ഭർത്താവിനൊപ്പം അവധി ആഘോഷിക്കാനെത്തി; ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ

പ്രതീകാത്മക ചിത്രം
മസൂറി: ഭർത്താവിനൊപ്പം അവധിക്കാലം ആഘോഷിക്കാൻ ഉത്തരാഖണ്ഡിലെത്തിയ 27 കാരിയായ സോഫ്റ്റ്‌വെയർ എഞ്ചിനീയറെ ഹോംസ്റ്റേ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കിഴക്കൻ ഡൽഹിയിലെ ഷക്കർപൂർ സ്വദേശിനിയും ഗുരുഗ്രാമിലെ ഐടി കമ്പനി ജീവനക്കാരിയുമായ രാധ ഗായത്രിയാണ് മരിച്ചത്. മസൂറി-ധനോൾട്ടി റോഡിലെ ഒരു ഹോംസ്റ്റേയിലായിരുന്നു സംഭവം. യുവതിയുടെ മരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ നവംബറിലായിരുന്നു രാധ ഗായത്രിയുടെയും പൂനെയിൽ ജോലി ചെയ്യുന്ന സൗമ്യ ശ്രീചരണിന്റെയും വിവാഹം. ജൂൺ 13-ന് ഡൽഹിയിൽ നിന്ന് തിരിച്ച ദമ്പതികൾ ഋഷികേശ് സന്ദർശിച്ച ശേഷമാണ് മസൂറിയിലെത്തിയത്. ജൂൺ 14-ന് രാത്രി 11.30 ഓടെയാണ് ഇവർ കിയാന തിപ്രിധാർ പ്രദേശത്തെ ഹോംസ്റ്റേയിൽ മുറിയെടുത്തത്.
തിങ്കളാഴ്ച രാവിലെയാണ് സംഭവം പുറംലോകം അറിയുന്നത്. രാവിലെ ഉണർന്നപ്പോൾ ഭാര്യ അബോധാവസ്ഥയിലാണെന്ന് ഭർത്താവ് സൗമ്യ ശ്രീചരൺ ഹോംസ്റ്റേ അധികൃതരെ അറിയിക്കുകയായിരുന്നു. ഈ സമയത്ത് യുവതിയുടെ മൂക്കിൽ നിന്നും രക്തം വന്നിരുന്നതായും ഭർത്താവ് പൊലീസിനോട് പറഞ്ഞു. തുടർന്ന് ഹോംസ്റ്റേ ജീവനക്കാരാണ് വിവരം പൊലീസിൽ അറിയിച്ചത്. ഉറങ്ങുന്നതിന് മുൻപ് ഇരുവരും മുറിയിൽ വെച്ച് മദ്യപിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
"ഫോറൻസിക് സംഘം സ്ഥലത്തെത്തി മുറിയിൽ നിന്ന് ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. കേസിൽ എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ട്. മരണകാരണം വ്യക്തമാകണമെങ്കിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ഫോറൻസിക് ഫലങ്ങളും പുറത്തുവരേണ്ടതുണ്ട്"— അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.










0 comments