330 കോടി ക്ലബ്ബിൽ 'ദൃശ്യം 3'; ചരിത്രം കുറിച്ചുള്ള യാത്ര തുടരുന്നുവെന്ന് മോഹൻലാൽ

ആന്റണി പെരുമ്പാവൂർ, മോഹൻലാൽ, ജീത്തു ജോസഫ്
തിരുവനന്തപുരം : മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'ദൃശ്യം 3' ബോക്സ് ഓഫീസിൽ വൻ വിജയം നേടി മുന്നേറുന്നു. ചിത്രം ഇതിനകം 330 കോടി രൂപയുടെ കളക്ഷൻ സ്വന്തമാക്കിയതായി നടൻ മോഹൻലാൽ അറിയിച്ചു. ബോക്സ് ഓഫീസ് കളക്ഷന് പുറമെ ഒടിടി സാറ്റലൈറ്റ് ബിസിനസ് എന്നിവ ഉൾപ്പെടെയുള്ള വരുമാനമാണിത്. മെയ് 21ന് പുറത്തിറങ്ങിയ ചിത്രം 30 ദിവസത്തിലേക്ക് കടക്കുമ്പോഴാണ് ഈ നേട്ടം കൈവരിച്ചത്.
തലമുറകൾ കൈമാറിയത്. കേരളത്തിൽ നിന്നാരംഭിച്ച കഥ ഭാഷകളും അതിരുകളും കടന്ന് സഞ്ചരിച്ചു. 13 വർഷങ്ങൾക്കും മൂന്ന് അധ്യായങ്ങൾക്കും അപ്പുറം ചരിത്രം സൃഷ്ടിച്ച് സിനിമ യാത്ര തുടരുന്നു. നിങ്ങൾ സ്വന്തമായി ഏറ്റെടുത്തതിന് നന്ദി, എന്ന് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. മോഹൻലാലിനൊപ്പം നിർമാതാവ് ആന്റണി പെരുമ്പാവൂർ, സംവിധായകൻ ജീത്തു ജോസഫ് എന്നിവരും ഈ നേട്ടത്തിൽ സന്തോഷം പങ്കുവെച്ചു.
'ദൃശ്യം 3'-ന്റെ ഒടിടി സ്ട്രീമിങ് വിവരങ്ങളും പുറത്തുവന്നു. ജൂൺ 18ന് ചിത്രം ഒടിടിയിൽ റിലീസ് ചെയ്യും. തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം ലഭ്യമാകും. 2013ലാണ് മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ 'ദൃശ്യം' പുറത്തിറങ്ങിയത്. പ്രേക്ഷകരുടെ വലിയ പിന്തുണയോടെ വിവിധ ഭാഷകളിലേക്ക് ഈ ചിത്രം റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു. 2021ൽ കോവിഡ് കാലത്താണ് 'ദൃശ്യം 2' നേരിട്ട് ഒടിടി വഴി റിലീസ് ചെയ്തത്. തിയേറ്ററുകളിൽ റിലീസ് ചെയ്തില്ലെങ്കിലും വൻ വിജയമാണ് ചിത്രം നേടിയത്.
ആന്റണി പെരുമ്പാവൂരിന്റെ നിർമാണത്തിൽ മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ഈ ചിത്രം, ദൃശ്യം പരമ്പരയിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറുകയാണ്. ദൃശ്യം' പരമ്പരയിലെ എല്ലാ ചിത്രങ്ങളും നിർമ്മിച്ചത് ആശീർവാദ് സിനിമാസാണ്.
റിലീസ് ചെയ്ത് വെറും 3 ദിവസങ്ങൾക്കുള്ളിൽ തന്നെ ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് 100 കോടി നേടിയിരുന്നു. വെറും 58 മണിക്കൂർ കൊണ്ടാണ് ചിത്രം ഈ ചരിത്ര നേട്ടം കൈവരിച്ചത്. മലയാള സിനിമയിൽ ദൃശ്യം ഫ്രാഞ്ചൈസിക്ക് ഉള്ളത്ര മറുഭാഷാ ആരാധകർ മറ്റൊരു ചിത്രത്തിനും അവകാശപ്പെടാനില്ല. മലയാളത്തിൽ ഏറ്റവും വേഗത്തിൽ 100 കോടി ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ ചിത്രമെന്ന റെക്കോഡും ദൃശ്യം 3 സ്വന്തമാക്കി. രണ്ട് ദിവസം കൊണ്ട് 100 കോടി തികച്ച മോഹൻലാലിന്റെ തന്നെ 'എമ്പുരാൻ' ആണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്.










0 comments