ad
Deshabhimani

മഴക്കാല പൂർവ ശുചീകരണം മുടങ്ങിയത് പകർച്ചവ്യാധി വർധിക്കാൻ കാരണമായി: തുറന്ന് സമ്മതിച്ച് ആരോഗ്യമന്ത്രി

k muraleedharan

Photo Credit:Social Media

വെബ് ഡെസ്ക്

Published on Jun 16, 2026, 01:57 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗല്ല രോഗബാധയും പകർച്ചവ്യാധികളും വൻതോതിൽ വർധിച്ചുവരുന്നതായി ആരോഗ്യമന്ത്രി കെ മുരളീധരൻ. ഈ മാസം മാത്രം കേരളത്തിൽ 70 ഷിഗല്ല കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ഈ വർഷം ഇതുവരെ സംസ്ഥാനത്ത് സ്ഥിരീകരിച്ച ആകെ ഷിഗല്ല കേസുകളുടെ എണ്ണം 146 ആയി ഉയർന്നു. രോഗബാധയെത്തുടർന്ന് ഇതിനകം അഞ്ച് മരണങ്ങളാണ്‌ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിലാണ് ഷിഗല്ല മൂലമുള്ള മരണങ്ങൾ സംഭവിച്ചതെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.


മഴക്കാല പൂർവ ശുചീകരണം മുടങ്ങിയത് പകർച്ചവ്യാധി വർധിക്കാൻ കാരണമായി. പകർച്ചവ്യാധികളെ ചെറുക്കുന്നതിനും ശുചീകരണ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും പൊതുജനങ്ങൾക്കും ഒരുപോലെ പങ്കുണ്ടെന്നും മന്ത്രി പറഞ്ഞു.എല്ലാവരും ഒരുമിച്ച് വിചാരിച്ചാൽ മാത്രമേ നിലവിലെ രോഗവ്യാപനം ഫലപ്രദമായി തടയാൻ സാധിക്കൂ. രോഗബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തുടനീളം പരിശോധനകൾ കൂടുതൽ വിപുലമാക്കാൻ ആരോഗ്യവകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ട്-അദ്ദേഹം അറിയിച്ചു


രോഗം വ്യാപിക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഈ മേഖലയിലെ വിദഗ്ധരെ ഉൾപ്പെടുത്തി രോഗാവസ്ഥയെക്കുറിച്ചും അത് തടയാനുള്ള പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചും വിശദമായ പഠനം നടത്തും. ഇതിന് പുറമെ, മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യ രോഗങ്ങളെക്കുറിച്ചും പ്രത്യേക പരിശോധനകൾ നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്.


പകർച്ചവ്യാധികൾ കൃത്യമായി നിയന്ത്രിക്കുന്നതിനായി സംസ്ഥാന തലത്തിൽ ഡോ എസ് എസ് ലാൽ ചെയർമാനായ വിദഗ്ധ ഹൈപവർ കമ്മിറ്റി രൂപീകരിക്കാൻ യോഗത്തിൽ ധാരണയായിട്ടുണ്ട്. ഇതിന് പുറമെ, പ്രാദേശിക തലത്തിലുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജില്ലാ തലങ്ങളിൽ പ്രത്യേക 'ഔട്ട്ബ്രേക്കിങ് കമ്മിറ്റികളും' രൂപീകരിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home