യുഡിഎഫ് നേരിടാൻ പോകുന്നത് വൻ പരാജയം: എം സ്വരാജ്

ചാവക്കാട്: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ വൻ പരാജയത്തെക്കാൾ ആഴമേറിയതായിരിക്കും ഈ തെരഞ്ഞെടുപ്പിലെ യുഡിഎഫ് പരാജയം എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ്. ചാവക്കാട് ചത്ത്വരത്തിൽ കെ പി വത്സലൻ അനുസ്മരണ സമ്മേളനവും റാലിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന യുഡിഎഫ് അവകാശവാദം 2021ന് സമാനമായതാണ്. അന്ന് കോൺഗ്രസും മനോരമയും രണ്ടര വർഷം വീതം ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും മുഖ്യമന്ത്രി സ്ഥാനം കൽപ്പിച്ച് നൽകിയതാണ്. പക്ഷേ, തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ എന്തായി എന്നത് മാധ്യമങ്ങളും കോൺഗ്രസും വ്യക്തമാക്കേണ്ടതുണ്ട്.
നാടിന് അനുഭവമായ നേട്ടങ്ങൾക്ക് നേതൃത്വം നൽകിയ എൽഡിഎഫിന് തുടർഭരണം നൽകാൻ നാട് തീരുമാനിച്ചു കഴിഞ്ഞു. ഒരേസമയം വൻകിട പദ്ധതികളും അടിസ്ഥാന വിഭാഗങ്ങളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തിയ സർക്കാരിന് ഭരണം നൽകാനാണ് ജനം തീരുമാനിച്ചിട്ടുള്ളത്. കോൺഗ്രസിന് വേണ്ടി വോട്ട് ചോദിക്കുമ്പോൾ അവർ അധികാരത്തിൽ എത്തിയാൽ പെൻഷൻ ഇല്ലാതാകും എന്നറിയുന്നവരാണ് ഈ നാട്ടുകാർ. വർഗീയ കാലാപങ്ങളുടെ നാടായി മാറും ഈ നാട് എന്നും അവർക്കറിയാം. വർഗീയവാദികളുടെ മുന്നിൽ മുട്ടുമടക്കാത്ത 10 വർഷം ജനങ്ങളുടെ മനസ്സിലുണ്ട്. ആ ഭരണനേതൃത്വത്തെയാണ് അവർ വിശ്വസിക്കുന്നത്. കാപട്യത്തിന്റെ മൂർത്തരൂപങ്ങളായ കോൺഗ്രസിനെ ജനം വിശ്വസിക്കില്ല. ലോകോത്തര നിലവാരത്തിലേക്ക് വിദ്യാഭ്യാസ, ആരോഗ്യ, വ്യവസായ, പശ്ചാത്തല മേഖലകളെ ഉയർത്തിയ സർക്കാരിനെയാണ്, അതിന് നേതൃത്വം നൽകിയവരെയാണ് ജനം വിശ്വസിക്കുക എന്നും അദ്ദേഹം പറഞ്ഞു.
അനുസ്മരണ സമ്മേളനത്തിൽ എൻ കെ അക്ബർ എംഎൽഎ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ, ജില്ലാ സെക്രട്ടറിയറ്റ് അംഗം എം ബാലാജി, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി സുമേഷ്, എം കൃഷ്ണദാസ്, ടി ടി ശിവദാസ്, മഹിള അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഷീജ പ്രശാന്ത്, ചാവക്കാട് നഗരസഭാ ചെയർമാൻ എ എച്ച് അക്ബർ, ഗുരുവായൂർ നഗരസഭാ ചെയർപേഴ്സൺ സുനിത അരവിന്ദൻ, ഷൈനി ഷാജി, ടി വി സുരേന്ദ്രൻ, എം ആർ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.










0 comments