പേപ്പറുകൾ പരീക്ഷാ ബോർഡിനുള്ളിലെ ആളുകളുടെ സഹായത്തോടെ ചോർത്തിയതിനെത്തുടർന്നാണ് പരീക്ഷ റദ്ദാക്കിയത്. തുടർന്ന് രാജ്യമെമ്പാടും വലയ രീതിയിലുള്ള പ്രതിഷേധങ്ങൾ നടന്നിരുന്നു. ഇതിനിടെ പരീക്ഷ റദ്ദാക്കിയതിൽ കടുത്ത മാനസിക സമ്മർദത്തിലായ നിരവധി വിദ്യാർഥികൾ ആത്മഹത്യ ചെയ്യുകയും ചെയ്തു.


ജൂൺ 22 വരെയാണ് കേന്ദ്ര ഐടി മന്ത്രാലയം ഇന്ത്യയിൽ ടെലിഗ്രാമിന് താൽക്കാലിക വിലക്കേർപ്പെടുത്തിയത്. പരീക്ഷയ്ക്ക് ശേഷം വ്യാജ തെളിവുകൾ ചമയ്ക്കാൻ ടെലിഗ്രാമിലെ മെസ്സേജ് എഡിറ്റിംഗ് ഫീച്ചർ ദുരുപയോഗം ചെയ്യുന്നത് തടയാൻ ജൂൺ 30 വരെ ഈ ഫീച്ചറിനും നാഷണൽ ടെസ്റ്റിംഗ് ഏജൻസി നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്.


എന്നാൽ പരീക്ഷാ ക്രമക്കേടുകൾക്ക് ശാശ്വത പരിഹാരം കാണാതെ ആപ്പ് നിരോധിച്ച കേന്ദ്ര നടപടിയെ പരിഹസിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ വിമർശനങ്ങളും ട്രോളുകളും ഉയരുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home